29 March Friday

കടമെടുപ്പ് : കേന്ദ്ര നിലപാട്‌ 
അംഗീകരിക്കാനാകില്ല: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


തിരുവനന്തപുരം
സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ അനുവാദമടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ നിലപാട്‌ അംഗീകരിക്കാനാകില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളം മാത്രമല്ല, ആന്ധ്രപ്രദേശും തെലുങ്കാനയുമടക്കമുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പരസ്യനിലപാട്‌ വ്യക്തമാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്‌ മന്ത്രി മറുപടി നൽകി. കടമെടുക്കുന്ന പണം കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായാണ്‌ വിനിയോഗിക്കുന്നത്‌. ഇതുവരെയും തിരിച്ചടവ്‌ മുടങ്ങിയില്ല. കേന്ദ്രത്തിന്‌ വൻതോതിൽ കടമെടുക്കാം, സംസ്ഥാനങ്ങൾക്ക്‌ ഒട്ടുംപാടില്ലെന്ന നിലപാട്‌ അംഗീകരിക്കാനാകില്ല. സംസ്ഥാനത്തിന്റെ ധനപരിപാലനത്തെയും പണലഭ്യതയെയും തടസ്സപ്പെടുത്തുന്ന നിലപാടുകളാണ്‌ കേന്ദ്ര സർക്കാരിൽനിന്നുണ്ടാകുന്നത്‌. സംസ്ഥാനത്ത്‌ നിലവിൽ പ്രതിസന്ധിയില്ല. ശമ്പളം, ഇതര ചെലവുകൾ കൃത്യമായി വഹിക്കാനാകുന്നു.

ആംആദ്‌മി പാർടി കേരളത്തെക്കുറിച്ച്‌ പരാമർശിക്കുമ്പോൾ, സംസ്ഥാനം ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങളെക്കുറിച്ച്‌ മറന്നുപോകരുത്‌. കേന്ദ്ര സർക്കാരിന്റെ വലിയ സഹായം കിട്ടുന്ന ഡൽഹിയിലേക്കാൾ വളരെ മുന്നിലാണ്‌ പല വികസനസൂചികയിലും കേരളം. ഒരു പ്രഭാതത്തിൽ പൊട്ടിമുളച്ച സർക്കാരല്ല ഇതിന്‌ നേതൃത്വം നൽകുന്നത്‌. ജനങ്ങളോടൊപ്പം നിന്നാണ്‌ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്‌.

കെഎസ്ആർടിസിക്ക്‌ ബജറ്റിൽ നീക്കിവച്ച പണം നൽകാൻ പ്രതിജ്ഞാബദ്ധമാണ്‌. ധനവകുപ്പ്‌ പണം നൽകുന്നില്ലെന്ന പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതാണ്‌. ഡീസലിന്‌ വലിയ വില നൽകേണ്ടിവരുന്നതാണ്‌ പ്രതിസന്ധിക്ക്‌ പ്രധാന കാരണം. തൃക്കാക്കരയിൽ മന്ത്രിമാരും എംഎൽഎമാരും പ്രചാരണത്തിന്‌ പോകുന്നത്‌ രാഷ്‌ട്രീയ പ്രവർത്തകരായതിനാലാണ്‌. അവർ സർക്കാർ ചെലവിലാണ്‌ പ്രചാരണം നടത്തുന്നതെന്ന ആക്ഷേപത്തിൽ അർഥമില്ല. സാമ്പത്തിക, സാങ്കേതിക പ്രായോഗികത കണ്ടുതന്നെയാണ്‌ സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നത്‌. ഇത്‌ മനസ്സിലാക്കി കേന്ദ്ര സർക്കാർ അന്തിമാനുമതി നൽകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top