20 April Saturday

'പ്രതിഷേധക്കാരുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നിയിരുന്നു' ; ഞെട്ടൽ വിട്ടുമാറാതെ യാത്രക്കാരി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022


കണ്ണൂർ
ഗർഭിണികളും കൊച്ചുകുഞ്ഞുങ്ങളും പ്രായമായവരുമുൾപ്പെടെയുള്ള യാത്രക്കാരെ പരിഭ്രാന്തരാക്കി വിമാനയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാനൊരുങ്ങിയതിന്റെ ഞെട്ടൽ മാറിയിട്ടില്ല ബിന്ദുവിന്‌. എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയെന്ന്‌ സംസ്ഥാന വനിതാ വികസന കോർപറേഷൻ മാനേജിങ്‌ ഡയറക്ടറായ വി സി ബിന്ദു ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.  

"വിമാനത്താവളത്തിൽ വച്ചുതന്നെ പ്രതിഷേധക്കാരുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോൾപോലും അനാവശ്യ പ്രകോപനമുണ്ടാക്കി. എല്ലാ യാത്രക്കാരും കയറിയശേഷമാണ് അവർ കയറിയത്. 3.50ന് പുറപ്പെട്ട വിമാനം അഞ്ചുമണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സീറ്റ് ബെൽറ്റ്‌ ഊരാമെന്ന നിർദേശം വരുന്നതിനുമുമ്പ് ഇവർ എഴുന്നേറ്റു. ഇങ്ങനെ ചെയ്യരുതെന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ കർശനമായി പറയുന്നത് കേട്ടാണ് ഞങ്ങൾ തിരിഞ്ഞുനോക്കിയത്. പിന്നീട് അവർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രി ഇരിക്കുന്നതിന്റെ പിറകുവശത്തേക്ക് ഓടുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ എല്ലാവരും ഞെട്ടിത്തരിച്ചുനിന്നു’. ‘വിമാനം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബഹളമുണ്ടായതോടെ എല്ലാവരും പരിഭ്രാന്തരായി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും ആദ്യം അവരെ സംസാരിച്ച് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ‘സ്ഥലകാലബോധമില്ലേ, പ്രതിഷേധിക്കാനുള്ള ഇടം ഇതാണോ’ എന്നൊക്കെ ജയരാജൻ അവരോട് ചോദിക്കുന്നത് കേട്ടു. വേറെയും യാത്രക്കാരുള്ളത് ഓർക്കണം, പുറത്ത് പ്രതിഷേധിക്കാൻ ഇടമുണ്ടല്ലോ എന്നൊക്കെ പരമാവധി പറഞ്ഞു. ഇതൊന്നും വകവയ്ക്കാതെ കൂടുതൽ ആക്രോശത്തോടെ പ്രതിഷേധക്കാർ മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തപ്പോഴാണ് ഇ പി അടക്കമുള്ളവർ ചേർന്ന് തടഞ്ഞത്’–- ബിന്ദു പറഞ്ഞു. വയനാട്ടിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ്‌ തിരുവനന്തപുരത്തേക്ക്‌ മടങ്ങുകയായിരുന്നു ബിന്ദു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top