20 April Saturday

വയനാട്ടിൽ ഭീതിവിതച്ച കടുവ എത്തിയത്‌ കണ്ണൂരിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


കൽപ്പറ്റ
കർഷകനെ കൊന്ന്‌ വയനാട്ടിൽ ഭീതിവിതച്ച കടുവ എത്തിയത്‌ കണ്ണൂരിൽ നിന്നെന്ന്‌ വനംവകുപ്പ്‌. ദിവസങ്ങളോളം  ഇരിട്ടിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയാണ്‌ കിലോമീറ്റർ താണ്ടി വയനാട്ടിലെത്തിയത്‌. കാൽപ്പാട്‌ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. ആറളം ഫാമിലും പരിസരത്തും ഈ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. പുതുശ്ശേരിയിൽനിന്ന്‌ 20 കിലോമീറ്റർ സഞ്ചരിച്ച്‌ നടമ്മൽ ഭാഗത്തെത്തിയ കടുവയെ ശനിയാഴ്‌ചയാണ്‌ ദൗത്യസംഘം മയക്കുവെടിവച്ച്‌ പിടികൂടിയത്‌. ഡിസംബർ ആദ്യവാരമാണ്‌ ഇരിട്ടിയിലെ ഉളിക്കൽ, പായം പഞ്ചായത്തിൽ ഇതിനെ കണ്ടത്‌. ഇരിട്ടി–-കൂട്ടുപുഴ പാത മുറിച്ചുകടക്കുന്നതും യാത്രക്കാർ കണ്ടിരുന്നു. ഒരുപ്രദേശത്തുനിന്ന്‌ അതിവേഗമാണ്‌ മറ്റൊരിടത്തേക്ക്‌ ഈ കടുവ മാറിയിരുന്നത്‌.

കണ്ണൂർ ജില്ലയോട്‌ ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ വെൺമണി മുതൽ കുപ്പാടിത്തറവരെ കാൽപ്പാട്‌ പതിഞ്ഞിരുന്നു. രാവും പകലും ഒരുപോലെ കടുവ സഞ്ചരിച്ചതായാണ്‌ വനം അധികൃതരുടെ കണ്ടെത്തൽ.

പിലാക്കാവിൽ കൂടുവച്ചു
വയനാട്ടിലെ മാനന്തവാടി പിലാക്കാവിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്‌ക്കായി വനംവകുപ്പ്‌ കൂടുവച്ചു. ഞായർ വൈകിട്ട്‌ 5.30ഓടെയാണ്‌ കൂട്‌ സ്ഥാപിച്ചത്‌. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ശനിയാഴ്‌ചയാണ്‌  പശുവിനെ കൊന്നത്‌. ഇതിന്‌ മുമ്പും പശുക്കുട്ടിയെയും ആടിനെയും പിടിച്ചിരുന്നു. ദിവസങ്ങളായി പ്രദേശത്ത്‌ ഇതിന്റെ സാന്നിധ്യമുണ്ട്‌. വീണ്ടും വരുമോയെന്നറിയാൻ ശനിയാഴ്‌ച കൊന്ന പശുവിന്റെ ജഡം മാറ്റാതെ വനപാലകർ വയലിൽത്തന്നെ ഇട്ടിരുന്നു. രാത്രി കടുവ എത്തി ജഡം വലിച്ചുകൊണ്ടുപോയി ഭക്ഷിച്ചു. ഞായർ രാവിലെ കടുവയെ പ്രദേശവാസി കണ്ടു. പ്രദേശത്ത്‌ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top