18 December Thursday

ചലനങ്ങളില്‍നിന്ന്‌ വൈദ്യുതി: 
കുസാറ്റിന് ഗവേഷണനേട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

ഡോ. പ്രശാന്ത് രാഘവൻ, ടി എം നീതു


കളമശേരി
സ്വാഭാവിക ചലനങ്ങളില്‍നിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് കുസാറ്റ്‌ ഗവേഷകര്‍. രണ്ട് വ്യത്യസ്ത പോളിമര്‍ വസ്തുക്കളെ നാനോ ടെക്നോളജിയിലൂടെ കണ്ണികള്‍പോലെ കൂട്ടിച്ചേര്‍ത്താണ് ചലന വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന നാനോ ജനറേറ്റര്‍ വികസിപ്പിച്ചത്. ആദ്യഘട്ടത്തില്‍ നാനോ ജനറേറ്റര്‍ ഉപയോഗിച്ച് ആയിരത്തിലധികം എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കുകയും ടോര്‍ച്ച്‌, ഡിജിറ്റല്‍ വാച്ച്‌ എന്നിവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതായി ഗവേഷണത്തിന് നേതൃത്വം നൽകിയ കുസാറ്റ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്നോളജിവകുപ്പ് മേധാവി ഡോ. പ്രശാന്ത് രാഘവൻ പറഞ്ഞു.

ഇംഗ്ലണ്ടിലെ ബോള്‍ട്ടന്‍ യൂണിവേഴ്‌സിറ്റിയും യുഎഇയിലെ ആര്‍എകെ അക്കാദമിക് സെന്ററുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയെക്കുറിച്ച് വിശദമായ പ്രബന്ധം അന്താരാഷ്ട്ര സയന്‍സ് ജേര്‍ണലായ ‘നാനോ എനര്‍ജി' (ഇമ്പാക്ട് ഫാക്ടര്‍: 20) മാര്‍ച്ചിലെ കവര്‍ പേജായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ. പ്രശാന്ത് രാഘവനുപുറമെ  ബോള്‍ട്ടന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജാക്‌ലൂ, കുസാറ്റ് ഗവേഷക ടി എം നീതു, യുഎഇ ആര്‍എകെ അക്കാദമിക് സെന്റർ ഗവേഷക ഷിംന ഷഫീഖ് എന്നിവരാണ് ഗവേഷണ പങ്കാളികൾ.

പ്രതലങ്ങള്‍ക്കിടയില്‍ നിരന്തര ഘര്‍ഷണമുണ്ടാകുമ്പോള്‍ ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കാര്യക്ഷമമായി ശേഖരിച്ചുവയ്‌ക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. നാനോ ജനറേറ്ററുകള്‍ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ചുവയ്‌ക്കാനുള്ള ബാറ്ററികളും സൂപ്പര്‍ കപ്പാസിറ്ററുകളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും പ്രൊഫ. പ്രശാന്ത് രാഘവന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.

നിലവില്‍ വികസിപ്പിച്ചിരിക്കുന്ന നാനോ ജനറേറ്ററുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും തയ്യൽയന്ത്രത്തിൽ സൂചിയുടെ മുകളിലേക്കും താഴേക്കുമുള്ള ചലനങ്ങളില്‍നിന്ന്‌ വൈദുതി ഉൽപ്പാദിപ്പിച്ച് സ്വയംപര്യാപ്തതയുള്ള വൈദ്യുതി തയ്യല്‍ മെഷീനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണവും കുസാറ്റില്‍ നടക്കുകയാണെന്ന്‌ ഡോ. പ്രശാന്ത് രാഘവന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top