24 September Sunday
സന്ദീപിനെ ഇന്ന്‌ 
കസ്റ്റഡിയിൽ വിടും

സുരക്ഷയ്ക്ക് വിമുക്തസൈനികരെ 
നിയമിക്കണം, സ്വകാര്യ ഏജൻസികളിൽ
 നിന്ന്‌ ചുമതല മാറ്റണം ; ആരോഗ്യവകുപ്പ്‌ റിപ്പോർട്ട്

സ്വന്തം ലേഖകൻUpdated: Monday May 15, 2023


കൊല്ലം
ആശുപത്രിയിലെ സുരക്ഷാജീവനക്കാരുടെ കാര്യത്തിൽ പുനഃപരിശോധന വേണമെന്ന്‌ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനിടയാക്കിയ സംഭവങ്ങളെക്കുറിച്ച്‌ അന്വേഷിച്ച ആരോഗ്യവകുപ്പ്‌ റിപ്പോർട്ടിൽ ശുപാർശ. സ്വകാര്യ ഏജൻസികളിൽനിന്ന്‌ സുരക്ഷാചുമതല മാറ്റി നിയമനം വിമുക്തസൈനികർക്കു മാത്രമാക്കണം. വ്യവസായ സംരക്ഷണസേനയിലെ വിരമിച്ച  ഉദ്യോഗസ്ഥരുടെ സേവനവും പരിഗണിക്കാം.

കൊല്ലം ഡെപ്യൂട്ടി ഡിഎംഒയും ആരോഗ്യവകുപ്പ്‌ വിജിലൻസ്‌ നോഡൽ ഓഫീസറുമായ സാജൻ മാത്യുവാണ്‌ ആരോഗ്യ ഡയറക്ടർ, ആരോഗ്യ വിജിലൻസ്‌ അഡീഷണൽ ഡയറക്ടർ എന്നിവർക്ക്‌ റിപ്പോർട്ട്‌ നൽകിയത്‌.

അക്രമി രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെ അത്യാഹിതവിഭാഗത്തിനു പുറത്തേക്കുള്ള വാതിൽ അടച്ചത്‌ കൊലപാതകത്തിന്‌ പ്രതിക്ക്‌ കൂടുതൽ അവസരമായതായി റിപ്പോർട്ടിലുണ്ട്‌. സംഭവം നടക്കുന്ന സമയത്തെ ഡ്യൂട്ടി ചുമതലക്കാർക്ക്‌ ജാഗ്രതക്കുറവുണ്ടായി. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ പൗർണമി, ഡ്യൂട്ടി ഡോക്ടർ മിന്റു എന്നിവർക്കായിരുന്നു ആശുപത്രി ചുമതല. സന്ദീപിനെ എത്തിക്കുമ്പോൾ ഹൗസ്‌ സർജന്മാരായ വന്ദന ദാസും ഷിബിനും മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

60 ദിവസത്തിനകം 
കുറ്റപത്രം സമർപ്പിക്കും: 
എഡിജിപി
ഡോ. വന്ദന ദാസ്‌ കൊലപാതകക്കേസിൽ 60 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന്‌ എഡിജിപി എം ആർ അജിത്‌കുമാർ. കേസിൽ സമഗ്രവും കൃത്യവുമായ അന്വേഷണം നടക്കുന്നു. പൊലീസിന്റെ ഭാഗത്ത്‌ വീഴ്‌ചയില്ല. സംഭവസ്ഥലത്ത്‌ ഉണ്ടായിരുന്ന ഹൗസ്‌ സർജൻ ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ എഫ്‌ഐഎസ്‌ തയ്യാറാക്കിയത്‌. ഇത്‌ അന്വേഷക സംഘം പരിശോധിച്ചു. കൂടുതൽ വ്യക്തമായ വിവരങ്ങൾ എഫ്‌ഐആറിൽ ഉറപ്പാക്കും. ശാസ്‌ത്രീയമായ എല്ലാ  തെളിവുകളും ശേഖരിക്കും. കുറ്റമറ്റനിലയിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപിനെ ഇന്ന്‌ 
കസ്റ്റഡിയിൽ വിടും
ഡോ. വന്ദന ദാസ്‌ കൊലക്കേസിൽ റിമാൻഡിലുള്ള പ്രതി സന്ദീപിനെ ചൊവ്വാഴ്‌ച ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിടും. കേസ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം ആവശ്യപ്പെട്ട പ്രകാരം  കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ സിബി രാജേഷ്‌ പ്രൊഡക്‌ഷൻ വാറന്റ്‌ പുറപ്പെടുവിച്ചു. ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വിട്ടുനൽകും.

പ്രതിയെ ഹാജരാക്കുമ്പോൾ പൊലീസ്‌ സംരക്ഷണം ഉറപ്പാക്കണമെന്ന്‌ കോടതി നിർദേശിച്ചു. സന്ദീപിനെ കാണാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഡ്വ. ബി എ ആളൂരിനുവേണ്ടി തിരുവല്ലയിൽനിന്നുള്ള അഭിഭാഷകൻ അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഡോക്ടറെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും മുറിവിന്റെ സ്വഭാവവും അന്വേഷകസംഘം പരിശോധിച്ചു. സംഭവസ്ഥലത്തുനിന്ന്‌ ശേഖരിച്ച രക്തം ഫോറൻസിക്‌ ലാബിൽ അയച്ചു. സന്ദീപിന്റെ മൊബൈൽഫോൺ പരിശോധിക്കാനും നടപടിയായി. തിരുവനന്തപുരത്ത്‌ കിംസ്‌ ആശുപത്രിയിൽ വന്ദനയെ ചികിത്സിച്ച ഡോക്ടർമാർ, മെഡിക്കൽകോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ എന്നിവരുടെ മൊഴി അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്‌പി എം എം ജോസ്‌ രേഖപ്പെടുത്തി. സന്ദീപിനെ ആശുപത്രിയിൽ എത്തിച്ച അയൽവാസി ബിനുവിന്റെ മൊഴിയെടുത്തു. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ അന്വേഷണ പുരോഗതി വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top