19 April Friday

ഇഡിക്കുപിന്നാലെ ഇബ്രാഹിംകുഞ്ഞിനെ ഉന്നമിട്ട്‌ വിരുദ്ധപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


കൊച്ചി
ഡയറക്‌ടറേറ്റ്‌ ഓഫ്‌ എൻഫോഴ്‌സ്‌മെന്റ്‌ (ഇഡി) വിളിപ്പിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിനെതിരെ മുസ്ലിംലീഗും യൂത്ത്‌ ലീഗും നടത്തുന്ന പോർവിളിയിൽ മുട്ടിടിച്ച്‌ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇബ്രാഹിംകുഞ്ഞിനെതിരെ ഇഡി കേസെടുത്ത്‌ അന്വേഷിച്ചുവരികയാണ്‌. പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ അഞ്ചാംപ്രതിയായ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ്‌ അന്വേഷണവും നടക്കുന്നുണ്ട്‌.

നോട്ടുനിരോധനം വന്നപ്പോൾ ചന്ദ്രിക ദിനപത്രത്തിന്റെ മൂന്ന്‌ അക്കൗണ്ടുകളിലായി 10 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചെന്നാണ്‌ ഇബ്രാഹിംകുഞ്ഞിനെതിരായ കേസ്‌. ഇത്‌ പാലാരിവട്ടം പാലം നിർമാണ അഴിമതിയുടെ ഉൾപ്പെടെ പണമാണെന്നും ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുവിവരവും അന്വേഷിക്കണമെന്നുമുള്ള ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിന്‌ ആവശ്യമായ വിവരങ്ങൾ വിജിലൻസ്‌ കൈമാറണമെന്നും ആഗസ്‌ത്‌ 17ന്‌ ജസ്‌റ്റിസ്‌ സുനിൽ തോമസ്‌ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. ഇതനുസരിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌ അന്വേഷണം നടത്തിവരികയാണ്‌. വൈകാതെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാനും നീക്കമുണ്ട്‌.

ഇഡി ചോദ്യംചെയ്‌തതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിനെതിരെ മുസ്ലിംലീഗ്‌ ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇബ്രാഹിംകുഞ്ഞിനും ലീഗിൽ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവർക്കും എതിരായ വിഭാഗം ആവേശത്തിലാണ്‌. ലീഗിന്റെ എറണാകുളം ജില്ലാ കമ്മിറ്റിതന്നെയാണ്‌ അതിന്റെ മുന്നിലുള്ളത്‌. കള്ളപ്പണം വെളുപ്പിച്ച കേസിലും അതിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിലും ഇബ്രാഹിംകുഞ്ഞിനെതിരെ ജില്ലാ കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു. ജില്ലാ ജനറൽ സെക്രട്ടറികൂടിയായ ഇബ്രാഹിംകുഞ്ഞിന്റെ മകനെതിരെയും ഇതിന്റെ പേരിൽ ജില്ലാ കമ്മിറ്റിയിൽ കലാപക്കൊടി ഉയർന്നു. എന്നാൽ, ഈ വിഷയങ്ങളിൽ പാണക്കാട്‌ തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും പിന്തുണ ഇബ്രാഹിംകുഞ്ഞിനായിരുന്നു. രണ്ടംഗ കമ്മിറ്റിയെ അന്വേഷണത്തിന്‌ നിയോഗിച്ച്‌ തൽക്കാലം കുഴപ്പം ശമിപ്പിച്ചിരിക്കുകയാണ്‌ തങ്ങൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇഡി ചോദ്യംചെയ്‌താലുടൻ അത്‌ ഉയർത്തിക്കാട്ടി ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടാനാണ്‌ വിരുദ്ധവിഭാഗം തീരുമാനിച്ചിട്ടുള്ളത്‌. വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിക്കാനെങ്കിലും അതുകൊണ്ടാകുമെന്ന്‌ ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധർ കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top