പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തിൽ ഹരിതകർമസേനയുടെ വാഹനത്തിലെ ഡ്രൈവർ തസ്തികയിൽ യുഡിഎഫ് അംഗങ്ങളുടെ ബന്ധുക്കളെ നിയമിക്കാനുള്ള നീക്കം എൽഡിഎഫ് പ്രതിഷേധംമൂലം പൊളിഞ്ഞു. പ്രതിപക്ഷത്തിന്റെ ഇടപെടൽമൂലം നിയമനം എംപ്ലോയ്‌മെന്റ് എക്സേഞ്ച് മുഖേന നടത്താൻ തീരുമാനമായി. യുഡിഎഫിലെ ചേരിപ്പോരിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് അടക്കം അഞ്ചുപേർ യോഗം ബഹിഷ്‌കരിച്ചതോടെ എൽഡിഎഫ് നിലപാടിന് വോട്ടെടുപ്പിലൂടെ അംഗീകാരം ലഭിച്ചു.
ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷ എഴുതിവാങ്ങി അഭിമുഖത്തിലൂടെ ബന്ധു നിയമനം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പഞ്ചായത്ത് യോഗം തുടങ്ങാൻ സമയമായിട്ടും യുഡിഎഫിലെ 11 അംഗങ്ങളിൽ അഞ്ചുപേർ പങ്കെടുത്തില്ല. മുൻ പ്രസിഡന്റ് മിനി ബാബു, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, കെ പി ചാർളി, മരിയ മാത്യു, പി വി സുനിൽ എന്നിവർ വിട്ടുനിന്നതോടെ യോഗം മാറ്റിവയ്ക്കാൻ പ്രസിഡന്റ് സിന്ധു അരവിന്ദ് തീരുമാനിച്ചെങ്കിലും എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി എം വി സാജുവിന്റെ നേതൃത്വത്തിൽ ആറ് അംഗങ്ങൾ പ്രതിഷേധിച്ചു. ഒടുവിൽ യോഗം ചേർന്നെങ്കിലും ഡ്രൈവർ നിയമനത്തിലെ തീരുമാനം വോട്ടെടുപ്പിലൂടെ എടുക്കുകയായിരുന്നു. ബിജെപിയുടെ മൂന്ന് അംഗങ്ങളും ഭരണസമിതിക്കെതിരെ നിലപാടെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..