29 March Friday

കെപിസിസി പട്ടിക : ജോഡോ പോയാൽ അടിപൊട്ടും ; കൂടെയുള്ളവരെയും വെട്ടി കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022


തിരുവനന്തപുരം
പ്രസിഡന്റ് സ്ഥാനം തെറിക്കാതിരിക്കാൻ പുതിയ കെപിസിസി പട്ടികയിൽനിന്ന്‌ കൂടെയുള്ളവരെയും വെട്ടി കെ സുധാകരൻ. പട്ടികയിലെത്തിയതിൽ ഭൂരിഭാഗവും കെ സി വേണുഗോപാലിന്റെ നോമിനികളാണ്‌. എ, ഐ ഗ്രൂപ്പിൽ നിന്നുള്ളവരും ഫലത്തിൽ കെ സി ഗ്രൂപ്പിനൊപ്പമാകും നിലയുറപ്പിക്കുക. കടുത്ത പ്രതിഷേധം ഉയരുമെന്ന്‌ മനസ്സിലാക്കിയാണ്‌ രാഹുൽ ഗാന്ധിയുടെ ‘ ഭാരത്‌ ജോഡോ ’ യാത്ര കേരളത്തിലുള്ള സമയത്തുതന്നെ പട്ടിക ഒരു പത്രം വഴി പുറത്തുവിട്ടത്‌. വ്യാഴം രാവിലെ 11ന്‌ കെപിസിസി ഓഫീസിൽ പ്രദേശ് റിട്ടേണിങ്‌ ഓഫീസർ ജി പരമേശ്വര യോഗം വിളിച്ചിട്ടുണ്ട്‌. പുതിയ 310 കെപിസിസി അംഗങ്ങളുമെത്തും. കെ സുധാകരന്റെ തുടർച്ചയ്ക്കായി തീരുമാനം ‘ഹൈക്കമാൻഡിന്‌ വിടുന്നു’ ഒറ്റ വരി പ്രമേയം പാസാക്കും. കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ജി എസ് ബാബു, സുബോധൻ എന്നിവരെ ഒഴിവാക്കിയത്‌ തിരുവനന്തപുരത്ത്‌ കടുത്ത പ്രതിഷേധത്തിന്‌ വഴിവയ്ക്കും. മറ്റെല്ലാ ജില്ലകളിലും പ്രമുഖർ തഴയപ്പെട്ടു. കെ സുധാകരനും വി ഡി സതീശനും എതിർപ്പുള്ളവരെ പട്ടികയിൽനിന്ന്‌ നീക്കി. എൻ എസ്‌ നുസൂറിനെ നീക്കണമെന്നത് സതീശന്റെ തീരുമാനമാണ്‌. മര്യാപുരം ശ്രീകുമാർ, ചെന്നിത്തലയെ ഉപേക്ഷിച്ച്‌ സുധാകരനൊപ്പം ചേർന്ന ബിആർഎം ഷെഫീർ തുടങ്ങിയവർക്ക്‌ ഇടംകിട്ടിയില്ല. ശശി തരൂരും അടൂർ പ്രകാശും എംപിമാർ എന്ന നിലയിൽ കെപിസിസിയിൽ ഉണ്ട്‌. ബ്ലോക്ക്‌ പ്രാതിനിധ്യം വഴി 285 പേരും മുൻകെപിസിസി അധ്യക്ഷന്മാർ, പാർലമെന്ററി പാർടി നേതാക്കൾ എന്നിങ്ങനെ 14 പേരും ഉൾപ്പെട്ടതാണ്‌ പട്ടിക. 

ഏത്‌ ഗ്രൂപ്പിന്റെ പേരിൽ പരിഗണിച്ചാലും കൂറ്‌ കെ സിക്കൊപ്പം എന്ന മാനദണ്ഡത്തിനായിരുന്നു മുഖ്യപരിഗണനയെന്ന്‌ പട്ടികയിൽ ഇടംലഭിക്കുമെന്ന്‌ പ്രതീക്ഷിച്ച കോൺഗ്രസ്‌ നേതാവ്‌ പറഞ്ഞു. കൂട്ടാക്കാത്തവരും സംശയത്തിന്റെ നിഴലിലുള്ളവരുമാണ്‌ പുറത്തായത്‌. അന്തരിച്ച പ്രതാപവർമ തമ്പാൻ പട്ടികയിൽ ഉൾപ്പെട്ടതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്‌. രാഹുൽ ഗാന്ധിയുടെ ജാഥ കേരളം വിട്ടാൽ അടി പരസ്യമാകും.

‘പണി’ വാങ്ങി യാത്ര 
കൊല്ലത്ത്‌
രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത്‌ ജോഡോ’ യാത്ര കേരളത്തിലെത്തി ആദ്യ ജില്ല കടന്നപ്പോൾ ആവശ്യത്തിന്‌ ‘പണി’ കിട്ടിയതായി നേതാക്കളുടെ ആക്ഷേപം. കെ സി വേണുഗോപാൽയാത്രയാക്കി മാറ്റിയെന്നും ശിവഗിരിയിൽ വിളിച്ചപ്പോൾ പോകാതെ കേറിച്ചെന്ന്‌ നാറ്റിക്കേണ്ടിയിരുന്നില്ലെന്നും ഒരുവിഭാഗം നേതാക്കൾ. യുഡിഎഫ്‌ ഘടകകക്ഷി നേതാക്കൾ പോലും രാഹുലിനെ കാണുമ്പോൾ കെ സി വേണുപോപാൽ മാത്രമേ ഒപ്പമുണ്ടാകാൻ പാടുള്ളൂവെന്നാണ്‌ നിബന്ധന. കെ സുധാകരനെയോ വി ഡി സതീശനെയോ പോലും അനുവദിക്കുന്നില്ല.

തിരുവനന്തപുരം ജില്ലയിലെ പര്യടനം അവസാനിപ്പിച്ച്‌ ബുധൻ പുലർച്ചെ ശിവഗിരിമഠം സന്ദർശിച്ചാണ്‌ രാഹുൽ കൊല്ലത്തേക്ക്‌ കടന്നത്‌. ശിവഗിരി സന്ദർശിച്ച രാഹുലിനോട്‌ ശക്തമായ പ്രതിഷേധവും കേരളത്തിലെ മതനിരപേക്ഷ–-സൗഹാർദ അന്തരീക്ഷത്തിന്റെ പ്രത്യേകതയുമാണ്‌ സ്വാമിമാർ വിശദീകരിച്ചത്‌.  മഠത്തോടും ശ്രീ നാരായണഗുരു സങ്കൽപ്പങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളതെന്ന്‌ ശ്രീനാരായണ ഗുരു ധർമസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണീയർക്ക്‌ കോൺഗ്രസിൽ പ്രാതിനിധ്യം കുറവാണ്‌. 28 ശതമാനമുള്ള ശ്രീനാരായണീയർക്ക് കോൺഗ്രസിൽനിന്ന് ഒരു എംഎൽഎ മാത്രമേ ഉള്ളൂവെന്നും രാഹുലിനോട്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top