19 April Friday

കോൺഗ്രസ്‌ പുനഃസംഘടന ; ചുരുക്കം ബ്ലോക്കുകളിൽ ‘ചുരുക്കപ്പട്ടിക’

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


തിരുവനന്തപുരം
കോൺഗ്രസ്‌ പുനഃസംഘടനാ ഉപസമിതി മൂന്നുദിവസമായി യോഗം ചേർന്നെങ്കിലും ‘ചുരുക്കപ്പട്ടിക’യായത്‌ ചുരുക്കം സ്ഥാനങ്ങളിൽമാത്രം.  ജില്ലകളിൽ ചർച്ച ചെയ്ത്‌ അയച്ച ഒറ്റപ്പേര്‌ നിർദേശമുള്ള ബ്ലോക്കുകളുടെ പട്ടിക കെപിസിസിക്ക്‌ കൈമാറും. ഉപസമിതിയിലെ ഗ്രൂപ്പു പ്രതിനിധികൾ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ ശ്രമിച്ചതോടെ ബഹുഭൂരിപക്ഷം സ്ഥാനങ്ങളിലേക്കും മൂന്നുപേരുടെ പട്ടികതന്നെ തയ്യാറാക്കാൻ പറ്റാത്ത സ്ഥിതിയാണ്‌. 

ഡിസിസിമുതൽ താഴേക്ക്‌ ഭാരവാഹികളെ നിശ്ചയിക്കുന്നതിനാണ്‌ ഉപസമിതി യോഗം കഴിഞ്ഞ മൂന്നു ദിവസവും രാപകലില്ലാതെ പട്ടിക തയ്യാറാക്കാൻ ശ്രമിച്ചത്‌.  ആദ്യഘട്ട സൂക്ഷ്മപരിശോധന പൂർത്തിയാക്കാനായിട്ടില്ല. ജില്ലാതല പുനഃസംഘടനാസമിതി തർക്കം നീക്കി ജില്ലകളിൽനിന്ന് നൽകിയ പേരുകൾ മാത്രമേ അംഗീകരിക്കാനായുള്ളൂ.  ജില്ലകളിലെ പ്രധാന നേതാക്കൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുമായി ചർച്ച നടത്തിയിട്ടാകും അന്തിമപട്ടിക തയ്യാറാക്കൽ. കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ്, ജോസഫ് വാഴയ്ക്കൻ,  എം ലിജു, ടി സിദ്ദിഖ്, എ പി അനിൽകുമാർ, കെ ജയന്ത് എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
ഇരുപത്തഞ്ചിനകം അന്തിമപട്ടിക കെപിസിസിയുടെ അംഗീകാരത്തിന് സമർപ്പിക്കുമെന്നും 70 ബ്ലോക്കിൽ ഒറ്റപ്പേര്‌ കണ്ടെ

താനായി എന്നുമാണ്‌ ഉപസമിതിയിലെ ചിലരുടെ വാദം. 20ന്‌ വീണ്ടും യോഗം ചേരാനാണ്‌ ആലോചന. അതിനിടയിൽ ഉപസമിതി അംഗങ്ങൾ ജില്ലകളിൽ ചർച്ച നടത്തും.  ഒഴിവാക്കപ്പെടുന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രതിഷേധം പ്രതിസന്ധിയാണ്‌. ഡിസിസി ഭാരവാഹിത്വം നൽകാമെന്നു പറഞ്ഞാണ്‌ പല ബ്ലോക്ക്‌ പ്രസിഡന്റുമാരെയും നീക്കിയത്‌. ഗ്രൂപ്പ്‌ സമവാക്യം വച്ചാണ്‌ ഡിസിസി പുനഃസംഘടന എന്നതിനാൽ ഇവരിൽ പലർക്കും സ്ഥാനം കിട്ടാൻ സാധ്യതയില്ല. പ്രവർത്തനമികവാണ്‌ മാനദണ്ഡമെന്നു പറയുമ്പോഴും അത്‌ ആരാണ്‌ നിശ്ചയിക്കുന്നത്‌ എന്നാണ്‌ പുറത്തായ ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ ചോദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top