പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തിലെ കോടനാട് തടിക്കണ്ടം പാടശേഖരവും പുഞ്ചക്കുഴി തോടും നികത്തുന്നതിനെതിരെ കർഷകർ പ്രക്ഷോഭത്തിലേക്ക്. പാടശേഖരത്തിന്റെ 70 ഹെക്ടറോളം വരുന്ന ഭാഗമാണ് അനധികൃതമായി നികത്തിക്കൊണ്ടിരിക്കുന്നത്. തടിക്കണ്ടം പാടശേഖരത്തിൽ കൃഷിയാവശ്യത്തിന് വെള്ളം ലഭിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിൽപ്പെടുത്തി 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പുഞ്ചക്കുഴി തോടും മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുകയാണ്.
ജലലഭ്യതക്കുറവുമൂലം തടിക്കണ്ടം പാടശേഖരത്തിൽ നിലവിൽ രണ്ട് പൂ കൃഷിയാണിറക്കുന്നത്. തോട് വീതികൂട്ടി മൂന്ന് പൂ കൃഷി ചെയ്യാനായി പാടശേഖരസമിതിയും കർഷകരും ശ്രമിക്കുന്നതിനിടയിലാണ് പാടം മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. നികത്തില്‍ തുടങ്ങിയതോടെ കൃഷി ഉപകരണങ്ങളുമായി പാടത്തേക്ക് സഞ്ചരിക്കാനുള്ള വഴിയും തടസ്സപ്പെട്ടു. തോട് നികന്നാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കർഷകസംഘം വില്ലേജ് പ്രസിഡന്റ് സി എസ് ശ്രീധരൻപിള്ള, സെക്രട്ടറി വിപിൻ കോട്ടക്കുടി, കോടനാട് പാടശേഖരസമിതി പ്രസിഡന്റ് ടി കെ സജീവ് തോട്ടുപുറം, സെക്രട്ടറി എ പി ഏലിയാസ്, എം എസ് രാജപ്പൻ എന്നിവരുടെ നേതൃത്വത്തിൽ മണ്ണിട്ട പാടശേഖരം സന്ദർശിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..