29 March Friday

എക്‌സൈസ്‌ ഉദ്യോഗസ്ഥനെ വെട്ടിയ കേസ്‌ ; പ്രതിയും കൂട്ടാളിയും മയക്കുമരുന്നു ശേഖരവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


കൊച്ചി
എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയും കൂട്ടാളിയും വൻ മയക്കുമരുന്നുശേഖരവുമായി പിടിയിൽ. തലശേരി കൊലയാട് കൊച്ചുപറമ്പിൽ വീട്ടിൽ ചിഞ്ചു മാത്യു (30), ഇയാളുടെ കൂട്ടാളിയും ഒളിവിൽ താമസിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്‌ത ഇടപ്പള്ളി സ്വദേശി ജോയ് അപ്പാർട്‌മെന്റിൽ സീന (26) എന്നിവരെയാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌.

കലിഫോർണിയ 9 വിഭാഗത്തിൽപ്പെട്ട വിനാശകാരിയായ 100 എൽഎസ്ഡി സ്റ്റാമ്പുകളും ഇതിന് കൂടുതൽ വീര്യം കൂട്ടാൻ പുരട്ടുന്ന ലൈസർജിക് ആസിഡ് അടങ്ങിയ അതിമാരകമായ ആംപ്യൂളുകളും നിശാപാർടികളിൽ ക്ഷീണമില്ലാതിരിക്കാൻ ഉപയോഗിക്കുന്ന യെല്ലോ മെത്ത് എന്ന 100 ഗ്രാം മയക്കുമരുന്നും ഇവരുടെ താമസസ്ഥലത്തുനിന്ന്‌ കണ്ടെടുത്തു. ഇതാദ്യമായാണ്  കലിഫോർണിയ 9  എൽഎസ്ഡി സ്റ്റാമ്പ് ഇത്രയധികം പിടികൂടുന്നത്‌.

കഴിഞ്ഞദിവസം ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുന്നതിനിടയിൽ സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ ഡി ടോമിയെ ചിഞ്ചു മാത്യു വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഒളിവിൽപ്പോയ ചിഞ്ചുവിനായി ശക്തമായ അന്വേഷണം നടക്കുന്നതിനാൽ ഇയാൾക്ക് എറണാകുളം നഗരംവിട്ട് പുറത്തുപോകാനായില്ല.

ചിഞ്ചുവിന്റെ കൂട്ടാളി സീനയെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോൾ പടമുകൾഭാഗത്ത്‌ പ്രതിയുള്ളതായി വിവരം ലഭിച്ചു. തുടർന്ന്‌ അതിസാഹസികമായാണ്‌ പിടികൂടിയത്‌.

സീന കുടുങ്ങി; പിന്നാലെ ചിഞ്ചുവും
എക്‌സൈസ്‌ ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കുടുക്കിയത് കൂട്ടാളി നല്‍കിയ മൊഴി. പ്രതി ചിഞ്ചു മാത്യു ഒളിവിലുള്ള സ്ഥലത്തെക്കുറിച്ച്‌ വിവരം ലഭിച്ചത് കൂട്ടാളിയായ സീനയെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തതോടെയാണ്‌. ചിഞ്ചുവിന്റെ വെട്ടേറ്റ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ ഡി ടോമിയും ഇയാളെ പിടികൂടിയ അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നു.

എക്‌സൈസ്‌ ഉദ്യോഗസ്ഥനെ വെട്ടിയശേഷം ഇയാൾ നാലിടങ്ങളില്‍ ഒളിവിൽ കഴിഞ്ഞു. തിങ്കളാഴ്ച, ഫ്ലാറ്റില്‍നിന്ന്‌ മയക്കുമരുന്ന്‌ എടുക്കാൻ സീനയെ ചിഞ്ചു മാത്യു അയച്ചു. ഫ്ലാറ്റ്‌ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കിയിരുന്ന എക്‌സൈസ്‌ സംഘം ഇവിടെനിന്ന്‌ സീനയെ പിടികൂടി മയക്കുമരുന്ന് കണ്ടെടുത്തു. തുടര്‍ന്നാണ് സീന പ്രതിയുടെ പുതിയ ഒളിയിടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‌

എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ്‌ കമീഷണർ ബി ടെനിമോന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ആക്‌ഷൻ ടീമും എക്സൈസ് ഇന്റലിജൻസും ചേർന്നാണ്‌ പ്രതിയെ പിടികൂടിയത്‌. മയക്കുമരുന്ന് ഇടപാടിൽ ചിഞ്ചുവിന്റെ കൂട്ടാളികളായ ക്രിമിനലുകളെക്കുറിച്ച് വിവരം ലഭിച്ചെന്നും അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും അസിസ്റ്റന്റ്‌ കമീഷണർ ബി ടെനിമോൻ അറിയിച്ചു. ഇന്റലിജൻസ് ഇൻസ്പെക്ടർ എസ് മനോജ്കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത്കുമാർ, എം ടി ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ ഡി ടോമി, സപെഷ്യൽ സ്ക്വാഡ് സിഇഒ ഹർഷകുമാർ, കെ കെ മനോജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top