29 March Friday

ജനപിന്തുണയ്‌ക്കായി കെപിസിസി ‘നുണലേഖ’

പ്രത്യേക ലേഖകൻUpdated: Friday Jan 14, 2022


തിരുവനന്തപുരം
സിൽവർ ലൈനിനെതിരായ സമരത്തിന്‌ ജനപിന്തുണ കിട്ടാത്തതിനാൽ നുണ പടച്ച്‌ പ്രതിപക്ഷം. പദ്ധതിക്കെതിരായി പത്രങ്ങളും ചാനലുകളും മെനഞ്ഞ ‘കഥകൾ’ തട്ടിക്കൂട്ടി തയ്യാറാക്കിയ ലഘുലേഖയാണ്‌ യുഡിഎഫ്‌ ഉപസമിതി പഠിച്ചുണ്ടാക്കിയ റിപ്പോർട്ട്‌ എന്നപേരിലും കെപിസിസി ലഘുലേഖയായും  പ്രചരിപ്പിക്കുന്നത്‌.

പദ്ധതി സംബന്ധിച്ച്‌ പഠിച്ച സിസ്‌ട്രയിൽ മൂന്നുമാസംപോലും ജോലി ചെയ്യാത്ത അലോക്‌ വർമ നിരത്തിയ വിഡ്ഢിത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. നിലവിലുള്ള പാതയിൽ 80 കിലോമീറ്റർ കൂടുതൽ വേഗത്തിൽ ട്രെയിൻ ഓടിക്കാനാകില്ലെന്ന്‌ റെയിൽവേ തന്നെ വ്യക്തമാക്കിയിട്ടും 120 കിലോമീറ്റർ വേഗത്തിൽ ഓടിക്കാമെന്ന്‌ ലഘുലേഖ പറയുന്നു. ഷൊർണൂർ–- എറണാകുളം മൂന്നാംപാത വന്നാലും 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ  ഓടിക്കാനാകില്ല. മൂന്നാംപാത തന്നെ അപ്രായോഗികമെന്നാണ്‌ റെയിൽവേ നിലപാട്‌. 

അർധ അതിവേഗപാത യുഡിഎഫ്‌ ഉപേക്ഷിച്ച പദ്ധതിയാണെന്ന വാദവും കള്ളമാണ്‌. മൂന്ന്‌ സ്‌റ്റോപ്പ്‌ മാത്രമുള്ള ഒന്നരലക്ഷം കോടി ചെലവുവരുന്ന ബുള്ളറ്റ്‌ ട്രെയിനാണ്‌ ഉപേക്ഷിച്ചത്‌. 11 സ്‌റ്റോപ്പുള്ള അർധ അതിവേഗപാതയ്‌ക്ക്‌ ആവശ്യമെങ്കിൽ സ്‌റ്റോപ്പ്‌ കൂട്ടാം. 20,000 വീടും അരലക്ഷം കടയും പൊളിച്ചുമാറ്റണമെന്ന്‌ ലഘുലേഖ പറയുന്നു. എന്നാൽ, വീടുകളുൾപ്പെടെ ആകെ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ 9000 മാത്രമാണ്‌. അതും പരമാവധി കുറയ്‌ക്കാനുള്ള ശ്രമത്തിലാണ്‌.

റോഡ്‌ വീതികൂട്ടരുതെന്നോ, ടോൾ ഏർപ്പെടുത്തണമെന്നോ കെ –-റെയിൽ നിർദേശിക്കുന്നില്ല.  പാതയ്‌ക്ക്‌ 30 മീറ്റർ മൺതിട്ടയെന്നതും കളവാണ്‌. എട്ട്‌ മീറ്ററാണ്‌ പരമാവധി. നിലവിലുള്ള പാതയിൽ  22 മീറ്റർ വരെ തിട്ടകളുണ്ട്‌. പാതയുടെ വശങ്ങളിൽ വേലിമാത്രമാണ്‌ കെട്ടുക, മതിലില്ല. 500 മീറ്ററിൽ ക്രോസ്‌ ചെയ്യാൻ സൗകര്യമുണ്ട്‌. ഇതെല്ലാം കെ–- റെയിൽ വ്യക്തമാക്കിയതാണ്‌. ഇക്കാര്യങ്ങൾ മറച്ചുവച്ചാണ്‌ കെപിസിസിയുടെ നുണലേഖ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top