25 April Thursday

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : ഉണ്ണിയുടെയും അൻസറിന്റെയും കസ്റ്റഡി കാലാവധി 17 വരെ

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020


വെഞ്ഞാറമൂട്
തേമ്പാമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളുമായി  ഞായറാഴ്ച പുലർച്ചെ പൊലീസ് തെളിവെടുപ്പ് നടത്തി. പുലർച്ചെ രണ്ടോടെയായിരുന്നു തെളിവെടുപ്പ്. ഒന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സജീവ്, രണ്ടാം പ്രതിയും കോൺഗ്രസ് നേതാവുമായ മദപുരം ഉണ്ണി എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കൊലപാതകം നടന്ന തേമ്പാമൂട് ജങ്ഷൻ, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, മരുതുംമൂട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ കൊണ്ടുവരുമ്പോൾ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത പൊലീസ് കാവലുണ്ടായിരുന്നു.

കൊലപാതകം നടന്ന ഉത്രാട ദിനത്തിൽ മുത്തിക്കാവിലെ ഫാം ഹൗസിലായിരുന്നു ആദ്യഘട്ട ഒരുക്കങ്ങൾ. രാത്രിയിൽ സനലിന്റെ വീടിന് സമീപത്താണ് അവസാനഘട്ട ഗൂഢാലോചന നടത്തിയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊലപാതകം നടത്തി  മുളങ്കാട്–-മാങ്കുഴി–-നെടുമങ്ങാട് വഴി തമിഴ്നാട്ടിലേക്ക്‌ പോകാനാണ് ഉണ്ണിയും സജീവും പദ്ധതിയിട്ടിരുന്നത്.  മാങ്കുഴിയിൽ വച്ച് സ്കൂട്ടറിന്റെ പെട്രോൾ തീർന്നത്തോടെ ഈ പദ്ധതി പാളി.

തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് ഒന്നാം പ്രതി സജീവിനെ തിങ്കളാഴ്ച ജയിലിലേക്ക്‌ മാറ്റും. ഉണ്ണിയുടെയും അൻസറിന്റെയും കസ്റ്റഡി കാലാവധി 17ന്‌  അവസാനിക്കും.  മറ്റൊരു പ്രതിയായ സനലിനെ  നെഞ്ചുവേദനയെ തുടർന്ന്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മഹിളാ കോൺഗ്രസ്‌ പ്രവർത്തക പ്രീജ ഉൾപ്പെട ഒമ്പതുപേരാണ്‌ ഇതുവരെ കേസിൽ അറസ്റ്റിലായത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top