29 March Friday

കൈകോർത്ത്‌ നാടിന്റെ നന്മ; ദാക്ഷായണി വഴിയാധാരമാകില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

ആധാരം രതീഷ് കുമാറിന് കൈമാറുന്നു



പള്ളുരുത്തി
ജപ്തിഭീഷണി നേരിട്ട കിടപ്പുരോഗിയായ കുമ്പളം തറമശേരി ദാക്ഷായണി (73)യുടെ ആധാരം ബാങ്കിലെ കടം തീർത്ത് ‘ദാക്ഷായണി കുടുംബസഹായസമിതി' വീണ്ടെടുത്ത്‌ നൽകി. ദാക്ഷായണിയുടെയും മകൻ രതീഷ്‌കുമാറിന്റെയും ദുരവസ്ഥ ‘ദേശാഭിമാനി’യാണ് ആദ്യം പുറംലോകത്തെ അറിയിച്ചത്‌. പനങ്ങാട് സർവീസ് സഹകരണ ബാങ്കിൽനിന്ന്‌ ഒരുലക്ഷം രൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളിയായ ഭർത്താവ്‌ ആന്റണി 12 വർഷംമുമ്പ്‌ മരിച്ചതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. പലിശയടക്കം മൂന്നുലക്ഷമായി. ദാക്ഷായണി കിടപ്പായതോടെ രതീഷിന് കൂലിപ്പണിക്കും പോകാൻ പറ്റാതായി.

ബാങ്ക് ജപ്തിനടപടി ആരംഭിച്ചതോടെ ആകെയുള്ള ഒരുസെന്റിൽ ഇടിഞ്ഞുവീഴാറായ കൂരയും കൈവിട്ടുപോകുമെന്ന വാർത്തയെ തുടർന്ന് പലിശയിനത്തിൽ പരമാവധി ഇളവ് നൽകാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചു. നാട്ടുകാർ കുടുംബസഹായസമിതിയും രൂപീകരിച്ചു. ബാങ്ക് നൽകിയ ഇളവുകൾ കഴിഞ്ഞ് 1.43 ലക്ഷം രൂപ ബാധ്യത സമിതി തീർത്തു.

ദാക്ഷായണിയെ കോവിഡ് സാഹചര്യത്തിൽ സബ് രജിസ്ട്രാർ ഓഫീസിൽ എത്തിക്കുന്നതിന്റെ ബുദ്ധിമുട്ട്‌ മനസ്സിലാക്കിയ മരട് സബ് രജിസ്ട്രാർ ജയൻ കെ സ്റ്റീഫൻ നേരിട്ടെത്തി ഒപ്പ് ശേഖരിച്ച്‌ നടപടി പൂർത്തിയാക്കി. കുമ്പളം വില്ലേജ് ഓഫീസറും സഹായത്തിനെത്തി. ആധാരം പോക്കുവരവ് ചെയ്യാത്തത് ആനുകൂല്യങ്ങൾക്ക്‌ വിലങ്ങുതടിയാകുമെന്നറിഞ്ഞ്‌ ആധാരം എഴുത്തുകാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ കെ ജി ഇന്ദുകലാധരൻ സൗജന്യമായി പോക്കുവരവ് ചെയ്തുനൽകി. 

സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ വീട് നിർമിച്ചുനൽകാനാണ് സമിതി ലക്ഷ്യമിടുന്നത്‌. ആധാരം കൈമാറിയ ചടങ്ങിൽ വാർഡ് അംഗം മിനി ഹെൻറി അധ്യക്ഷയായി. സമിതി ചെയർമാൻ വി എ പൊന്നപ്പൻ, ടി എം സിജീഷ്‌കുമാർ, എസ് ഐ ഷാജി, ടി കെ  മണികണ്ഠൻ, ടി കെ മനോജ്കുമാർ, എസ് കെ ശെൽവകുമാർ, സോജൻ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു. സമിതി പ്രവർത്തകരും ഒരുമ, സാന്ത്വനം ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്തു.

സൗത്ത് ഇന്ത്യൻ ബാങ്ക് കുമ്പളം ശാഖയിൽ പഞ്ചായത്ത് മുൻ അംഗം വി എ  പൊന്നപ്പന്റെയും രതീഷ്‌കുമാറിന്റെയും പേരിലാണ് ജോയിന്റ് അക്കൗണ്ട്. നമ്പർ: 0215053000013159. IFSC: SIBL0000215. ഫോൺ: 9946349656.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top