28 March Thursday

പ്രഖ്യാപിച്ചത് 10,000 തൊഴില്‍ നല്‍കിയത് 16,828 ; നൂറുദിന 
കർമപരിപാടിയിൽ സഹകരണ വകുപ്പിന്‌ മികച്ച നേട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ സഹകരണ വകുപ്പ് സെപ്‌തംബർവരെ നൽകിയത് 16,828 തൊഴിൽ. കർമപരിപാടി പ്രഖ്യാപിച്ച് 92 ദിവസത്തിനുള്ളിലാണിത്. ചരിത്രത്തിലാദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും തൊഴിൽ സൃഷ്ടിക്കുന്നത്. 10,000 തൊഴിൽ നൽകുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയത്.
പ്രാഥമിക സഹകരണ സംഘങ്ങളിൽ 151 പേർക്ക് സ്ഥിരം നിയമനം നൽകി. കേരള ബാങ്കിൽ 13 സ്ഥിരം നിയമനവും. കേരള ബാങ്കിൽ  10,093 സംരംഭക തൊഴിലവസരം സൃഷ്ടിച്ചു. സഹകരണ വകുപ്പിൽ 27 നിയമനവും നടന്നു. വിവിധ ജില്ലകളിൽ സംരംഭകത്വ വിഭാഗത്തിൽ 6540 തൊഴിലവസരം സൃഷ്ടിച്ചു.

ഏറ്റവുമധികം തിരുവനന്തപുരത്താണ്–- 1074. രണ്ടാം സ്ഥാനത്ത് ആലപ്പുഴ–- 1038. തൃശൂർ 597, എറണാകുളം 563, കണ്ണൂർ 533, കോട്ടയം 503, പാലക്കാട് 414, കാസർകോട്‌ 413, മലപ്പുറം 381, കോഴിക്കോട് 273, കൊല്ലം 268, പത്തനംതിട്ട 169, ഇടുക്കി 158, വയനാട് 156 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ. കർമ പദ്ധതി പൂർത്തിയാകുന്നതോടെ ഇനിയും തൊഴിൽ അവസരങ്ങൾ ഉയരും. യുവജനങ്ങൾക്കാണ്‌ കൂടുതൽ അവസരം. 

നിലവിലുള്ള പദ്ധതികൾ വിപുലീകരണത്തിനും സഹകരണ വകുപ്പ് സഹായങ്ങൾ നൽകുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. നൂറുദിന കർമപരിപാടിയിൽ സഹകരണ വകുപ്പിൽ പ്രഖ്യാപിച്ച അഞ്ച് പദ്ധതിയിൽ നാലും പൂർത്തിയാക്കി. തൃശൂർ പഴയന്നൂരിലെ കെയർ ഹോം  അവസാനഘട്ടം പൂർത്തിയാക്കി  വീടുകൾ കൈമാറുന്നതോടെ  കർമ പദ്ധതിയിലെ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top