27 April Saturday

22,000 കവിഞ്ഞ്‌ രോഗികൾ ; 182 ശതമാനം വർധന ; ആശ്വാസം മരണം കുറയുന്നത്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതർ കുതിച്ചുയരുന്നു. തിങ്കളാഴ്‌ച 22,946 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികൾ 1,21,458 ആയി. തിരുവനന്തപുരത്താണ്‌ കൂടുതൽ രോഗികൾ–-5863. എറണാകുളത്ത്‌ 4100 പേർക്കും കോഴിക്കോട്‌ 2043 പേർക്കും രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചവരിൽ 144 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. 33.07 ശതമാനമാണ്‌ രോഗ സ്ഥിരീകരണ നിരക്ക്‌.

69,373 സാമ്പിളാണ് പരിശോധിച്ചത്. 18 കോവിഡ്‌ മരണംകൂടി സ്ഥിരീകരിച്ചു. അപ്പീൽ നൽകിയ 54 മരണവും പട്ടികയിൽ ഉൾപ്പെടുത്തി. ആകെ മരണം 50,904 ആയി. 5280 പേർ രോഗമുക്തി നേടി. ആറു വാർഡിൽ രോഗീ ജനസംഖ്യാവാര അനുപാതം പത്തിന് മുകളിലാണ്‌.

182 ശതമാനം വർധന
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ രോഗികൾ മൂന്നിരട്ടിയിലധികം വർധിച്ചു. ജനുവരി 10ന്‌ 37,736 രോഗികളാണുണ്ടായിരുന്നതെങ്കിൽ തിങ്കളാഴ്‌ച 1,21,458 ആണ്‌. പുതിയ രോഗികളിൽ 182 ശതമാനമാണ്‌ വർധന. ആശുപത്രി, ഫീൽഡ് ആശുപത്രി, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണവും യഥാക്രമം 41, 90, 21, 6, 30 ശതമാനം വർധിച്ചിട്ടുണ്ട്.

ആശ്വാസം 
മരണം 
കുറയുന്നത്‌
ഒമിക്രോണിനെത്തുടർന്ന്‌ കോവിഡ്‌ ബാധിതർ വർധിക്കുമ്പോഴും ആശ്വാസമായി സംസ്ഥാനത്ത്‌ കുറഞ്ഞ മരണം. മറ്റു സംസ്ഥാനങ്ങളിൽ രോഗങ്ങൾക്കൊപ്പം മരണവും വർധിക്കുന്ന സാഹചര്യമാണ്‌. സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച 18 കോവിഡ്‌ മരണമാണ്‌ സ്ഥിരീകരിച്ചത്‌. ഞായറാഴ്‌ച എട്ടും ശനിയാഴ്‌ച 17ഉം മരണമായിരുന്നു.  ജനുവരി ഒന്നിന്‌ 22ഉം 12ന്‌ 23ഉം പേരാണ്‌  മരിച്ചത്‌. 13ന്‌ ഇരുപത്തൊന്നായും 14ന്‌ ഇരുപതായും കുറഞ്ഞു.

സംസ്ഥാനത്തെ മികച്ച ആരോഗ്യസംവിധാനങ്ങളും കൃത്യമായ വാക്‌സിനേഷനുമാണ്‌ മരണനിരക്ക്‌  കുറച്ചത്‌. രോഗികൾ ലക്ഷം കവിഞ്ഞെങ്കിലും ഗുരുതരാവസ്ഥയിലുള്ളവർ കുറവാണ്‌. 3.7 ശതമാനമാണ്‌ നിലവിൽ ആശുപത്രിയിലുള്ളത്‌.  വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയുടെ 99.7 ശതമാനത്തിനും ഒരു ഡോസ് വാക്‌സിൻ നൽകി–- 2,66,29,136 പേർക്ക്‌.  82 ശതമാനത്തിന്‌ രണ്ട് ഡോസ് വാക്‌സിനും (2,19,82,160) നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top