26 April Friday
കേരളം രാജ്യത്ത്‌ ശ്രദ്ധിക്കപ്പെടുന്നത്‌ 
വികസനത്തിലെ 
വ്യത്യസ്‌തതകൊണ്ട്‌

ക്ഷേമം അഭിമാനം ; എൽഡിഎഫ്‌ 
പറഞ്ഞ 600 
വാഗ്‌ദാനങ്ങളിൽ 
580 എണ്ണവും 
നടപ്പാക്കി

സ്വന്തം ലേഖകൻUpdated: Monday May 15, 2023

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉദ്‌ഘാടനം നിർവഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ 
അംഗത്വ കാർഡ്‌ അഗളിയിലെ രുക്മിണിക്ക്‌ കൈമാറുന്നു


പാലക്കാട്‌
പാവപ്പെട്ടവർക്ക്‌ ക്ഷേമം എത്തിക്കുന്നത്‌ എൽഡിഎഫ്‌ സർക്കാർ അഭിമാനമായി കാണുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം രാജ്യത്ത്‌ ശ്രദ്ധിക്കപ്പെടുന്നത്‌  നടപ്പാക്കുന്ന പദ്ധതികളിലെ വ്യത്യസ്‌തകൊണ്ടാണ്‌. വികസനത്തിനൊപ്പം ക്ഷേമ പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ നടപ്പാക്കുന്നുവെന്നും പാലക്കാട്‌ കോട്ടമൈതാനത്ത്‌ തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

ക്ഷേമപദ്ധതികൾക്ക്‌ തുടക്കംകുറിച്ചപ്പോൾ ശക്തമായ എതിർപ്പുയർന്നു. ഉൽപ്പാദനപരമല്ലെന്നായിരുന്നു വിമർശനം.  2016നുമുമ്പ്‌ കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങൾ എങ്ങനെയാണെന്ന്‌ മറക്കരുത്‌. 600 രൂപയുടെ ക്ഷേമപെൻഷൻ വലിയ കുടിശ്ശികയായി. പെൻഷൻ തുക ലഭിക്കാതെ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. എൽഡിഎഫ്‌ സർക്കാർ പെൻഷൻ കുടിശ്ശിക തീർത്തു. പ്രതിമാസ പെൻഷൻ 1,600 രൂപയാക്കി. ചില വിഭാഗങ്ങൾക്ക്‌ നാമമാത്രമായി നൽകുന്ന ക്ഷേമപെൻഷൻ വിഹിതം ബാങ്ക്‌ വഴി നേരിട്ട്‌ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം എങ്ങനെ നടപ്പാകുമെന്ന്‌ കണ്ടറിയണം.

ചില വിഭാഗങ്ങൾക്കുള്ള പെൻഷന്‌ നാമാമത്ര സഹായമുണ്ട്‌.  അതിൽ 300 കോടി രൂപ സംസ്ഥാന സർക്കാരിന്‌ കുടിശ്ശികയാണ്‌. എന്നിട്ടും സംസ്ഥാനം പെൻഷൻ മുടക്കിയില്ല. സർക്കാരിന്‌ തുക നൽകാത്തവർ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയക്കുമോ. ഭാവിയിൽ ഇത്‌ ഇല്ലാതാകുമോയെന്ന്‌ ആശങ്കയുമുണ്ട്‌. രാജ്യത്ത്‌ ആദ്യമായി കേരളം എല്ലാവർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ പുറത്തിറക്കുന്നു.  എൽഡിഎഫ്‌ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ 580 എണ്ണവും നടപ്പാക്കി–- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്‌ പദ്ധതി വിശദീകരിച്ചു. എ പ്രഭാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ, കലക്ടർ ഡോ. എസ്‌ ചിത്ര, ക്ഷേമനിധി ബോർഡ്‌ ചെയർമാൻ എസ്‌ രാജേന്ദ്രൻ, സിഇഒ ചുമതലയുള്ള എ ലാസർ എന്നിവർ സംസാരിച്ചു.

2025 നവംബറോടെ 
പരമദരിദ്രരുണ്ടാകില്ല
കേരളം പരമദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 നവംബറോടെ പ്രഖ്യാപിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  സംസ്ഥാനത്ത്‌ 0.7 ശതമാനം പേർ മാത്രമാണ്‌ പരമദരിദ്രർ–- 64,000 പേർ. ഇതിൽ എത്രപേരെ മോചിപ്പിച്ചുവെന്ന്‌ 2024 നവംബർ ഒന്നിന്‌ ആദ്യഘട്ട പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളി 
ക്ഷേമനിധിയും യാഥാർഥ്യമായി
രാജ്യത്ത്‌  ആദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുള്ള ക്ഷേമനിധി സംസ്ഥാനത്ത്‌ യാഥാർഥ്യമായി. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉദ്‌ഘാടനം പാലക്കാട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആദ്യ ക്ഷേമനിധി അംഗത്വ കാർഡ്‌ അട്ടപ്പാടി അഗളിയിലെ രുക്മിണിക്ക്‌ മുഖ്യമന്ത്രി കൈമാറി. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമപപരിപാടിയുടെ ഭാഗമായാണ് പദ്ധതി. 

പെൻഷൻ, വിവാഹ ധനസഹായം, പഠനസഹായം ഉൾപ്പെടെ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും പദ്ധതി ഉറപ്പുവരുത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഗുണഫലം ലഭിക്കും. 18നും -55നും ഇടയിൽ പ്രായമുള്ളവർക്ക്‌ അംഗത്വത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വർഷമോ തൊട്ടുമുമ്പുള്ള രണ്ടുവർഷങ്ങളിലോ ഒരുവർഷം കുറഞ്ഞത് 20 ദിവസമെങ്കിലും തൊഴിൽ ചെയ്‌തിരിക്കണം. തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശാദായത്തിന് തുല്യമായ തുക സർക്കാർ വിഹിതം നൽകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top