20 April Saturday

സ്വർണ നിക്ഷേപത്തട്ടിപ്പ് : 12 കേസിൽ എഫ്‌ഐആർ നൽകി

പി മഷൂദ്‌Updated: Tuesday Sep 15, 2020



എം സി ഖമറുദ്ദീൻ എംഎൽഎ മുഖ്യപ്രതിയായ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിന്റെ 12 കേസുകളിൽ സംസ്ഥാന ക്രൈംബ്രാഞ്ച്‌ കാസർകോട്‌ ജില്ലാ മജിസ്‌ട്രേട്ട്‌ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ജ്വല്ലറി ചെയർമാൻ ഖമറുദ്ദീനും മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളും മറ്റു ഡയറക്ടർമാരുമാണ്‌ പ്രതികൾ.

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി കെ കെ  മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കാസർകോട്‌ ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ച 12 കേസുകളാണ്‌ ഏറ്റെടുത്ത്‌ നടപടി ആരംഭിച്ചത്. എണ്ണൂറോളം നിക്ഷേപകരിൽനിന്ന്‌ 150 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ചന്തേര പൊലീസിൽ ആദ്യം ലഭിച്ച പരാതികളാണിവ. ചന്തേര, കാസർകോട്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 43 കേസുകളാണ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. ബാക്കിയുള്ള കേസുകളും ക്രൈംബ്രാഞ്ച് ഉടൻ ഏറ്റെടുക്കും.

ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൾഷുക്കൂർ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും),  വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം), മുട്ടം വെങ്ങരയിലെ നാലകത്ത് അബ്ദുൾറഹിമാൻ (15 ലക്ഷം), കാടങ്കോട് സ്വദേശികളായ കെ എം മഹമൂദ്, കദീജ (പത്ത് ലക്ഷം), കെ സി അബ്ദുൾറസാഖ് (പത്ത് ലക്ഷം), തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനി എ ഷാഹിദ (മൂന്ന് ലക്ഷം), കാങ്കോലിലെ കെ സുബൈദ (അഞ്ച് ലക്ഷം), തൃക്കരിപ്പൂർ തങ്കയത്തെ സി കെ അബ്ദുൾറഹിമാൻ (ഏഴ് ലക്ഷം), കവ്വായിയിലെ എം ടി പി ഇല്യാസ് (ആറ് ലക്ഷം),  കാങ്കോൽ നോർത്തിലെ അബ്ദുൾഖാദർ (എട്ട് ലക്ഷം), ഉദുമ സ്വദേശി ശാഫിയും ബന്ധുക്കളും (71 ലക്ഷം) എന്നിവരുടെ പരാതിയിലുള്ള കേസുകളിലാണ് കോടതിയിൽ എഫ്‌ഐആർ നൽകിയത്‌. കൂടുതൽ പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്‌. 2006ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ കമ്പനി രൂപീകരിച്ച്‌ ജ്വല്ലറി ശൃംഖല തുടങ്ങിയത്. ഇതിനുപുറമെ നാല്‌ കടലാസ്‌ കമ്പനികളും രൂപീകരിച്ച്‌ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്‌. നിക്ഷേപകർക്ക്‌ പണം തിരികെനൽകാതെ ജ്വല്ലറികളെല്ലാം പൂട്ടുകയും സ്വത്ത്‌ വിൽക്കുകയും കൈമാറ്റം ചെയ്യുകയുമാണുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top