17 April Wednesday

പാവങ്ങളുടെ 
വയറ്റത്തടിക്കാൻ ഡബ്ല്യുടിഒ

ജി രാജേഷ്‌കുമാർUpdated: Sunday May 15, 2022



തിരുവനന്തപുരം
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുള്ള ആഗോളനയ രൂപീകരണത്തിന്‌ ലോക വ്യാപര സംഘടന (ഡബ്ല്യുടിഒ).
മത്സ്യത്തൊഴിലാളികൾക്ക്‌ അംഗരാജ്യങ്ങൾ നൽകുന്ന സബ്സിഡിയും സാമ്പത്തിക ആനുകൂല്യവും നിർത്തണമെന്നാണ്‌ ആവശ്യം. ജനീവയിൽ നടക്കാനിരിക്കുന്ന 12–-ാമത് മന്ത്രിതല യോഗത്തിലെ കരടുരൂപരേഖയിലെ പ്രധാന നിർദേശമാണ്‌ ഇത്‌. നയം നടപ്പായാൽ പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികൾ വഴിയാധാരമാകും. യാനങ്ങളുടെ നിർമാണം, വാങ്ങൽ, ആധുനികവൽക്കരണം, നവീകരണം എന്നിവയ്‌ക്ക്‌ സബ്‌സിഡി പാടില്ല. ഇന്ധനം, ചൂണ്ട, വല, ഐസ്‌ സബ്‌സിഡി ഒഴിവാക്കണം. യാന ഉടമയ്‌ക്കോ തൊഴിലാളിക്കോ പൂരകവേതന (വരുമാന നഷ്ടം നികത്തൽ) സഹായം, മീനിന്‌ താങ്ങുവില, സുരക്ഷാസാമഗ്രിക്ക്‌ സബ്‌സിഡി, വള്ളത്തിനും വലയ്‌ക്കും നഷ്ടപരിഹാരം തുടങ്ങിയവ പാടില്ല. സുസ്ഥിര കടൽവിഭവ വിനിയോഗം ഉറപ്പാക്കുന്നതിനാണ്‌ ഈ നടപടിയെന്നാണ്‌ വാദം.

സംസ്ഥാനത്ത്‌ ഉള്ളതിൽ  85 ശതമാനം യാനങ്ങളും പരാമ്പരാഗത മേഖലയിലാണ്‌, 43,383 എണ്ണം ഉള്ളതായാണ്‌ കണക്ക്‌. 2937 എണ്ണത്തിന്‌ യന്ത്രസഹായമില്ല. 34,002എണ്ണത്തിൽ ഔട്ട്‌ബോർഡും 6433ൽ‌ ഇൻബോർഡ്‌ എൻജിനുമാണ്‌. 11 എണ്ണം ആഴക്കടൽ യാനവും. മണ്ണെണ്ണവില അനുദിനം കുതിക്കുന്നുണ്ട്‌. ഇതിനിടയിലാണ്‌ പുതിയ വെല്ലുവിളി. ഇതോടെ സംസ്ഥാന സർക്കാർ നൽകുന്ന സഹായങ്ങളും നിലയ്‌ക്കും.  വിവിധ സബ്‌സിഡിക്കും സഹായധന വിതരണത്തിനുമായി 300 കോടിയിലേറെ രൂപയാണ്‌ വാർഷിക ബജറ്റിൽ നീക്കിവയ്‌ക്കുന്നത്‌. അടിസ്ഥാനസൗകര്യ വികസനത്തിനും സുരക്ഷാ സംവിധാനമൊരുക്കലിനുമുള്ള സഹായം വേറെയും. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റെ ഉടമയാക്കി സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കുക ലക്ഷ്യമിട്ടുള്ള പരിപാടികൾക്കെല്ലാം ഡബ്ല്യുടിഒ നിർദേശം വിലങ്ങുതടിയാണ്‌. ഇതിനു തടയിടാൻ കേന്ദ്ര സർക്കാർ ഇടപെടുന്നുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top