27 April Saturday

ടിപിആർ 36.87 ; ഇന്നുമുതൽ കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


കൊച്ചി
വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം 11 കേന്ദ്രങ്ങളിൽ കോവിഡ്‌ ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ ജില്ലയിൽ നിയന്ത്രണം കർശനമാക്കുന്നു. കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ മൂന്നാംദിവസവും മുപ്പതിന്‌ മുകളിലെത്തി. ഞായറാഴ്ച 36.87 ആണ്‌  കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക, പൊതുപരിപാടികൾ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ അനുവദിക്കില്ല. നേരത്തേ നിശ്ചയിച്ചവ മാറ്റിവയ്ക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 50 പേർക്ക്‌ പങ്കെടുക്കാം. സർക്കാർ യോഗങ്ങളും പരിപാടികളും ഓൺലൈനായി നടത്തണം. ഷോപ്പിങ്‌ മാളുകളിൽ ജനത്തിരക്ക് അനുവദിക്കില്ല. നിരീക്ഷണത്തിനായി പൊലീസിനെയും സെക്ടറൽ മജിസ്ട്രേട്ടുമാരെയും നിയോഗിക്കും.

കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസത്തേക്ക് അടച്ചിടണം. ഈ മാസം ഒന്നിന് 400 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ രണ്ടാഴ്ച പിന്നിട്ടപ്പോൾ 3,204 പേരിലേക്ക്‌ വ്യാപിച്ചു. അഞ്ചിന്‌ ദിവസേനയുള്ള കോവിഡ്‌ രോഗികളുടെ എണ്ണം ആയിരവും 12ന് 2200ഉം  പിന്നിട്ടു. ഒന്നിന് 5.38 ആയിരുന്ന കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ ഞായറാഴ്ച 36.87ൽ എത്തി. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി  കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ 33.59 ആണ്‌. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ 3600ൽനിന്ന്‌ 17,656ലേക്ക് ഉയർന്നു.

നാലിരട്ടി വർധിക്കും
ഈ മാസം അവസാനത്തോടെ ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയ്ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്. രോഗികളായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധനയില്ല. നിലവിൽ ഐസിയു ബെഡുകൾ ഉൾപ്പെടെ ലഭ്യമാണ്‌. സ്വകാര്യ ആശുപത്രികളിൽ 2903 കോവിഡ് കിടക്കകളുണ്ട്‌. 630 പേർ ചികിത്സയിലുണ്ട്‌. സർക്കാർ ആശുപത്രികളിലെ 524 കോവിഡ് കിടക്കകളിൽ 214 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

എല്ലാവർക്കും 
പരിശോധന
ശ്വസനപ്രശ്നങ്ങളും പനിയുമായെത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നടത്തും. വാക്സിനേഷൻ വേഗത്തിലാക്കും. രണ്ടാംതരംഗ വേളയിലേതിന് സമാനമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കും. പൂർണസജ്ജമായ കോവിഡ് കൺട്രോൾ റൂം തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. പ്രതിരോധ പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായവരെ ഉടൻ രംഗത്തിറക്കും. പ്രാദേശികാടിസ്ഥാനത്തിൽ ഗാർഹിക പരിചരണ കേന്ദ്രം ആരംഭിക്കും. അമ്പലമുകളിൽ ഓക്സിജൻ കിടക്കകളോടുകൂടിയ കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. കൂടുതൽ ആംബുലൻസുകളുടെ സേവനം ഉറപ്പാക്കും. ഫോർട്ട്‌ കൊച്ചി, മൂവാറ്റുപുഴ, പറവൂർ, കോതമംഗലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഗാർഹിക പരിചരണ കേന്ദ്രം ആരംഭിക്കും. കോവിഡ് സ്ഥിരീകരിച്ച, ലക്ഷണങ്ങളില്ലാത്തവർ വീട്ടിൽത്തന്നെ കഴിയണമെന്ന്‌ ആരോഗ്യവകുപ്പ് നിർദേശിച്ചു.

3204 പേർക്ക് രോഗം
ഞായറാഴ്ച 3204 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 3184 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 1492 പേർ രോഗമുക്തരായി. 3550 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1561  പേരെ ഒഴിവാക്കി. 23,971 പേർ ആകെ നിരീക്ഷണത്തിലുണ്ട്‌. 17,657 പേർ ചികിത്സയിലുണ്ട്‌. 8690 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ജില്ലയിൽ ഇതുവരെ 56,55,837 ഡോസ് വാക്സിൻ വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top