29 March Friday

ടോപ്‌ ഗിയറിൽ എല്‍ഡിഎഫ് ; തൃക്കാക്കരയുടെ ഹൃദയത്തിൽ ഇടംനേടി ജോ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

വൈറ്റില തൈക്കൂടത്ത് പ്രചാരണത്തിനിടയിൽ ഡോ. തോമസ് മൂഴിയിലിനോട് വോട്ട് അഭ്യര്‍ഥിക്കുന്ന
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്


കൊച്ചി
കുറഞ്ഞദിവസത്തിനുള്ളിൽ തൃക്കാക്കരയുടെ ഹൃദയത്തിൽ ഇടംനേടി എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌.  വികസനമുദ്രാവാക്യം വോട്ടർമാരിലേക്കെത്തിച്ച്‌ നേതാക്കളും പ്രവർത്തകരും, എതിരാളികളുടെ നുണപ്രചാരണങ്ങളെ നിമിഷങ്ങൾക്കുള്ളിൽ പൊളിച്ചടുക്കി സൈബറിടങ്ങൾ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ ബാക്കിനിൽക്കെ രംഗം കീഴടക്കി ടോപ്‌ ഗിയറിൽ കുതിക്കുകയാണ്‌ എൽഡിഎഫ്‌.

മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ്‌ നേതൃനിരയാകെയും പങ്കെടുത്ത കൺവൻഷൻ പ്രവർത്തകരിലേക്ക്‌ പകർന്നത്‌ അളവില്ലാത്ത ആവേശം. ആറുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തൃക്കാക്കരയെ കാത്തിരിക്കുന്ന വികസനപദ്ധതികൾ വിശദീകരിച്ചും രാഷ്‌ട്രീയാരോപണങ്ങൾക്ക്‌ അതേനാണയത്തിൽ തിരിച്ചടിച്ചുമാണ്‌ കൺവൻഷനിൽ മുഖ്യമന്ത്രി കത്തിക്കയറിയത്‌. തൃക്കാക്കരയെ ഹൃദയത്തോട്‌ ചേർത്ത്‌ സംരക്ഷിക്കുമെന്ന ഡോ. ജോ ജോസഫിന്റെ പ്രഖ്യാപനവും എൽഡിഎഫ്‌ പ്രവർത്തകരിൽ ആവേശം നിറച്ചു. അതിന്റെ തുടർച്ചയായി മണ്ഡലത്തെയാകെ ഇളക്കിമറിക്കുന്ന ക്യാമ്പയിനാണ്‌ എൽഡിഎഫ്‌ തുടക്കമിട്ടിട്ടുള്ളത്‌. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗങ്ങൾ ഇതുവരെയുള്ള പ്രവർത്തനം അവലോകനം ചെയ്‌തു. മന്ത്രിമാരും എംഎൽഎമാർ ഉൾപ്പെടെ ജനപ്രതിനിധികളും വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നു.  ഉന്നത എൽഡിഎഫ്‌ നേതാക്കൾകൂടി പങ്കെടുത്താണ്‌ വീടുകൾ കയറി വോട്ട്‌ തേടുന്ന സ്‌ക്വാഡ്‌ പ്രവർത്തനം. വനിതകളുടെ പ്രത്യേക സ്‌ക്വാഡുകളും പ്രൊഫഷണലുകളുടെ ക്യാമ്പയിനും ഡോ. ജോ ജോസഫിനായി രംഗത്തുണ്ട്‌. വരുംദിവസങ്ങളിൽ കുടുംബയോഗങ്ങളും റാലികളും നടക്കും.

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ മണ്ഡലത്തിന്റെ തുടിപ്പറിഞ്ഞ്‌ വോട്ടർമാർക്കിടയിൽ തരംഗമായി മാറാൻ ജോ ജോസഫിനായി. ഐടിയുടെയും അനുബന്ധസംരംഭങ്ങളുടെയും ആസ്ഥാനമായ തൃക്കാക്കര, വളരെ വേഗം ഡോ. ജോ ജോസഫിന്റെ ചുറുചുറുക്കിനെ ഏറ്റെടുത്തു. മണ്ഡലത്തിലെ പ്രമുഖരെ നേരിൽ കണ്ടായിരുന്നു തുടക്കം. തൃക്കാക്കര നഗരസഭയും  കൊച്ചി കോർപറേഷന്റെ 22 ഡിവിഷനുകളും ഉൾപ്പെട്ട  തൃക്കാക്കര മണ്ഡലത്തിന്റെ വിശാലപ്രദേശമാകെ ഇതിനകം രണ്ടുവട്ടം ഓട്ടപ്രദക്ഷിണം പൂർത്തിയാക്കി കഴിഞ്ഞു. പൊതുപര്യടനപരിപാടി 16ന്‌ തുടങ്ങുന്നതോടെ എൽഡിഎഫ്‌ ക്യാമ്പിൽ ആവേശം കൊടുമുടിയിലാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top