24 April Wednesday

ജില്ലയിൽ ചൊവ്വാഴ്ച 70 പേർക്ക്‌ രോഗബാധ ; സ്ഥിതി ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


കൊച്ചി
ജില്ലയിൽ കോവിഡ്‌ പ്രതിസന്ധി രൂക്ഷമാകുന്നു. ചൊവ്വാഴ്ച 70 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഏറ്റവുമധികം രോഗം സ്ഥിരീകരിച്ച ദിനംകൂടിയാണിത്‌. 58 പേര്‍ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്‌. ഒരു ഡോക്ടർക്കും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ ജില്ലയിലെ കോവിഡ്‌ രോഗികളുടെ എണ്ണം 403 ആയി.

രോഗവ്യാപനം കൂടുതലുള്ള ആലുവ, ചെല്ലാനം, കീഴ്മാട്‌ പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കും. ചെല്ലാനം പഞ്ചായത്തിലെ 83 പേർക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചു. ചെല്ലാനത്ത്‌ ഇരുപതും ആലുവയിൽ പതിമൂന്നും പേർക്കുവീതം ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ചെല്ലാനത്തുനിന്ന്‌ 226 പേരുടെ സാമ്പിളുകൾ ശേഖരിച്ചു. സമീപപ്രദേശങ്ങളായ കണ്ണമാലി, കുമ്പളങ്ങി മേഖലകളിൽനിന്ന്‌ 101 സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്‌.
രണ്ടുദിവസത്തിനുള്ളിൽ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ (എഫ്എൽടിസി) ചെല്ലാനത്ത്‌ സജ്ജമാക്കും. സെന്റ് ആന്റണീസ് പള്ളിയോട് ചേർന്നുള്ള കെട്ടിടമാണ് ഇതിനായി ഉപയോഗിക്കുക. 50 കിടക്കകൾ ക്രമീകരിക്കും.

കവളങ്ങാട്, കരുമാലൂർ, കുമ്പളങ്ങി പഞ്ചായത്തുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കും. നിയന്ത്രണമുള്ള പ്രദേശങ്ങളിൽ കാർഡ് ഉടമകൾക്കുള്ള അഞ്ചു കിലോഗ്രാം അരി വിതരണത്തിനായി റേഷൻകടകളിൽ എത്തിച്ചു. നിരീക്ഷണത്തിലുള്ളവർക്ക്‌ വളന്റിയർമാരുടെ സഹായത്തോടെ അരി വീടുകളിൽ എത്തിക്കും. ഇവർക്ക് അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്യുന്നതിനായി പഞ്ചായത്ത്‌ പ്രതിനിധികൾക്ക് നിർദേശം നൽകി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റാപിഡ് ആക്‌ഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

ആലുവയിലും കീഴ്മാട്‌ പ്രദേശങ്ങളിലും പരിശോധന വർധിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. ജില്ലയിൽ കോവിഡ് പരിശോധനയുടെ ഭാഗമായി 839 സാമ്പിളുകൾകൂടി പരിശോധനയ്ക്ക്‌ അയച്ചു. സർക്കാർ ലാബുകളിലാണ്‌ പരിശോധന. ഇതിനായി മൂന്ന് ആർടി പിസിആർ ഉപകരണങ്ങൾ നിലവിലുണ്ട്‌. ഒരു ഉപകരണംകൂടി ഉടൻ സജ്ജമാക്കും. 2195 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

10,000 കിടക്കകളുമായി എഫ്എൽടിസി
കോവിഡ് ബാധിതർക്ക്‌ ചികിത്സ ഉറപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിൽ ജില്ലയിൽ 10,000 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകൾ (എഫ്എൽടിസി) വരുന്നു. ശരാശരി 100 കിടക്കകൾവീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക. എഫ്എൽടിസി സേവനത്തിനായി പ്രദേശവാസികളായ രണ്ട് വളന്റിയർമാരെയും നിയോഗിക്കും. മറ്റുരോഗങ്ങൾ ചികിത്സിക്കാൻ ടെലി മെഡിസിൻ സംവിധാനവും സാമ്പിൾ ശേഖരണത്തിന്‌ സ്വാബ് കലക്‌ഷൻ കേന്ദ്രവും അടിയന്തരാവശ്യങ്ങൾക്കായി ഡബിൾ ചേംബർ വാഹനവും ക്രമീകരിക്കും.    

ഒമ്പത്‌ കണ്ടെയ്‌ൻമെന്റ്‌ സോണുകൾകൂടി
ജില്ലയിൽ ഒമ്പത്‌ പ്രദേശങ്ങളെക്കൂടി കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി. വടക്കേക്കര പഞ്ചായത്തിലെ വാർഡ്‌ 16, കരുമാല്ലൂർ പഞ്ചായത്തിലെ 7,10,11 വാർഡുകൾ, കവളങ്ങാട്‌ പഞ്ചായത്തിലെ വാർഡ്‌ 8, കൊച്ചി നഗരസഭയിലെ 22, 69, 38, 40 ഡിവിഷനുകൾ എന്നിവയാണ്‌ പുതിയ കണ്ടെയ്‌ൻമെന്റ്‌ സോണുകൾ. കഴിഞ്ഞ ഏഴുദിവസമായി മറ്റു രോഗികളില്ലാത്തതിനാൽ പൈങ്ങോട്ടൂർ പഞ്ചായത്തിലെ വാർഡ്‌ 5, കൊച്ചി നഗരസഭയിലെ ഡിവിഷൻ 58 എന്നീ പ്രദേശങ്ങളെ ഒഴിവാക്കി. ഇതോടെ കണ്ടെയ്‌ൻമെന്റ്‌ സോണുകളുടെ എണ്ണം 126 ആയി.

വ്യാപനം തടയാൻ മേൽനോട്ടസമിതി
കോവിഡ്‌ വ്യാപനം തടയുന്നതിന് മേൽനോട്ടസമിതിയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. രോഗികളെ നിരീക്ഷിക്കാനും വ്യാപനം തടയാൻ പദ്ധതി തയ്യാറാക്കാനുമാണ്‌ സമിതി. ഇതിനായി ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ്ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലും മേൽനോട്ട ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ അതാത് ദിവസത്തെ വിവരങ്ങൾ ശേഖരിക്കും. ഇവരുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ പരിശോധിച്ച്‌ ക്വാറന്റൈൻ നിർദേശിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top