12 July Saturday

ബാങ്ക്‌ ഭാരവാഹി തെരഞ്ഞെടുപ്പ്‌ ; വയനാട്ടിൽ സുധാകരന്റെ 
തീരുമാനം അട്ടിമറിച്ച്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023


ബത്തേരി
വയനാട്ടിൽ സഹകരണ ബാങ്ക്‌ ഭാരവാഹി തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ തീരുമാനം അട്ടിമറിച്ച്‌ നേതാക്കൾ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തി. അരനൂറ്റാണ്ടോളമായി കോൺഗ്രസ്‌ ഭരണമുള്ള ബത്തേരി സഹകരണ അർബൻ ബാങ്കിലെ വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിലാണ്‌ സുധാകരൻ നിർദേശിച്ച സ്ഥാനാർഥിയെ നേതാക്കളുടെ പിന്തുണയോടെ ഡയറക്ടർമാർ പരാജയപ്പെടുത്തിയത്‌.
ഡിസിസി ജനറൽ സെക്രട്ടറി ശ്രീജി ജോസഫിനെ വൈസ്‌ ചെയർമാൻ ആക്കണമെന്നായിരുന്നു കെപിസിസി നിർദേശം. എന്നാൽ ഈ തീരുമാനം തള്ളി കോൺഗ്രസ്‌ ബത്തേരി ബ്ലോക്ക്‌ സെക്രട്ടറി വി ജെ തോമസിനെ വൈസ്‌ ചെയർമാനായി തെരഞ്ഞെടുത്തു. നാലിനെതിരെ ഒമ്പത്‌ വോട്ടുകൾക്കാണ്‌  ഔദ്യേഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്‌. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ പിന്തുണയോടെയാണ്‌ തോമസ്‌ മത്സരിച്ചത്‌.

കഴിഞ്ഞ ഒമ്പതിനായിരുന്നു  ബാങ്ക്‌ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്‌. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്‌ണനും തമ്മിൽ ഉടലെടുത്ത ഭിന്നതയുടെ തുടർച്ചയാണ്‌ ഭാരവാഹി തെരഞ്ഞെടുപ്പിലുമുണ്ടായത്‌. ചെയർമാൻ സ്ഥാനത്തേക്ക്‌ ബാലകൃഷ്‌ണൻ പക്ഷത്തെ ഡിസിസി ജനറൽ സെക്രട്ടറി ഡി പി രാജശേഖരനും  അപ്പച്ചൻ പക്ഷത്തെ ഡിസിസി ജനറൽ സെക്രട്ടറി ശ്രീജി ജോസഫും അവകാശവാദം ഉന്നയിച്ചതോടെ തർക്കം മുറുകി. ഒടുവിൽ രാജശേഖരനെ ചെയർമാനും ശ്രീജി ജോസഫിനെ വൈസ്‌ ചെയർമാനുമാക്കാൻ സുധാകരൻ നിർദേശിച്ചു. ഇതുസംബന്ധിച്ച്‌ ഡിസിസി നേതൃത്വത്തിനും ഡയറക്ടർമാർക്കും കെപിസിസി കത്തും നൽകി.  
വെള്ളിയാഴ്‌ച രാവിലെ ചെയർമാൻ, വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ചേർന്ന ഡയറക്ടർമാരുടെ യോഗത്തിൽ ഭിന്നത കടുത്തതോടെ എൻ ഡി അപ്പച്ചൻ ഇറങ്ങിപ്പോയി. ചെയർമാൻ തെരഞ്ഞെടുപ്പിൽ രാജശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിൽ സുധാകരന്റെ നിർദേശം അട്ടിമറിച്ചു. പിന്നാലെ  കെപിസിസി പ്രസിഡന്റിന്റെ കത്തും പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top