25 April Thursday
കേരളം ഉത്തമമാതൃക: 
കേന്ദ്രമന്ത്രി മൊരേശ്വർ പാട്ടീൽ

ഗ്രാമപഞ്ചായത്തുകളുടെ സുസ്ഥിര വികസനം : ദേശീയ ശിൽപ്പശാല ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

ദേശീയ സെമിനാർ 
കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടീൽ ഉദ്ഘാടനം ചെയ്യുന്നു. തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് സമീപം.


കൊച്ചി
ഗ്രാമപഞ്ചായത്തുകളുടെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ത്രിദിന ദേശീയശിൽപ്പശാല ആരംഭിച്ചു. സംസ്ഥാന സർക്കാർ, തദ്ദേശവകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. സിയാൽ കൺവൻഷൻ സെന്ററിൽ കേന്ദ്ര പഞ്ചായത്തീരാജ്‌ സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടീൽ ഉദ്‌ഘാടനം ചെയ്‌തു. തദ്ദേശമന്ത്രി എം ബി രാജേഷ്‌ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി സുനിൽ കുമാർ,  ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി നാഗേന്ദ്ര നാഥ് സിൻഹ, തദ്ദേശ  അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് എന്നിവർ സംസാരിച്ചു. 

പരിപാടിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പ്രദർശനം കപിൽ മൊരേശ്വർ പാട്ടീൽ, വി മുരളീധരൻ, എം ബി രാജേഷ് എന്നിവർ ചേർന്ന്‌ ഉദ്ഘാടനം ചെയ്തു. ‘സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക സുരക്ഷാ ശൃംഖല പഞ്ചായത്തുകളിലൂടെ’, ‘ദാരിദ്ര്യനിർമാർജനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ മികച്ച മാതൃക’ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചയുണ്ടാകും. പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിക്കും. മൂന്നാംദിവസം ‘അനുഭവം പങ്കിടലും പഠനവും' എന്നതിനെ ആസ്പദമാക്കി ശിൽപ്പശാലയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ വിവിധ പഞ്ചായത്തുകൾ സന്ദർശിക്കും.

ദാരിദ്ര്യനിർമാർജനം
കേരളം ഉത്തമമാതൃക: 
കേന്ദ്രമന്ത്രി മൊരേശ്വർ പാട്ടീൽ
സുസ്ഥിരവികസനത്തിലൂടെ ദാരിദ്ര്യനിർമാർജനം ഫലപ്രദമായി എങ്ങനെ നടപ്പാക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് കേരളമെന്ന് കേന്ദ്ര പഞ്ചായത്ത്‌രാജ്‌ സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടീൽ പറഞ്ഞു.

"സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം ഗ്രാമപഞ്ചായത്തുകളിൽ' വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ അർഥവത്തായ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ബജറ്റ് വിഹിതത്തിന്റെ നല്ലൊരു പങ്ക് തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കിവയ്‌ക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്‌. പഞ്ചായത്തുകൾ സ്വന്തം വരുമാനം കണ്ടെത്തേണ്ടതും അനിവാര്യമാണ്. ആവശ്യമായവ പ്രാദേശികമായി ഉൽപ്പാദിപ്പിക്കാനാകുന്നതരത്തിൽ ഗ്രാമങ്ങൾ സ്വയംപര്യാപ്‌തമാകണമെന്നും അദ്ദേഹം പറഞ്ഞു.

അതിദരിദ്രരെ കണ്ടെത്താനുള്ള 
സർവേ പൂർത്തിയായി: 
മന്ത്രി എം ബി രാജേഷ്‌
അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള തീവ്രയത്നത്തിലാണ്‌ സംസ്ഥാന സർക്കാരെന്ന്‌ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്‌. ഇതിനായി അതിദരിദ്രരെ കണ്ടെത്താൻ കുടുംബശ്രീവഴി നടത്തിയ സർവേ പൂർത്തിയായി. "സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം ഗ്രാമപഞ്ചായത്തുകളിൽ' വിഷയത്തിൽ നടന്ന ദേശീയ ശിൽപ്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളത്തിന്‌ ഒന്നാംസ്ഥാനം ലഭിച്ചു. ഇത്‌ ദാരിദ്ര്യനിർമാർജനത്തിൽ സംസ്ഥാനം എവിടെ എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌. നിരന്തരമായ സാമൂഹിക ഇടപെടലുകളിലൂടെയും സാമൂഹിക പരിഷ്കാരങ്ങളിലൂടെയുമാണ് കേരളം ദാരിദ്ര്യത്തെ തുടച്ചുനീക്കിയത്. ഇ എം എസ്‌ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണനിയമംമുതലുള്ള ഒട്ടേറെ നടപടികൾ ഇതിന് കാരണമായി. 25 വർഷത്തിനുള്ളിൽ കേരളത്തിലെ ദാരിദ്ര്യനിർമാർജനത്തിൽ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top