16 April Tuesday

ജഡ്‌ജിക്കെന്നപേരിൽ കൈക്കൂലി , 25 ലക്ഷം തട്ടിയത്‌ കോൺഗ്രസ്‌ അഭിഭാഷകനേതാവ്‌ : അന്വേഷണം തുടങ്ങി

സ്വന്തം ലേഖകർUpdated: Monday Jan 16, 2023


കൊച്ചി/ തിരുവനന്തപുരം
ഹൈക്കോടതി ജഡ്‌ജിക്കെന്നപേരിൽ കോൺഗ്രസ്‌ അനുകൂല അഭിഭാഷക സംഘടനാനേതാവ്‌ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണത്തിന്‌ ഉത്തരവ്‌. ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട്‌ നൽകാൻ പൊലീസ്‌ മേധാവി അനിൽകാന്ത്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ കെ സേതുരാമന്‌ നിർദേശംനൽകി. മുൻ കോൺഗ്രസ്‌ നേതാവിന്റെ മകനും ഹൈക്കോടതി അഡ്വക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റുമായ സൈബി ജോസ്‌ കിടങ്ങൂരിന്‌ എതിരെയാണ്‌ പരാതി.

ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന്റെ മുൻകൂർ ജാമ്യത്തിന്‌, കേസ് പരിഗണിച്ച ജഡ്‌ജിക്ക്‌ നൽകാനെന്നപേരിൽ 25 ലക്ഷം രൂപ വാങ്ങിയെന്നാണ്‌ ആരോപണം. ജഡ്‌ജിമാരുടെ പരാതിയിൽ ഹൈക്കോടതി രജിസ്ട്രാറാണ്‌  കഴിഞ്ഞയാഴ്‌ച പ്രത്യേക ദൂതൻ വഴി കത്ത്‌ ഡിജിപിക്ക്‌ കൈമാറിയത്‌.  വരുംദിവസങ്ങളിൽ ഹൈക്കോടതി രജിസ്ട്രാറിൽനിന്നും ജഡ്‌ജിമാരിൽനിന്നും പൊലീസ്‌ വിവരം ശേഖരിക്കും. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു അന്വേഷണം.

ജഡ്‌ജിമാർക്കുവേണ്ടി പണം വാങ്ങാറുണ്ടെന്ന്‌ സീനിയർ പറഞ്ഞതായി സൈബി ജോസിന്റെ ജൂനിയറിൽനിന്ന്‌ അറിഞ്ഞെന്ന്‌ മറ്റൊരു അഭിഭാഷകൻ ജഡ്‌ജിയെ അറിയിക്കുകയായിരുന്നു.  ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലും നവംബറിൽ അഡ്വക്കറ്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുസമയത്തും ഇതേ ആരോപണം വന്നതോടെ വിഷയം ചർച്ചയായി. തുടർന്ന്‌ ചീഫ്‌ ജസ്റ്റിസിന്റെ നിർദേശപ്രകാരം  ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി. വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണത്തിൽ ആരോപണം കോടതിക്ക് കളങ്കമുണ്ടാക്കിയെന്നും  സൈബി ജോസിനെതിരെ പ്രഥമദൃഷ്ട്യാ  തെളിവുണ്ടെന്നും ബോധ്യപ്പെട്ടു. തുടർന്ന്‌ ഫുൾകോർട്ട്‌ ചേർന്നാണ്‌ പൊലീസ്‌ അന്വേഷണത്തിന്‌ തീരുമാനിച്ചത്‌. തുടർന്നാണ്‌ ഡിജിപിക്ക്‌ കത്തുനൽകിയത്‌.  മാസങ്ങൾക്കുമുമ്പാണ്‌ സിനിമാ നിർമാതാവിനെതിരെ കൊച്ചി സിറ്റി പൊലീസ് കേസ്‌ രജിസ്റ്റ‍ർ ചെയ്തത്.

ഡിജിപിയുടെ അറിയിപ്പ് ഞായറാഴ്ച ലഭിച്ചതായി കമീഷണർ കെ സേതുരാമൻ പറഞ്ഞു. അഭിഭാഷകനെതിരേ കേസെടുത്തിട്ടില്ലെന്നും അടുത്തദിവസംതന്നെ തുടര്‍നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top