26 April Friday
കേരളം വീണ്ടും ചരിത്രം കുറിക്കുന്നു

74 ആദിവാസികള്‍ പൊലീസിലേക്ക‌്; നാടു കാക്കാൻ കാടറിയും മക്കള്‍

സി എ പ്രേമചന്ദ്രൻUpdated: Wednesday May 15, 2019

തൃശൂർ >  കാടറിയും മക്കളായ ജിഷ്ണുരാജ് ഒന്നാം കമാൻഡറായും അശ്വതി രണ്ടാം കമാൻഡറായും കാക്കിയണിഞ്ഞ്  പൊലീസ് ബാൻഡിൽനിന്നുയരുന്ന നാദങ്ങൾക്കൊപ്പം ചുവടുവച്ച് മുന്നേറുകയാണ്. ഇവരടക്കം ആദിവാസി സമൂഹത്തിൽപ്പെട്ട 74 പേർ കേരള പൊലീസ് സേനയുടെ ഭാഗമാവുകയാണ്. അതെ, കേരളം വീണ്ടും ചരിത്രം കുറിക്കുന്നു. കാടിൻ തുടികൊട്ടിനൊപ്പം വിശപ്പിന്റെ വിളികൾമാത്രം കേട്ടുണർന്നവർക്ക് പുതുജീവിതത്തിന്റെ  ചുവടുകൾ ഒരുക്കുകയാണ് സർക്കാർ. കാടറിയുന്നവർ കാക്കിയണിയുമ്പോൾ കാടുവഴിയുള്ള ഭീകരരെ ചെറുക്കാം. ഒപ്പം ഈ ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയെന്ന  മഹത്തായ കർമപദ്ധതിയാണ് എൽഡിഎഫ‌് സർക്കാർ ഒരുക്കിയത്. 

ചരിത്രത്തിലാദ്യമായാണ് ആദിവാസി വിഭാഗങ്ങളിൽനിന്ന് കേരള പൊലീസിലേക്ക്  പ്രത്യേക നിയമനംവഴി 74 കോൺസ്റ്റബിൾമാരെ തെരഞ്ഞെടുത്തത്. ഇവർ പരിശീലനം പൂർത്തിയാക്കി ബുധനാഴ്ച  കർമരംഗത്തേക്കിറങ്ങുകയാണ്. ഇവരിൽ 24 പേർ യുവതികളാണെന്നതും ശ്രദ്ധേയം.  പിണറായി സർക്കാരിന്റെ ധീരമായ നിലപാടാണ‌് കാടിന്റെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.  

സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിപ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലയിൽനിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയാണ് പ്രത്യേക റിക്രൂട്ട്മെന്റ‌് വഴി പൊലീസിൽ  നിയമിച്ചത്. ആദിവാസി മേഖലയിലുള്ളവർ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുകയാണ് പതിവ്. ഇവരെ ഉപയോഗിച്ച്  വനം കേന്ദ്രീകരിച്ച് നക്സലൈറ്റുകൾ ഉൾപ്പെടെ അക്രമപ്രവർത്തനങ്ങൾ നടത്താറുണ്ട്.  ഭീകരപ്രവർത്തനങ്ങളുടെയും താവളമായി വനം മാറാറുണ്ട‌്. പുതിയ നിയമനത്തിലൂടെ വനമേഖലയിൽ പൊലീസിന് കാര്യക്ഷമമായി പ്രവർത്തിക്കാനാവും.

പരിശീലനം പൂർത്തിയാക്കിയ 74 പേരിൽ രണ്ടുപേർ ബിരുദാനന്തര ബിരുദം നേടിയവരാണ്. രണ്ടുപേർ ബിരുദവും ബിഎഡുമുള്ളവരാണ്. ഏഴുപേർ ബിരുദവും  ഒരാൾ ഡിപ്ലോമയും  നേടി. 30 പേർ പ്ലസ് ടു യോഗ്യതയുള്ളവരാണ്. 31 പേർ എസ്എസ്എൽസി യോഗ്യതയുള്ളവരാണ്. മലപ്പുറം ജില്ലയിൽ നിന്ന് എട്ടുപേരും പാലക്കാട്ട‌് നിന്ന‌് 15പേരും വയനാട്ടിൽനിന്ന‌് 51 പേരും സേനയിൽ ഉൾപ്പെടുന്നു. ദേശീയ കബഡി താരവും സംസ്ഥാന വനിതാ ഫുട്ബോൾ ടീമംഗവുമായ എം അശ്വതി, ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സി ഈശ്വരി എന്നിവരും ഉൾപ്പെടുന്നു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും പൊലീസ് സേനയുടെ ഭാഗമാണ‌്.

അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന‌് പ്രത്യേക കമാൻഡോ പരിശീലനവും സേനയ്ക്ക് നൽകി. ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ്, അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ് പരിശീലനം, തീരദേശ പരിപാലനത്തിനുള്ള പ്രത്യേക പരിശീലനം എന്നിവയുമുണ്ട്. കംപ്യൂട്ടർ, നീന്തൽ, യോഗ, കരാത്തെ എന്നിവയിലും വിദഗ‌്ധ പരിശീലനം പൂർത്തിയാക്കി.

ചൊവ്വാഴ്ച നടന്ന പരേഡ് റിഹേഴ്സലിൽ വയനാട്ടിൽനിന്നുള്ള ജിഷ്ണുരാജ് ഒന്നാംകമാൻഡറായും പാലക്കാട്ടുനിന്നുള്ള അശ്വതി  രണ്ടാം കമാൻഡറായും പരേഡ് നയിച്ചു.  വയനാട്ടിൽനിന്നുള്ള പി വി അരുൺ ഒന്നാം സ്ക്വാഡും ബി എസ് സീത രണ്ടാം സ്ക്വാഡും സിജു മൂന്നാംസ്ക്വാഡും ആർ രതിലാഷ് നാലാംസ്ക്വാഡും നയിച്ചു.   മികച്ച നിലവാരമാണ് സേനാംഗങ്ങൾ പുലർത്തിയത്.  

ബുധനാഴ്ച രാവിലെ 7.30ന് കേരള പൊലീസ് അക്കാദമി ഗ്രൗണ്ടിൽ  സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ‌്റ പുതിയ സേനയുടെ പാസിങ‌് ഔട്ടിൽ  സല്യൂട്ട് സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top