20 April Saturday

യുഡിഎഫ്‌ കോൺഗ്രസും ലീഗും മാത്രമായി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന കേരള കോൺഗ്രസ്‌ എം തീരുമാനം സ്വാഗതംചെയ്യുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. യുഡിഎഫിന്റെ തകർച്ചയ്‌ക്ക് ആക്കംകൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തിൽ ഗുണപരമായ ധ്രുവീകരണം ശക്തിപ്പെടുത്തും. ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച  സാഹചര്യത്തിൽ എൽഡിഎഫ് ചർച്ചചെയ്ത്  തീരുമാനമെടുക്കും.

യുഡിഎഫ് രൂപീകരണത്തിന് നേതൃത്വം നൽകിയ പാർടിയാണ് 38 വർഷത്തിനു ശേഷം ആ മുന്നണി വിട്ടത്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിൽ നിന്നും പുറത്തുവന്ന എൽജെഡി, എൽഡിഎഫിന്റെ ഭാഗമായി. കോൺഗ്രസും ലീഗും മാത്രമായി ഫലത്തിൽ യുഡിഎഫ്‌ മാറി.

ഉപാധികളില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതുമുന്നണിയുമായി സഹകരിക്കുകയെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണ്. മതനിരപേക്ഷത, കർഷക പ്രശ്‌നങ്ങൾ, വികസനം എന്നിവയിൽ എൽഡിഎഫിന്റെയും സർക്കാരിന്റെയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. നാടിന്റെ പൊതുവികാരമാണ് അതിൽ പ്രതിഫലിക്കുന്നത്. ഇത് എൽഡിഎഫ് സ്വീകരിക്കുന്ന ശരിയായ സമീപനത്തിനുള്ള അംഗീകാരമാണെന്നും സെക്രട്ടറിയറ്റ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top