20 April Saturday

നഗരസഭാ മാർക്കറ്റ് പുനരധിവാസം ; പ്രതിഷേധത്തിനൊടുവിൽ രണ്ട്‌ കടമുറികൾ 
കച്ചവടക്കാർക്ക്‌ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023


തൃക്കാക്കര
പ്രതിഷേധത്തെത്തുടർന്ന്‌ തൃക്കാക്കര നഗരസഭാ മാർക്കറ്റ് സമുച്ചയത്തിലെ രണ്ട്‌ കടമുറികൾ കച്ചവടക്കാർക്ക്‌ നൽകാൻ തീരുമാനിച്ചു. നഗരസഭ തയ്യാറാക്കിയ പട്ടികയിൽ അനർഹരെ ഉൾപ്പെടുത്തിയതിനെതിരായും വർഷങ്ങളായി കച്ചവടം ചെയ്യുന്നവർക്ക്‌ കടമുറി അനുവദിക്കാൻ ആവശ്യപ്പെട്ടുമാണ്‌ ഒരുവിഭാഗം കച്ചവടക്കാർ പ്രതിഷേധിച്ചത്‌. ലേലം ചെയ്യാൻ തീരുമാനിച്ച രണ്ട്‌ കടമുറികൾ നൽകാമെന്ന്‌ ചെയർപേഴ്സൺ നൽകിയ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

മാർക്കറ്റിൽ വർഷങ്ങളായി കോഴിക്കച്ചവടം നടത്തിയിരുന്ന നിഷാദിനെയും മീൻതട്ട് നടത്തിയിരുന്ന കരീമിനെയും പുനരധിവാസ ലിസ്റ്റിൽനിന്ന്‌ ഒഴിവാക്കിയെന്ന്‌ കച്ചവടക്കാർ ആരോപിച്ചു. അനർഹരായ രണ്ടുപേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. നഗരസഭ തയ്യാറാക്കിയ പട്ടിക പുനഃപരിശോധിക്കില്ലെന്ന്‌ ചെയർപേഴ്സൺ നിലപാടെടുത്തു. എന്നാൽ, കച്ചവടക്കാർ പ്രതിഷേധം കടുപ്പിച്ചതോടെ ലേലം ചെയ്യാൻ തീരുമാനിച്ചിരുന്ന കടമുറികൾ അനുവദിക്കുകയായിരുന്നു. അതേസമയം പുനരധിവാസ ഉടമകൾക്കുള്ള താക്കോൽ കൈമാറ്റം പ്രതിപക്ഷ അംഗങ്ങളെ അറിയിക്കാതെ നടത്തിയത്‌ വിവാദമായി. വ്യാഴം വൈകിട്ട് അഞ്ചിന്‌ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ, കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാല എന്നിവരുടെ നേതൃത്വത്തിൽ കച്ചവടക്കാരുമായി നടത്തിയ ചർച്ചക്കൊടുവിൽ താക്കോൽ കൈമാറുകയായിരുന്നു. പുനരധിവാസ ലിസ്റ്റിൽ അനർഹർ കടന്നുകൂടിയതായി പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് രഹസ്യമായി താക്കോൽ കൈമാറ്റം. പുനരധിവാസ ലിസ്റ്റിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി തൃക്കാക്കര സ്വദേശി വിവേക്, ഓംബുഡ്‌സ്‌മാനും തദ്ദേശ സ്വയംഭരണ ജോയിന്റ്‌ ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്‌. പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരെഴുതിയ അധ്യക്ഷയുടെ കത്ത് പുറത്തുവന്നത് വിവാദമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top