25 April Thursday

സമരത്തിന്റെ മറവിൽ തെറിവിളിയും അക്രമവും ; നഗരസഭാ സെക്രട്ടറിയെ വളഞ്ഞിട്ട് മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ആക്രമണം ഭയന്ന് സുഭാഷ് പാർക്കിലേക്ക് ഓടിക്കയറിയ ജീവനക്കാരനെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ടുതല്ലുന്നു


കൊച്ചി
ഉപരോധസമരത്തിന്റെ മറവിൽ ആക്രമണവുമായി നഗരത്തിൽ അഴിഞ്ഞാടി കോൺഗ്രസ്‌ പ്രവർത്തകർ. നഗരസഭാ സെക്രട്ടറിയെ ഉൾപ്പെടെ ആക്രമിച്ചാണ്‌ കോൺഗ്രസുകാർ നഗരത്തെ കലാപഭൂമിയാക്കാൻ ശ്രമിച്ചത്‌. പൊലീസും ജീവനക്കാരുടെ സംഘടനകളും ഇതരരാഷ്ട്രീയ പാർടികളും സംയമനംപാലിച്ചതോടെ കോൺഗ്രസിന്റെ കണക്കുകൂട്ടൽ പാളി.

ബ്രഹ്മപുരത്തെ തീപിടിത്തത്തിനുപിന്നാലെ നഗരമാലിന്യസംസ്‌കരണം തകർത്തതുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ അഴിമതികൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി വിജിലൻസ്‌ അന്വേഷണംകൂടി പ്രഖ്യാപിച്ചതോടെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലതെറ്റി. പിന്നാലെയാണ്‌ ഉപരോധസമരം പ്രഖ്യാപിച്ചത്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എത്തുന്നതിനാൽ ഡിസിസി നിർദേശപ്രകാരം രാവിലെതന്നെ കോൺഗ്രസ്‌ പ്രവർത്തകരെത്തി.

ആദ്യം പൊലീസിനുനേരെയാണ്‌ തിരിഞ്ഞത്‌. ഉന്തിയും തള്ളിയും പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ജോലിക്ക്‌ എത്തിയ ജീവനക്കാരെ ഉന്നമിട്ടു. സീനിയർ ക്ലർക്ക്‌ ഡിൻസനടക്കമുള്ളവർ അക്രമത്തിനിരയായി. കോൺഗ്രസ്‌ കൗൺസിലറുൾപ്പെടെ ജീവനക്കാരനെ ആക്രമിച്ചതോടെ പൊലീസെത്തി സംരക്ഷണം തീർത്ത്‌ അകത്തെത്തിച്ചു.

ഇതിനിടെ സെക്രട്ടറിയും ചില ജീവനക്കാരും നിൽക്കുന്നിടത്തെത്തി അവരെയും ആക്രമിച്ചു. ഓഫീസ്‌ അറ്റൻഡന്റായ സിനു ചാക്കോയെ പിന്തുടർന്ന്‌ ആക്രമിച്ചു. ഇദ്ദേഹം ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കുപ്പിവലിച്ചെറിഞ്ഞ്‌ പരിക്കേൽപ്പിക്കാൻ ശ്രമിച്ചു.  ഉപരോധസമരം ഉദ്‌ഘാടനം ചെയ്‌ത കെപിസിസി പ്രസിഡന്റ് അക്രമത്തിന്‌ പരമാവധി പ്രോത്സാഹനം നൽകി. മുഖ്യമന്ത്രിയെയും പൊലീസിനെയും അധിക്ഷേപിച്ച സുധാകരൻ അണികളെ കൂടുതൽ അക്രമോത്സുകരാക്കാൻ പരമാവധി ശ്രമിച്ചു. മുഖ്യമന്ത്രിയെ ചെറ്റയെന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചു. എരിതീയിൽ എണ്ണ ഒഴിക്കുംവിധമായിരുന്നു സുധാകരന്റെ പ്രസംഗം. പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ മൊഴി എടുക്കൽ ആരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top