27 April Saturday

യുഡിഎഫ്‌ വിപുലീകരണം ; യാചനയ്ക്കുപിന്നിൽ പരാജയഭീതി

ദിനേശ്‌വർമUpdated: Wednesday May 17, 2023


തിരുവനന്തപുരം
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലം ദയനീയമാകുമെന്ന തിരിച്ചറിവിൽ, നടക്കാത്ത മുന്നണി വിപുലീകരണ സ്വപ്നവുമായി യുഡിഎഫ്‌. തങ്ങൾ കൃത്യമായ രാഷ്‌ട്രീയ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളതെന്നും കെട്ടുറപ്പുള്ള എൽഡിഎഫിൽ സന്തോഷപൂർവം മുന്നോട്ടുപോവുകയാണെന്നും പല പ്രാവശ്യം നയം വ്യക്തമാക്കിയതാണ്‌ കേരള കോൺഗ്രസ്‌ എം. എന്നാൽ, വീണ്ടും നാണംകെട്ട്‌ കോൺഗ്രസിന് അവർക്ക് മുന്നിൽ യാചിക്കേണ്ടിവന്നത്‌ പാർടിയിലെയും മുന്നണിയിലെയും സ്ഥിതിഗതികൾ ഗുണകരമല്ലെന്ന തിരിച്ചറിവിൽ.

കോൺഗ്രസ്‌ ആവശ്യം കേരള കോൺഗ്രസ്‌ നേതാക്കൾ വീണ്ടും തള്ളിയതോടെ ചില നേതാക്കളുടെ മാത്രം അഭ്യർഥനയായി മാറ്റി തടിതപ്പാനാണ്‌ ശ്രമം. എന്നാൽ, ഏതെങ്കിലും നേതാവിന്റെ മാത്രം അഭ്യർഥനയല്ല ഏറ്റവും ഒടുവിൽ കൽപ്പറ്റയിൽ ചേർന്ന കോൺഗ്രസ്‌ ലീഡേഴ്‌സ്‌ മീറ്റിൽ അടക്കം ചർച്ച ചെയ്ത്‌ തീരുമാനിച്ച പ്രകാരമാണ്‌ കെ സുധാകരനടക്കം ഇക്കാര്യം പരസ്യമായി പറഞ്ഞതെന്ന് വ്യക്തം.

കെപിസിസി ചിന്തൻ ശിബിര തീരുമാനപ്രകാരം കഴിഞ്ഞ ജൂലൈയിൽ കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക്‌ ക്ഷണിച്ചിരുന്നു. ചില മാധ്യമങ്ങളുടെ സഹായത്തോടെ വലിയ ചർച്ചയാക്കാൻ ശ്രമിച്ചെങ്കിലും ജോസ്‌ കെ മാണിയും റോഷി അഗസ്റ്റിനും നിസ്സംശയം മറുപടി നൽകി. തങ്ങളെ ആട്ടിപ്പായിച്ചവരാണ്‌ ഇപ്പോൾ ക്ഷണിക്കുന്നതെന്നും എൽഡിഎഫ്‌ വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും വ്യക്തമാക്കി. നവംബറിൽ വീണ്ടും കോൺഗ്രസ്‌ നേതാക്കൾ ഇതേ ആവശ്യവുമായി രംഗത്തുവന്നെങ്കിലും കേരള കോൺഗ്രസ്‌ മുൻ മറുപടി ആവർത്തിച്ചു.

കോൺഗ്രസിൽ എംപിമാരിൽ പകുതിയിലധികം പേരും ഇനി മത്സരിക്കാനില്ലെന്ന നിലപാടിലാണ്‌. കെ മുരളീധരനും ടി എൻ പ്രതാപനും അടക്കം പലരും ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. പാർലമെന്റിൽ ബിജെപിയെ നേരിടാനോ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിക്കാനോ ആവശ്യമായവ നേടിയെടുക്കാനുള്ള ശ്രമം നടത്താനോ യുഡിഎഫ്‌ എംപി മാർ തയ്യാറായിട്ടില്ല. ഇത്‌ രണ്ടും വീണ്ടും ജനവിധി നേടുന്നതിന്‌ തടസ്സമാണ്‌. കർണാടകത്തിൽ ബിജെപിക്കെതിരായ ശക്തമായ ജനവികാരത്തിന്റെ കുത്തൊഴുക്കിൽ കോൺഗ്രസ്‌ നേട്ടമുണ്ടാക്കിയെങ്കിലും കേരളത്തിൽ യുഡിഎഫിന്‌ എതിരായ സാഹചര്യത്തിൽ കാര്യമായ മാറ്റമില്ലെന്ന ബോധ്യവും കോൺഗ്രസ്‌ നേതാക്കളെ വേട്ടയാടുന്നുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top