24 April Wednesday

സിദ്ദീഖ്‌ കാപ്പൻ വീട്ടിലെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

വീട്ടിൽ തിരിച്ചെത്തിയ സിദ്ദീഖ്‌ കാപ്പൻ പരേതയായ ഉമ്മയുടെ ചിത്രവുമായി കുടുംബത്തോടൊപ്പം


വേങ്ങര  
ജയിൽമോചിതനായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ കണ്ണമംഗലം പൂച്ചോലമാടുള്ള  വീട്ടിലെത്തി. 28 മാസത്തെ ജയിൽവാസത്തിനും ഒന്നരമാസത്തെ ഡൽഹി ജീവിതത്തിനുംശേഷമാണ്‌ വീട്ടിലേക്ക്‌ പോകാൻ അനുമതി നൽകിയത്‌. കരിപ്പൂരിൽ വിമാനമിറങ്ങി ഭാര്യ റൈഹാനത്തിനൊപ്പം തിങ്കളാഴ്‌ച രാത്രി എത്തിയ കാപ്പനെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന്‌ സ്വീകരിച്ചു. ഹത്രാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായെന്ന്‌ ആരോപിച്ചാണ്‌ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി യുപി പൊലീസ്‌ കാപ്പനെ അറസ്‌റ്റ്‌ ചെയ്‌തത്‌. \

കേരള പത്രപ്രവർത്തക യൂണിയൻ ദില്ലി ഘടകമാണ് സുപ്രീം കോടതിയിൽ കാപ്പനുവേണ്ടി നിയമപോരാട്ടം നടത്തിയത്. രോഗിയായ ഉമ്മയെ കാണാൻ  സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് 2021 ഫെബ്രുവരി രണ്ടിന്‌ അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നെങ്കിലും  ഉമ്മ മരിച്ചപ്പോൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ  യുപി പൊലീസ് അനുമതി നൽകിയില്ല. നീതിക്കായി തന്നോടൊപ്പംനിന്ന മുഴുവൻ മനുഷ്യരോടും കടപ്പാടുണ്ടെന്നും നിർഭയമായി പത്രപ്രവർത്തനം തുടരുമെന്നും കാപ്പൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top