പിറവം
പാമ്പാക്കുട പഞ്ചായത്ത് 12–-ാം വാർഡിലെ കോൺഗ്രസ് അംഗം ജിനു സി ചാണ്ടിക്കെതിരെ പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമരവുമായി വീട്ടമ്മ. 12–-ാം വാർഡിൽ പീടികപ്പറമ്പിൽ മിനിയാണ് സമരവുമായി രംഗത്തുവന്നത്. ജിനു മൂന്നരലക്ഷം രൂപ കടം വാങ്ങിയെന്നും തിരികെനൽകാമെന്ന് സമ്മതിച്ച തീയതികളെല്ലാം തെറ്റിയതോടെയാണ് സമരത്തിനിറങ്ങിയതെന്നും മിനി പറഞ്ഞു.
പലപ്പോഴായി കുറച്ചു പണം തിരികെനൽകിയിരുന്നു. എന്നാൽ, ബാക്കിത്തുക തരാതായതോടെ പൊലീസ് സ്റ്റേഷനിലും പഞ്ചായത്ത് കമ്മിറ്റിയിലും പരാതി നൽകി. ഇതേത്തുടർന്ന് പണം തിരികെനൽകാമെന്ന് ജിനി സമ്മതിച്ചെങ്കിലും പറഞ്ഞ തീയതികൾ തെറ്റി. വ്യാഴാഴ്ച രാവിലെ പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിലിനെ കണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനി ഇടപെടില്ലെന്ന് പ്രസിഡന്റ് പറഞ്ഞതോടെയാണ് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമരം തുടങ്ങിയത്. സമരത്തിനു പിന്തുണയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരും എൽഡിഎഫ് അംഗങ്ങളും എത്തി.
സിപിഐ എം ലോക്കൽ സെക്രട്ടറി ബേസിൽ സണ്ണി, പഞ്ചായത്ത് അംഗങ്ങളായ ബേബി ജോസഫ്, റീജ മോൾ ജോബി, ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികളായ ആൽവിൻ എൽദോ, അഖിൽ വിജയൻ എന്നിവർ സംസാരിച്ചു. 20ന് പണം മടക്കിനൽകാമെന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു.
വ്യാജരേഖചമയ്ക്കൽ, പദ്ധതികളുടെ പേരിൽ പണംതട്ടൽ, അനധികൃത പിരിവ് തുടങ്ങിയ നിരവധി പരാതികളും ആരോപണങ്ങളും ജിനു സി ചാണ്ടിക്കെതിരെയുണ്ട്. പരാതികളിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം ലോക്കൽ സെക്രട്ടറി വിജിലൻസിൽ പരാതി നൽകിയിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാട്സാപ്പിലൂടെ അസഭ്യം പറഞ്ഞതിന് കഴിഞ്ഞമാസം ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..