കൊച്ചി
ബ്രഹ്മപുരം വിഷയം ചർച്ചചെയ്യാൻ വിളിച്ച അടിയന്തര കൗൺസിലിനെത്തിയ മേയർ എം അനിൽകുമാറിനെ നഗരസഭാ ഓഫീസിനുള്ളിൽ അപായപ്പെടുത്താൻ ശ്രമം. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് യുഡിഎഫ് കൗൺസിലർമാർ അക്രമാസക്തരായത്. പൊലീസ് സുരക്ഷാവലയം തീർത്ത് മേയറെ കൗൺസിൽ ഹാളിൽ എത്തിച്ചു. യോഗം നടക്കുമ്പോൾ നഗരസഭാ ഓഫീസിലേക്ക് ഇരച്ചുകയറിയ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ വാതിലുകളും ജനലുകളും തകർക്കാൻ ശ്രമിച്ചു. കൗൺസിൽയോഗം പൂർത്തിയാക്കി മേയർ മടങ്ങുംവരെ നഗരസഭാ ഓഫീസിലും പരിസരത്തും സംഘർഷാവസ്ഥയുണ്ടാക്കി പ്രതിപക്ഷ അംഗങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവരുടെ സാന്നിധ്യത്തിൽ 10ന് ചേർന്ന ഉന്നതതലയോഗ തീരുമാനം നടപ്പാക്കാനുള്ള ചർച്ചകൾക്കാണ് അടിയന്തര കൗൺസിൽ വിളിച്ചത്. ഇതുമായി സഹകരിക്കുമെന്നാണ് പ്രതിപക്ഷം ആദ്യം അറിയിച്ചത്. എന്നാൽ, പിന്നീട് യോഗം ബഹിഷ്‌കരിക്കുമെന്നറിയിച്ച് കത്തു നൽകി. മേയറെ നഗരസഭാ ഓഫീസിൽ പ്രവേശിപ്പിക്കാതെ തടയാനും കൗൺസിൽയോഗം അലങ്കോലപ്പെടുത്താനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കൾ രാവിലെമുതൽ ഓഫീസ് മുറ്റത്ത് യുഡിഎഫ് കൗൺസിലർമാർ തമ്പടിച്ചു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് ഓഫീസ് ഗേറ്റ് അടച്ചെങ്കിലും ഉച്ചയോടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മറ്റും ഗേറ്റിനുള്ളിൽ കടന്നു. മേയർക്കെതിരെ അസഭ്യ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. ബിജെപി അംഗങ്ങളും മുദ്രാവാക്യം മുഴക്കി സ്ഥലത്തുണ്ടായിരുന്നു. സംഘർഷാവസ്ഥയറിഞ്ഞ് എൽഡിഎഫ് പ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും ഗേറ്റിനുള്ളിൽ പ്രവേശിച്ചില്ല.
മൂന്നോടെ നഗരസഭാ ഓഫീസിലേക്ക് എത്തിയ മേയർക്കുനേരെ യുഡിഎഫ് കൗൺസിലർമാർ പാഞ്ഞടുത്തു. വാഹനത്തിൽ അടിച്ചും ഇടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസിന്റെയും ദ്രുതകർമസേനയുടെയും സുരക്ഷാവലയത്തിൽ വാഹനത്തിൽനിന്നിറങ്ങിയ മേയറെ ആക്രമിക്കാൻ യുഡിഎഫ് സംഘം ഇരച്ചെത്തി. ഇതിനിടെ, ഓഫീസിന്റെ കവാടത്തിൽ കയറിനിന്ന പ്രതിപക്ഷ കൗൺസിലർമാർ പൊലീസിനുനേരെ ആക്രമണമഴിച്ചുവിട്ടു.
പൊലീസിൽനിന്ന് ലാത്തി പിടിച്ചുവാങ്ങി കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസി പൊലീസിനെ ആക്രമിക്കാൻ തുടങ്ങി. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസിനുനേരെ ഓട്ടുരുളി എടുത്തെറിഞ്ഞത് ടിബിൻ ദേവസിയാണ്. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലും പ്രതിയാണ്.
പൊലീസ് വലയമുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് മേയർ ആക്രമിക്കപ്പെടാതിരുന്നത്. കൗൺസിൽ ഹാളിലേക്ക് അക്രമികൾ കടക്കുന്നത് പൊലീസ് തടഞ്ഞു. കൗൺസിൽയോഗം നടക്കുമ്പോൾ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ഹാളിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചു. യോഗത്തിനുശേഷം മേയർ വാർത്താലേഖകരോട് സംസാരിക്കുമ്പോൾ പ്രതിപക്ഷകൗൺസിലർമാർ ചേംബർ ജനൽച്ചില്ലുകൾ തകർത്തു. മേയർ മടങ്ങിയശേഷം എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..