18 December Thursday

മാലിന്യസംസ്കരണം ; മരട്‌ നഗരസഭാ അധികൃതരുടേത്‌ തെറ്റായ അവകാശവാദം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


മരട്
മാലിന്യസംസ്കരണത്തിൽ മരട് നഗരസഭ പരാജയപ്പെട്ടെന്ന് നഗരസഭാ കൗൺസിലിൽ വിമർശം. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെയാണ് ബുധനാഴ്ചകൂടിയ കൗൺസിലിൽ വിമർശം ഉയർന്നത്. നഗരസഭയുടെ വിവിധഭാഗങ്ങളിൽ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടിയതിനെത്തുടർന്നാണ് കൗൺസിൽ യോഗത്തിൽ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ  വിമർശം നടത്തിയത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ അധികൃതരുടെ നിർദേശത്തെത്തുടർന്നാണ് അടിയന്തര കൗൺസിൽ യോഗം ചേർന്നത്. 

മരടിൽ മാതൃകാപരമായി മാലിന്യസംസ്കരണം നടക്കുന്നുവെന്ന് ചെയർമാൻ നടത്തിയ പ്രഖ്യാപനം മരട് നിവാസികളെ വിഡ്ഡികളാക്കുന്നതാണെന്ന് എൽഡിഎഫ് പാർലിമെന്ററി പാർടി നേതാവ്‌ സി ആർ ഷാനവാസ് പറഞ്ഞു. നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രഡിങ്‌ യൂണിറ്റ് ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ. പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം തകരാറിലായിട്ട് ആറുമാസത്തിലധികമായിട്ടും നഗരസഭ നടപടി സ്വീകരിച്ചിട്ടില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. മരട് മാർക്കറ്റിൽ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുകയാണ്‌. വാർഡുകളിൽ പ്ലാസ്‌റ്റിക്‌ ശേഖരിക്കാനുള്ള മിനി എംസിഎഫുകൾ നഗരസഭാ പരിസരത്തുതന്നെ ഇരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മരടിൽ എല്ലാം ഭദ്രമാണെന്ന്‌ ഭരണകർത്താക്കൾ മേനിനടിക്കുന്നത്‌.

തൊണ്ണൂറ് ശതമാനം സബ്സിഡിയോടെ വിതരണം ചെയ്ത ബയോബിന്നുകളും ബയോഗ്യാസ് പ്ലാന്റുകളും പല വീടുകളിലും ഉപയോഗശൂന്യമാണ്‌. ആരോഗ്യവിഭാഗം മേൽനോട്ടം നടത്തുന്നില്ല. ആരോഗ്യ സ്ഥരംസമിതി ചെയർമാൻ ഡിവിഷനിൽ പ്ലാസ്റ്റിക്‌ കൂട്ടിയിട്ടുകത്തിക്കുന്ന ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്‌. ഈ വിഷയത്തിലും മറുപടി പറയാതെ ഒളിച്ചോടുകയാണ് ചെയർമാനും കൂട്ടരുമെന്ന് എൽഡിഎഫ് ആക്ഷേപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top