19 April Friday
പ്രതിനിധി സമ്മേളനം നാളെ തുടങ്ങും

കെഎസ്‌കെടിയു സംസ്ഥാന 
സമ്മേളനത്തിന്‌ ഇന്ന്‌ കൊടി ഉയരും

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


പാലക്കാട്‌
കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ 22–--ാമത്‌ സംസ്ഥാന സമ്മേളനത്തിന്‌ ബുധനാഴ്ച തുടക്കമാകും. ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ ബി രാഘവൻ നഗറിൽ (വലിയ കോട്ടമൈതാനം) സ്വാഗതസംഘം ചെയർമാൻ സി കെ രാജേന്ദ്രൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ബുധൻ രാവിലെ 10ന്‌ ടി ചാത്തു നഗറിൽ (പാലക്കാട്‌ പ്രസന്നലക്ഷ്‌മി കല്യാണമണ്ഡപം) ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

ഇരുപതുവരെ നീളുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 518 പ്രതിനിധികൾ പങ്കെടുക്കും. 22ന്‌ വൈകിട്ട്‌ ബി രാഘവൻ നഗറിൽ അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അതിന്‌ മുന്നോടിയായി വിക്ടോറിയ കോളേജ്‌ പരിസരത്തുനിന്ന്‌ 2000 തൊഴിൽസേനാ അംഗങ്ങളും 2500 വളന്റിയർമാരും അടങ്ങുന്ന പ്രകടനവുമുണ്ടാകും. 18, 19 തീയിതികളിൽ എ അയ്യപ്പൻ നഗറിൽ (ചെറിയ കോട്ടമൈതാനം) സെമിനാറും സാംസ്‌കാരിക സദസ്സും നടക്കും. സമ്മേളനത്തിന്‌ മുന്നോടിയായി അഞ്ച്‌ താലൂക്കുകളിൽ  സെമിനാർ നടന്നു.

സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കൊട്ടാരക്കരയിൽ ബി രാഘവന്റെ സ്‌മൃതിമണ്ഡപത്തിൽനിന്നും കൊടിമരം മുതലമട ടി ചാത്തുവിന്റെ സ്‌മൃതി മണ്ഡപത്തിൽനിന്നുമാണ്‌ എത്തുന്നത്‌. ജില്ലയിലെ യൂണിയൻ  രക്തസാക്ഷികളായ ഏഴുപേരുടെ സ്‌മതിമണ്ഡപത്തിൽനിന്ന്‌ ചൊവ്വ രാവിലെ രക്തസാക്ഷി സ്‌മൃതിജാഥകൾ ആരംഭിക്കും. ഇവ വൈകിട്ട്‌ കോട്ടമൈതാനിയിൽ സംഗമിച്ചശേഷമാണ്‌ പതാക ഉയർത്തുക. ബുധൻ രാവിലെ എട്ടിന്‌ പാലക്കാട്‌ കോട്ടമൈതാനിയിലെ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ദീപശിഖാ ജാഥയും ആരംഭിക്കും.

സമ്മേളനത്തിൽ എ വിജയരാഘവൻ,  ബി വെങ്കിട്ട്‌, മന്ത്രി എം വി ഗോവിന്ദൻ, എ കെ ബാലൻ, വിക്രംസിങ്‌, അമൃതലിംഗം, ഇ എൻ സുരേഷ്‌ബാബു എന്നിവർ പങ്കെടുക്കുമെന്നും സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ സി കെ രാജേന്ദ്രൻ, കൺവീനർ ആർ ചിന്നക്കുട്ടൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ ടി എൻ കണ്ടമുത്തൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

25 ലക്ഷം അംഗങ്ങൾ
കെഎസ്‌കെടിയു അംഗസംഖ്യയിൽ വലിയ വർധനയുണ്ടായതായി സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പറഞ്ഞു. 1970 കളിൽ 47,000 അംഗങ്ങൾ മാത്രമാണ്‌ സംഘടനയിൽ ഉണ്ടായിരുന്നത്‌. ഇന്ന്‌  25,60,683 പേർ അംഗങ്ങളാണ്‌. കർഷകത്തൊഴിലാളികൾക്കുവേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന ഏക സംഘടനയാണ്‌ കെഎസ്‌കെടിയു. 1940ൽ പ്രാദേശികമായി രൂപംകൊണ്ട സംഘടന 1968ലാണ്‌ സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top