29 March Friday

സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുവാൻ വീടുകളിൽനിന്നേ ശ്രമമുണ്ടാകണം: അഡ്വ. പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി> സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ ആരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു.  സംസ്ഥാന വനിതാ കമ്മീഷൻ ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ കായിക മേഖലയിലെ സ്ത്രീകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും തുല്യ പദവിയെന്ന  സ്ഥിതിയിലേക്ക് രാജ്യമെത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനാവശ്യമായ ഇടപെടലുകൾ നടത്തുക  വനിതാ കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും പി സതീദേവി പറഞ്ഞു. വനിതാ കായിക താരങ്ങളുടെ ആരോഗ്യവും കായിക ക്ഷമതയും വർധിപ്പിക്കാനുള്ള ചർച്ചകൾ നടക്കേണ്ടതുണ്ട്. കായിക മത്സരങ്ങളിലും ഗെയിംസിലും പങ്കെടുക്കുന്ന വനിതകളുടെ ആവശ്യങ്ങൾ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ വിലയിരുത്തപ്പെടണം. കായിക മേഖലയിലെ വനിതകളുടെ സാനിധ്യവും പ്രകടനവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വ പൂർണമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മേഴ്‌സികുട്ടൻ അധ്യക്ഷയായി . ടി ജെ വിനോദ് എംഎൽഎ മുഖ്യതിഥിയായി.

സെമിനാറിലെ നിർദേശങ്ങളും ശുപാർശകളും സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപിക ഷിബി മാത്യു, കായിക താരമായ അൽഫോൻസ കുര്യൻ ജോർജ്, ലോക ബോക്സിങ് ചാമ്പ്യൻ കെ. സി ലേഖ, തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ജിജി ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

കേരള വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ, അഡ്വ.പി കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, കേരള വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ, ഡയറക്ടർ പി.ബി രാജീവ്‌, പ്രൊജക്റ്റ്‌ ഓഫീസർ എൻ ദിവ്യ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സിമി ആന്റണി, കേരള വനിതാ കമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top