20 April Saturday
ആനമുട്ടയല്ല,‌ കൈനിറയെ പദ്ധതികൾ

ബജറ്റ്‌ വ്യവസായ ജില്ലയുടെ കുതിപ്പിന്‌ ഇന്ധനമാകും

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021


കൊച്ചി
എൽഡിഎഫ്‌ സർക്കാരിന്റെ ജനപ്രിയ ബജറ്റിൽ വ്യവസായ ജില്ലയ്‌ക്ക്‌ ലഭിച്ചത്‌ മുമ്പൊരിക്കലുമില്ലാത്ത പരിഗണന.  ഐടി മേഖലയുടെ കുതിപ്പിനും വൻകിട വ്യവസായ ഇടനാഴികളുടെ വികസനത്തിനും ലഭിച്ച ഊന്നൽ  ജില്ലയുടെ മുഖച്ഛായ മാറ്റും. 

അമ്പലമുകളിൽ ഫാക്‌ടിൽനിന്ന്‌ വാങ്ങിയ ഭൂമിയിൽ സ്ഥാപിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്‌ 1864 കോടിയാണ്‌ ബജറ്റിൽ നീക്കിവച്ചത്.‌ ബിപിസിഎൽ വിൽപ്പന നടപടികൾ ആരംഭിച്ചതോടെ ഇല്ലാതാകുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച വൻകിട പദ്ധതികൾ ഇല്ലാതാകില്ലെന്ന്‌ ബജറ്റ്‌ ഉറപ്പാക്കുന്നു. 1864 കോടി രൂപ മുതൽമുടക്കിൽ മൂന്നുവർഷത്തിനുള്ളിൽ പാർക്ക് പൂർത്തിയാകും. ബൾക്ക് ഡ്രഗ്ഗുകൾ ഉൽപ്പാദിപ്പിക്കുന്ന ഫാർമ പാർക്കിനായി 20 കോടി രൂപയും വകമാറ്റി. കൊച്ചിയിലെ 240 ഏക്കർ ഹൈടെക് ഇൻഡസ്‌ട്രിയൽ പാർക്കിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതിയുണ്ട്‌.  

മറ്റൊന്ന്‌, മൂന്ന് സുപ്രധാന വ്യവസായ വികസന ഇടനാഴികളാണ്. കൊച്ചി–പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോറാണ് അതിലൊന്ന്‌. ചെന്നൈ–-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി  അംഗീകരിച്ചിട്ടുള്ള ഇടനാഴിയിലെ ആദ്യ പദ്ധതിയായി അയ്യമ്പുഴയിൽ ആരംഭിക്കുന്ന വ്യവസായത്തിന്‌ 20 കോടി ബജറ്റിൽ വിലയിരുത്തി.

ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ്‌ ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) എന്ന ഹൈടെക് സർവീസുകളുടെയും ഫിനാൻസിന്റെയും ഹബ് ആണ്‌ അയ്യമ്പുഴയിൽ സ്ഥാപിക്കുന്നത്‌. 220 ഹെക്ടറിലാണ്‌ പദ്ധതി.  കേന്ദ്ര സഹകരണത്തോടെയുള്ള പദ്ധതിക്ക്‌ കിഫ്‌ബിയിൽനിന്നാണ്‌ സംസ്ഥാനം പണം ചെലവാക്കുക.  10,000 കോടി നിക്ഷേപവും 22,000 പേർക്ക് നേരിട്ട് ജോലിയും നൽകുന്ന പദ്ധതിക്കായി പാലക്കാടും കൊച്ചിയിലും 2321 ഏക്കർ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്നു. കൊച്ച –മംഗലാപുരം വ്യവസായ ഇടനാഴിയുടെ മാസ്‌റ്റർപ്ലാനും തയ്യാറാകുന്നു.

കാക്കനാട്‌ ഉൾപ്പെടെ കെഎസ്ഐഡിസി സ്ഥാപിക്കുന്ന  വ്യവസായ പാർക്കുകൾക്കായി 401 കോടി രൂപയും ബജറ്റിൽ വകമാറ്റിയിട്ടുണ്ട്‌. ഇൻഫോപാർക്കിൽ കിഫ്‌ബി പിന്തുണയോടെ 4.6 ലക്ഷം ചതുരശ്രയടിയിൽ നിർമിക്കുന്ന തൊഴിൽ സമുച്ചയങ്ങൾ ഈ സാമ്പത്തിക വർഷംതന്നെ തുറക്കുമെന്ന്‌ ബജറ്റ്‌ ഉറപ്പാക്കുന്നു. ഇൻഫോപാർക്കുകളുടെ വികസനത്തിന്‌ മറ്റൊരു 36 കോടിയും നീക്കിയിട്ടുണ്ട്‌.

കൊച്ചിയിലെ ഇൻഫോപാർക്കിൽ 2000 പേർക്ക് ജോലി നൽകുന്ന 40 കമ്പനികൾ ആരംഭിച്ച കാര്യം ബജറ്റ്‌ ഓർമിപ്പിച്ചു.  എൽഎൻജി/സിഎൻജിയുടെ മേലുള്ള വാറ്റ് നികുതി 14.5 ശതമാനത്തിൽനിന്ന്‌ അഞ്ച്‌ ശതമാനമായി കുറച്ചതും വലിയ കുതിപ്പിന്‌ വഴിയൊരുക്കും. ഇതോടെ എൽഎൻജി വാറ്റ്‌ തമിഴ്‌നാടിലേതിന്‌ തുല്യമാകും. നിലവിലെ ഉയർന്ന വാറ്റ്‌ നിരക്ക്‌ വ്യവസായങ്ങളുടെ വികസനത്തിനും പുതിയവയെ ആകർഷിക്കുന്നതിനും തടസ്സമായിരുന്നു. 

ബിപിസിഎൽ, ഫാക്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന്‌ പുതിയ നിരക്ക്‌ വഴിതുറക്കും. 166 കോടി രൂപയുടെ നികുതി നഷ്‌ടമുണ്ടാകുമെങ്കിലും സിറ്റി ഗ്യാസ് പ്രോജക്ടിനും ഗാർഹിക ഉപഭോക്താക്കൾക്കും ഈ നികുതിയിളവ്  ഏറെ ആശ്വാസമാകും. തുറമുഖങ്ങളുടെയാകെ വികസനത്തിന്‌ 80 കോടി രൂപ വകയിരുത്തിയതും കൊച്ചിക്കും നേട്ടമാകും.

ആനമുട്ടയല്ല,‌ കൈനിറയെ പദ്ധതികൾ
മുൻ യുഡിഎഫ്‌ സർക്കാരിന്റെ അവസാന ബജറ്റ്‌ അവതരിപ്പിച്ചതിന്റെ പിറ്റേന്ന്‌ പുറത്തിറങ്ങിയ മനോരമ പത്രത്തിന്റെ തലക്കെട്ട്‌ കൊച്ചിക്ക്‌ ആനമുട്ട എന്നായിരുന്നു.  കൊച്ചി മെട്രോയും ക്യാൻസർ സെന്ററും വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾക്കുമൊന്നും പണം അനുവദിക്കാത്ത സർക്കാരിനെ പരിഹസിച്ചാണ്‌ അന്നത്തെ സർക്കാർ അനുകൂല പത്രംതന്നെ ഇങ്ങനെ വിശേഷിപ്പിച്ചത്‌. എന്നാൽ, തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഓരോ ബജറ്റിലും പറഞ്ഞ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും കൊച്ചി മെട്രോയുടെ തുടർ പദ്ധതികളും വാട്ടർ മെട്രോയും കൊച്ചി ക്യാൻസർ സെന്ററും കുസാറ്റ്‌, ആയുർവേദ കോളേജ്‌ വികസനവും ഇൻഫോപാർക്കിന്റെയും സ്‌റ്റാർട്ടപ്പ്‌ വില്ലേജിന്റെയും തുടർവികസനവും യാഥാർഥ്യമായി. അതിന്റെ തുടർച്ചയായാണ്‌ ഈ സർക്കാരിന്റെ ഏറ്റവുമൊടുവിലെ ബജറ്റും. ജില്ലയ്‌ക്കു മാത്രമായി 4160 കോടിയുടെ പദ്ധതികളും വ്യവസായ, വാണിജ്യ ആസ്ഥാനമെന്ന നിലയിൽ പൊതുവായ ബജറ്റ്‌ വിഹിതത്തിൽനിന്നുള്ള തുകയുമടക്കം ആറായിരത്തിലധികം കോടിയുടെ വികസനമാണ്‌ ഈ ബജറ്റ്‌ കൊച്ചിക്കു സമ്മാനിക്കുക.

നിർദിഷ്ട കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി അയ്യമ്പുഴയിൽ ഗിഫ്‌റ്റ്‌ സിറ്റി പദ്ധതി‌ക്ക്‌ പ്രാരംഭപ്രവർത്തനത്തിന്‌ 20 കോടിയും അമ്പലമുകളിൽ  പെട്രോകെമിക്കൽ പാർക്കും ഫാർമ പാർക്കും കാക്കനാട്‌ കെഎസ്‌ഐഡിസി വ്യവസായ പാർക്കും ജില്ലയുടെ വ്യവസായ കുതിപ്പിനു ഇന്ധനമേകും. ഒപ്പം  ഇൻഫോപാർക്കിനുള്ള 36 കോടിയും സ്‌റ്റാർട്ടപ്പ്‌ മിഷനുള്ള ബജറ്റ്‌ വിഹിതവും ഐടി ഹബ്ബായി മാറുന്ന കൊച്ചിക്ക്‌ ഏറെ ഗുണമാകും. തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് എലിവേറ്റഡ് സമാന്തരപാതയടക്കം കൊച്ചിയിലെ പ്രധാന റോഡ് നെറ്റ്‌വർക്കുകൾക്കും മുനമ്പം പാലത്തിനും പണം നീക്കിവച്ചത്‌ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ജില്ലയ്‌ക്ക്‌ നേട്ടമാണ്‌. കൊച്ചി മെട്രോ റെയിലിന്റെ ഒന്നാംഘട്ടത്തിന്റെ അനുബന്ധമായ പേട്ട–-തൃപ്പൂണിത്തുറ പാത പൂർത്തിയാക്കുന്നതിനൊപ്പം കേന്ദ്രാനുമതി കാക്കുന്ന കലൂർ സ്‌റ്റേഡിയം–-കാക്കനാട്‌ ഇൻഫോപാർക്ക്‌ പാതയ്‌ക്ക്‌ 1957 കോടി രൂപ നിക്കിവച്ചു. കഴിഞ്ഞ ബജറ്റിലെ പ്രധാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ അടുത്തമാസം ഉദ്‌ഘാടനം ചെയ്യുമ്പോൾ ഈ ബജറ്റ്‌ രണ്ടാംഘട്ടത്തിനും പണം നീക്കിവച്ചു. മത്സ്യത്തൊഴിലാളി മേഖലയ്‌ക്കു ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റ്‌ കൊച്ചിയുടെ തീരമേഖലയുടെ ചിരകാല സ്വപ്‌നമായ ചെല്ലാനത്തെ  കടൽഭിത്തി നിർമാണത്തിനും പണം നീക്കിവച്ചിട്ടുണ്ട്‌. പരമ്പരാഗത വ്യവസായത്തെ സഹായിക്കാൻ ബാംബൂ കോർപറേഷന്‌ ഏഴുകോടി ബജറ്റ്‌ വിഹിതമുണ്ട്‌. അതിഥിത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള ബജറ്റ്‌ വിഹിതം ഏറ്റവും കൂടുതൽ അതിഥിത്തൊഴിലാളികളുള്ള പെരുമ്പാവൂർ പോലുള്ള മേഖലയ്‌ക്കും ഏറെ സഹായമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top