18 April Thursday
അഗ്‌നി രക്ഷാസേനയ്‌ക്ക്‌ 
ഹൈക്കോടതിയുടെ അഭിനന്ദനം

സല്യൂട്ട്‌ അഗ്നി രക്ഷാസേന ; അതുല്യം, ഈ പ്രയത്നം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023


കൊച്ചി
‘‘രക്ഷാപ്രവർത്തനത്തിനിടെ ചതുപ്പിൽ താണുപോയി. അരവരെ ചതുപ്പിൽ പുതഞ്ഞു. സഹപ്രവർത്തകർ വലിച്ചുകയറ്റുകയായിരുന്നു. പുക രൂക്ഷമായ സന്ദർഭങ്ങളിൽ പരസ്‌പരം കാണാൻപോലും കഴിയില്ലായിരുന്നു. എന്നാൽ, വെല്ലുവിളികളെല്ലാം അതിജീവിച്ച്‌ ഞങ്ങൾ ലക്ഷ്യം നേടി. ഞങ്ങളുടെ സേനയുടെ നേതൃത്വത്തിൽ ചരിത്രത്തിൽത്തന്നെ ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു ഇത്‌. അഭിമാനവും സന്തോഷവുമുണ്ട്‌..’’ ബ്രഹ്മപുരത്ത്‌ തീയണയ്‌ക്കാൻ നേതൃത്വം നൽകിയ തൃക്കാക്കര ഫയർസ്‌റ്റേഷൻ ഓഫീസർ കെ എൻ സതീശന്റെ വാക്കുകളിൽ തെളിയുന്നത്‌ ബ്രഹ്മപുരത്തെ കനലടക്കിയ അഗ്നി രക്ഷാസേനയുടെ കരുത്ത്‌. കേരളമാകെ അഭിനന്ദിക്കുകയാണ്‌ ഈ പ്രയത്നത്തെ.

ബ്രഹ്മപുരം തീയണയ്ക്കൽ ദൗത്യത്തിൽ പങ്കാളികളായ അഗ്നി രക്ഷാസേനാംഗങ്ങളും സിവിൽ ഡിഫൻസ് വളന്റിയർമാരും

ബ്രഹ്മപുരം തീയണയ്ക്കൽ ദൗത്യത്തിൽ പങ്കാളികളായ അഗ്നി രക്ഷാസേനാംഗങ്ങളും സിവിൽ ഡിഫൻസ് വളന്റിയർമാരും


 

കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഒത്തുചേർന്ന സേനയുടെ പരിശ്രമത്തിനൊടുവിൽ അവസാന കനലും തിങ്കളാഴ്‌ച അണഞ്ഞു. ആ വിജയകഥ പങ്കുവയ്‌ക്കുകയാണ്‌ സതീശൻ. ‘‘മാലപ്പടക്കത്തിന്‌ തീ കൊളുത്തിയപോലെയായിരുന്നു അത്‌. പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ അതിവേഗം തീ പടർന്നു. ചൂട്‌, കാറ്റ്‌, വഴി, വെള്ളം, പുക എല്ലാം വെല്ലുവിളിയായി. പടിഞ്ഞാറുഭാഗമായിരുന്നു തീയുടെ ഉറവിടം. എത്തിപ്പെടാൻ കഴിയുന്നിടങ്ങളിൽ ആദ്യമെത്തി. ചിലയിടങ്ങളിൽ ഇത്‌ സാധ്യമല്ലായിരുന്നു. അവിടങ്ങളിൽ വഴിയുണ്ടാക്കി കയറിപ്പോയി. കടമ്പ്രയാറിന്റെ ചില ഭാഗങ്ങളിൽ ആഴം കൂട്ടി ജലലഭ്യത ഉറപ്പാക്കി. ഇതിനായി പോകുമ്പോഴാണ്‌ ഞാനും ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും ചതുപ്പിലകപ്പെട്ടത്‌.

ഏഴ്‌ സെക്ടറുകളായി തിരിഞ്ഞായിരുന്നു ദൗത്യം. ഒരു മിനിറ്റിൽ ശരാശരി 70,000 ലിറ്റർ വെള്ളം പമ്പ്‌ ചെയ്‌തു. അടിയിൽ പുകഞ്ഞുകൊണ്ടേയിരുന്നു. മുഴുവൻ സ്ഥലവും മണ്ണുമാന്തി ഉപയോഗിച്ച്‌ അടിവരെ മാലിന്യം നീക്കി തീയണയ്‌ക്കുകയായിരുന്നു. ദിവസം ശരാശരി 160 അഗ്നി രക്ഷാസേന ജീവനക്കാരുണ്ടായി. ഇതിനിടെ പുക ശ്വസിച്ചതുമൂലം ശാരീരികാസ്വസ്ഥതകളുമുണ്ടായി. ഞാനടക്കമുള്ളവർ ഛർദിച്ചു. എന്നാൽ, ഇതെല്ലാം അവഗണിച്ച്‌ ദൗത്യം തുടർന്നു.

ബ്രഹ്മപുരത്ത്‌ നിരീക്ഷണസംവിധാനങ്ങൾ ഏർപ്പെടുത്തണം. അഗ്നിസുരക്ഷാ സംവിധാനങ്ങളും വേണം. വെളിച്ചവും ഒരോ ഭാഗത്തും എത്തിപ്പെടാനുള്ള വഴിയും ഉൾപ്പെടെയുണ്ടാകണം. മാലിന്യം നിശ്ചിത പരിധിക്കുമുകളിൽ ഉയരാനും പാടില്ല.

ചൊവ്വ രാവിലെയും സ്ഥലത്തെത്തി ഒരോ ഭാഗവും പരിശോധിച്ച്‌ എല്ലായിടവും സുരക്ഷിതമെന്ന്‌ ഉറപ്പാക്കി. ഇറങ്ങുമ്പോൾ ഉച്ചയായി. നിരീക്ഷണം ഇനിയും തുടരും. സതീശൻ പറഞ്ഞ്‌ അവസാനിക്കുമ്പോൾ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന്‌ ജയിച്ചതിന്റെ അഭിമാനം.

തീയണഞ്ഞെങ്കിലും കെടാതെ ജാഗ്രത
പുക ഒഴിഞ്ഞെങ്കിലും ബ്രഹ്മപുരത്ത് നിരീക്ഷണവുമായി അഗ്നി രക്ഷാസേന. തീ പൂർണമായും അണച്ചെങ്കിലും ഭൂമിയിലും മണ്ണിലും ചൂടുള്ളതിനാൽ വീണ്ടും തീകത്താന്‍ സാധ്യതയുണ്ട്. ഇത്‌ പരിഗണിച്ചാണ് നിരീക്ഷണം തുടരുന്നത്. ചൊവ്വാഴ്ച രണ്ടുതവണ നിമിഷനേരത്തേക്ക് പുക ഉയർന്നെങ്കിലും ഉടൻ അണച്ചു.
നിലവിൽ 15 ഫയർ യൂണിറ്റുകളും 100 അഗ്നിരക്ഷാ ഉദ്യോഗസ്ഥരുമാണ് ബ്രഹ്മപുരത്തുള്ളത്. ഇവരെ സഹായിക്കുന്നതിന് സിവിൽ ഡിഫൻസ് സേനാംഗങ്ങളും സ്ഥലത്തുണ്ട്. വിദൂര സ്ഥലങ്ങളിൽനിന്നെത്തിച്ച ഫയർ യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും അടുത്തദിവസംതന്നെ തങ്ങളുടെ സ്റ്റേഷനുകളിലേക്ക് മടക്കി അയക്കും.

അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ആവശ്യമായ സൗകര്യങ്ങൾ ജില്ലയിലെ മറ്റ്‌ സ്റ്റേഷനുകളിൽനിന്ന് ഒരു മണിക്കൂറിനുള്ളിൽ എത്തിക്കാൻ കഴിയുന്ന തരത്തിലാണ് ജീവനക്കാരെ വിന്യസിച്ചിട്ടുള്ളത്. ചെളിയിൽ പുതഞ്ഞ മൂന്ന് ഫയർ എൻജിനുകൾ ഉപയോഗയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. ആവശ്യമെങ്കിൽ ഉപയോഗിക്കാനായി പത്തോളം എസ്‌കവേറ്ററുകളും ബ്രഹ്മപുരത്ത് സജ്ജമാക്കി. കലക്ടർ എൻ എസ്‌ കെ  ഉമേഷിന്റെ നേതൃത്വത്തിൽ റീജണൽ ഫയർ ഓഫീസർ ജെ എസ് സുജിത്കുമാർ, ജില്ലാ ഓഫീസർ കെ ഹരികുമാർ, തൃക്കാക്കര അഗ്നി രക്ഷാനിലയം ഓഫീസർ കെ എൻ സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം.

അഗ്‌നി രക്ഷാസേനയ്‌ക്ക്‌ 
ഹൈക്കോടതിയുടെ അഭിനന്ദനം
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീയണയ്‌ക്കാൻ ദിവസങ്ങളോളം   പ്രവർത്തിച്ച അഗ്നി രക്ഷാസേനാംഗങ്ങളെയും  സിവിൽ ഡിഫൻസ്‌ വളന്റിയേഴ്‌സിനെയും  ഹൈക്കോടതി അഭിനന്ദിച്ചു. തീയണയ്‌ക്കാനുള്ള ഭഗീരഥ പ്രയത്നത്തിൽ   പങ്കാളികളായ മുഴുവൻ ഉദ്യോഗസ്ഥർക്കും അംഗീകാരവും റിവാർഡും ഉറപ്പാക്കണമെന്ന്‌ കോടതി സർക്കാരിനോട്‌ നിർദേശിച്ചു. ഇവരുടെ പ്രയത്നത്താലാണ്‌ കുറഞ്ഞ ദിവസത്തിനുള്ളിൽ തീ 100 ശതമാനവും അണയ്‌ക്കാനായത്‌. 

പ്ലാന്റിന്റെ സമീപപ്രദേശങ്ങളിലേക്ക്‌ തീപടർന്നാലുണ്ടാകുന്ന ദുരന്തങ്ങൾ സങ്കൽപ്പിക്കാവുന്നതിന്‌ അപ്പുറമായിരുന്നു. അത്തരമൊരു ദുരന്തത്തിലേക്ക്‌ പോകാതിരിക്കാൻ ഇവരുടെ പ്രവർത്തനത്തിനായെന്നും അതിൽ കോടതിക്ക്‌ സംതൃപ്‌തിയുണ്ടെന്നും ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി, ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച്‌ ഉത്തരവിൽ വ്യക്തമാക്കി. തീപിടിത്തത്തെ തുടർന്ന്‌ കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഉറവിട മാലിന്യസംസ്‌കരണം ; വീടുകളിലും സ്ഥാപനങ്ങളിലും 
നോട്ടീസ്‌ നൽകിത്തുടങ്ങി
ഹൈക്കോടതി നിർദേശത്തിന്റെയും ഉന്നതതല യോഗത്തിന്റെയും തീരുമാനപ്രകാരം വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണം  തുടങ്ങണമെന്നറിയിച്ച്‌ നോട്ടീസ്‌ നൽകിത്തുടങ്ങി. വീടുകളിൽ ഏപ്രിൽ പത്തിനുള്ളിലും സ്ഥാപനങ്ങളിൽ ഈ മാസം ഇരുപത്തിനാലിനകവും ജൈവ മാലിന്യ സംസ്‌കരണത്തിന്‌ സംവിധാനമൊരുക്കണമെന്നാണ്‌ നിർദേശം.

ബ്രഹ്മപുരം പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന്‌, ഖരമാലിന്യസംസ്‌കരണത്തിന്‌ കർമപദ്ധതി തയ്യാറാക്കി നടപ്പാക്കാൻ കഴിഞ്ഞ 10ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ്‌ ഉറവിട മാലിന്യ സംസ്‌കരണം ഉൾപ്പെടെ സമയബന്ധിതമായി നടപ്പാക്കാനുള്ള കർമപദ്ധതി തദ്ദേശഭരണവകുപ്പ്‌ പ്രഖ്യാപിച്ചത്‌. അതനുസരിച്ചാണ് നോട്ടീസ്‌ നൽകിത്തുടങ്ങിയതെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി കെ അഷറഫ്‌ പറഞ്ഞു. ബയോബിന്നുകളിൽ ജൈവമാലിന്യം സംസ്‌കരിക്കാന്‍ ജനകീയാസൂത്രണ പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ബയോബിന്നുകൾ നഗരസഭ വാങ്ങിയിട്ടുണ്ട്‌. 200 രൂപ വിലയുള്ള ബിൻ സബ്‌സിഡി കിഴിച്ച്‌ 160 രൂപയ്‌ക്ക്‌ നൽകാനാകും. സ്വന്തംനിലയിലും ബയോബിൻ വാങ്ങി ഉപയോഗിക്കാം. ബിന്നുകളിൽ ജൈവമാലിന്യം നിക്ഷേപിച്ച്‌ ഇനോക്കുലം തളിച്ച്‌ ജൈവവളമാക്കാം. നഗരത്തിലെ മുഴുവൻ വീടുകളിലും ഒറ്റയടിക്ക്‌ ഉറവിടമാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാനാകില്ല. ആവശ്യമായ സാവകാശം നൽകുമെന്നും ടി കെ അഷറഫ്‌ പറഞ്ഞു. 

പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകളിലും വാണിജ്യകേന്ദ്രങ്ങളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കണമെന്ന്‌ നിയമമുണ്ട്‌. എന്നാൽ, ഇനിയും അത്തരം സംവിധാനമൊരുക്കാത്തവർ അതു സജ്ജമാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കടകൾക്കും ഗേറ്റഡ്‌ കോളനികൾക്കും ഫ്ലാറ്റുകൾക്കും നോട്ടീസ്‌ നൽകുന്നത്‌. അജൈവ മാലിന്യശേഖരണം ഹരിതകർമ സേനവഴിയാകണമെന്നും നിർദേശമുണ്ട്‌. ഏപ്രിൽ ഒന്നുമുതൽ എല്ലാ വാർഡുകളിലും ഹരിതകർമസേന പ്രവർത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനുള്ള നടപടികളും കോർപറേഷൻ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top