ആലുവ
എടത്തല പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്റെ നേതൃത്വത്തിൽ ആലുവ ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെമുന്നിൽ പ്രതിഷേധസമരം നടത്തി. എടത്തല പഞ്ചായത്തിലെ കുഴിവേലിപ്പടി, മാളിയേക്കപ്പടി, കുർളാട് പ്രദേശങ്ങളിൽ കുടിവെള്ളം ലഭിച്ചിട്ട് ദിവസങ്ങളായി. പലയിടങ്ങളിലും പഞ്ചായത്ത് അംഗങ്ങൾ സ്വന്തംനിലയിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുകയാണ്. മൂന്ന് ദിവസത്തിനകം കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന ജല അതോറിറ്റി അധികൃതരുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
ജലവിതരണക്കുഴൽ തുടർച്ചയായി പൊട്ടുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു. എടത്തല പഞ്ചായത്തിലെ പല വാർഡുകളിലും ജൽജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ളക്കുഴലുകൾ മാറ്റിസ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. പ്രതിഷേധസമരത്തിൽ പഞ്ചായത്ത് അംഗങ്ങളായ എ എസ് കെ സലിം, എം എ നൗഷാദ്, എൻ എച്ച് ഷബീർ, ഷൈനി ടോമി, സുമയ്യ സത്താർ, സി കെ ലിജി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..