23 April Tuesday

സ്വാതന്ത്ര്യ പോരാളികളെ ചരിത്രത്തിൽനിന്ന‌് പുറത്താക്കാൻ ശ്രമം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


തലശേരി
സാമ്രാജ്യത്വത്തിനെതിരെ വീറോടെ പൊരുതി രക്തസാക്ഷിത്വം വരിച്ചവരെ ചരിത്രത്തിൽനിന്ന‌് പുറത്താക്കാനുള്ള ശ്രമമാണ‌് രാജ്യത്ത‌് നടക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക്‌ ഇടമില്ലാത്ത സ്വാതന്ത്ര്യസമര ചരിത്രത്തിൽ മറ്റാരും വേണ്ടെന്ന ദൃഢനിശ‌്ചയത്തോടെ ദുർവ്യാഖ്യാനത്തിന‌് ഇറങ്ങിയിരിക്കുകയാണ‌്. 1940 സെപ്തംബർ 15 പോരാട്ടത്തിന്റെ 80–-ാം വാർഷികത്തോടനുബന്ധിച്ച‌് സിപിഐ എം തലശേരി ഏരിയാ കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക‌് പേജിൽ അനുസ‌്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരും ഒഴിഞ്ഞുനിന്നവരും ആരാണെന്ന‌് ഭാവിതലമുറ മനസ്സിലാക്കാതിരിക്കാനുള്ള ശ്രമമാണിത‌്. സാമ്രാജ്യത്വ പ്രീണനം നടത്തിയതിന്റെ കളങ്കം കഴുകിക്കളഞ്ഞ‌് വിശുദ്ധിയുടെ പരിവേഷമണിയാമെന്നവർ കണക്ക‌ുകൂട്ടുന്നു. ബ്രിട്ടീഷ‌് സാമ്രാജ്യത്വ അനുകൂല നിലപാടെടുത്ത ഹിന്ദുമഹാസഭയുടെ പിൻമുറക്കാരാണിത‌് ചെയ്യുന്നത‌്. ദേശാഭിമാന മുന്നേറ്റങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രകീർത്തിച്ച‌് മഹത്വവത‌്കരിക്കുകയാണ്‌.

നേർക്കുനേർനിന്ന‌് ബ്രിട്ടീഷ‌് സാമ്രാജ്യത്വത്തോട‌് പൊരുതിയ വാരിയൻ കുന്നത്തും ആലിമുസ്ല്യാരുമില്ലാതെ എന്ത‌് ചരിത്രരേഖയാണ‌്. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ കർഷക സമരമുന്നേറ്റങ്ങളും  ഇതേപോലെ തമസ്‌കരിക്കുകയാണ‌്. പുന്നപ്ര–- വയലാർ സമരം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന‌് പറഞ്ഞാൽ ആര‌് അംഗീകരിക്കും? അവർ പൊരുതിയതുകൊണ്ടാണ‌് തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമായത‌്. ബ്രിട്ടീഷ‌് ഭരണം തുലയട്ടെ എന്ന മുദ്രാവാക്യവുമായി കഴുമരമേറിയ കയ്യൂർ രക്തസാക്ഷികളുടെ സമരം സാമ്രാജ്യവിരുദ്ധമല്ലെങ്കിൽ ആരുടെ സമരമാണ‌് സാമ്രാജ്യവിരുദ്ധം–-പിണറായി ചോദിച്ചു.  

പൗരത്വ നിയമഭേദഗതിയിലൂടെ വലിയൊരു വിഭാഗത്തെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച കുറ്റത്തിന‌് സീതാറാം യെച്ചൂരിയടക്കമുള്ളവരെ കേസിൽ കുടുക്കാനുള്ള നികൃഷ‌്ട നീക്കമാണ‌് ഡൽഹിയിൽ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top