29 March Friday

ശബരിമല നട തുറന്നു ;കനത്ത മഴയിലും 
തീർഥാടക പ്രവാഹം , വിപുലമായ ക്രമീകരണങ്ങൾ സജ്ജമാക്കി സർക്കാരും ദേവസ്വംബോർഡും

അമൽ ഷൈജുUpdated: Wednesday Nov 16, 2022

ശബരിമല മേൽശാന്തിയായി ചുമതലയേറ്റശേഷം കെ ജയരാമൻ നമ്പൂതിരി തീർഥാടകരെ വന്ദിക്കുന്നു ഫോട്ടോ: എ ആർ അരുൺരാജ്


ശബരിമല
മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല നട തുറന്നു. ബുധൻ വൈകിട്ട് അഞ്ചിന്‌ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയെയും അവരോധിച്ചു. കലശാഭിഷേകവും നടത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത​ഗോപൻ, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് അംഗം പി എം തങ്കപ്പൻ, എഡിജിപി എം ആർ അജിത്ത് കുമാർ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ എം മഹാജൻ, ദേവസ്വം സെക്രട്ടറി കെ ബിജു, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.

ബുധനാഴ്ച ഹരിവരാസനം പാടി നട അടച്ച് നിലവിലെ മേൽശാന്തി മലയിറങ്ങി. വൃശ്ചികം ഒന്നായ വ്യാഴം പുലർച്ചെ മൂന്നിന്‌ പുതിയ മേൽശാന്തി നട തുറക്കും. നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലമായതിനാൽ ആദ്യദിനംമുതൽ വലിയതിരക്കാണ്‌ സന്നിധാനത്ത്‌. അറുപതിനായിരത്തോളം പേർ ആദ്യദിവസങ്ങളിൽ വെർച്വൽക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്‌. ഇതരസംസ്ഥാന തീർഥാടകരാണ് കൂട്ടത്തോടെ എത്തുന്നത്. സംസ്ഥാന സർക്കാരും ദേവസ്വംബോർഡും വിവിധ വകുപ്പുകളും വിപുലമായ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്‌. 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനം ജനുവരി 20ന് സമാപിക്കും.

മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നടതുറന്ന ആദ്യദിനം തീർഥാടക പ്രവാഹം. വലിയ നടപ്പന്തൽ നിറഞ്ഞുകവിഞ്ഞ തീർഥാടകർ അച്ചടക്കത്തോടെ വരിനിന്ന്‌  മഴ വകവയ്ക്കാതെ  ദർശനം നടത്തി. പമ്പയിൽനിന്ന്‌ സന്നിധാനത്തേക്കുള്ള ശരണപാതയിലെ ക്യു കോംപ്ലക്സുകളും തീർഥാടകർക്ക് സഹായമായി.

വൈകിട്ട്‌ ആറോടെ ആരംഭിച്ച മഴ രാത്രി എട്ടോടെയാണ്‌ ശമിച്ചത്‌. വലിയ നടപ്പന്തലിൽ നിലത്ത് കല്ല് പാകി വെള്ളം ചാലിലൂടെ ഒലിച്ചുപോകാൻ ക്രമീകരണംചെയ്തത് ആശ്വാസകരമായി. കനത്തമഴയിലും പമ്പയിൽനിന്ന്‌ സന്നിധാനത്തേക്ക്‌ തീർഥാടകരെത്തി. പതിനായിരത്തിലധികംപേർ ബുധനാഴ്ച സന്നിധാനത്തെത്തി.

ശബരിമലയിൽ ഇന്ന്‌
പുലർച്ചെ 2.30ന്‌ പള്ളി ഉണർത്തൽ. മൂന്നിന് നട തുറക്കൽ, നിർമാല്യം. 1.05ന് അഭിഷേകം. 2.30ന് ഗണപതിഹോമം. 3.45 മുതൽ ഏഴുവരെയും എട്ടുമുതൽ 11 വരെയും നെയ്യഭിഷേകം. 4.30ന് ഉഷപൂജ. 5.30ന് കലശാഭിഷേകം. തുടർന്ന് കളഭാഭിഷേകം. 1.30ന് ഉച്ചപൂജ. പകൽ ഒന്നിന്‌ ക്ഷേത്രനട അടയ്ക്കൽ. നാലിന്‌ ക്ഷേത്രനട തുറക്കും. 1.30ന് ദീപാരാധന. ഏഴുമുതൽ പുഷ്പാഭിഷേകം ഒമ്പതിന്‌ അത്താഴപൂജ. 1.50ന് ഹരിവരാസനം പാടി 11ന്‌ നട അടയ്ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top