29 March Friday

കോവിഡ് പ്രതിരോധം പ്രതിപക്ഷം അട്ടിമറിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


സ്വന്തം ലേഖകൻ
സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി പന്താടാനുള്ളതല്ല സാധാരണ ജനങ്ങളുടെ ജീവിതമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്‌. അതിൽ ജനപ്രതിനിധികൾ ഉണ്ടാകുന്നത് നിസ്സാര കാര്യമല്ല. നാട്ടിലാകെ കോവിഡ് പടർത്താനുള്ള ശ്രമത്തെ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സമരം നടത്തുന്നതിന് സർക്കാർ എതിരല്ല. എന്നാൽ, നാടിന്റെ ആരോഗ്യകരമായ നിലനിൽപ്പ്‌ അട്ടിമറിക്കാനുള്ള നീക്കം തടയുകയെന്നത്‌ സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. സെക്രട്ടറിയറ്റിനു മുന്നിൽ ആളെ കൂട്ടിവന്ന്‌ സമരാഭാസമാണ്. എല്ലാ സുരക്ഷാ മാനദണ്ഡവും ലംഘിച്ച് പൊലീസിനുനേരെ ചീറിയടുക്കുകയാണ്‌. കോവിഡ്കാലത്ത് പ്രോട്ടോകോൾ ലംഘിച്ചുള്ള സമരങ്ങൾ ഹൈക്കോടതി വിലക്കിയതാണ്.

നേതൃത്വംതന്നെ ഈ രീതി നിയന്ത്രിക്കുന്നതാണ്‌ നല്ലത്‌. സർക്കാർ പ്രത്യേക നിയന്ത്രണമോ നിരോധനമോ കൊണ്ടുവരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അത്‌ ആരോഗ്യകരമാകില്ല. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായ പ്രവർത്തനത്തിൽ സജീവമായിരുന്ന പൊലീസ്‌ ഇപ്പോൾ ക്രമസമാധാന നില തകർക്കാനുള്ള നീക്കത്തെ ചെറുക്കാനുള്ള ചുമതലകൂടി ഏറ്റെടുക്കേണ്ടിവരുന്നു. ഈ സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട ജോലികൾക്കായി ചെറുപ്പക്കാർ സ്വയം മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇങ്ങനെ നിയോഗിക്കപ്പെടുന്ന സന്നദ്ധപ്രവർത്തകർക്ക് അവരുടെ കഴിവും പരിചയസമ്പത്തും രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും.സാമൂഹ്യ അകലം പാലിക്കൽ, മാസ്കിന്റെ ശരിയായ ഉപയോഗം, രോഗപരിശോധനയ്ക്ക് സ്വയം മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകത എന്നിവ പ്രചരിപ്പിക്കുന്ന അടുത്ത ക്യാമ്പയിൻ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top