29 March Friday

എത്തി, കോവിഡ്‌ വാക്‌സിൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

എറണാകുളം റീജണൽ വാക്സിൻ സ്‌റ്റോറിലെത്തിച്ച കോവിഷിൽഡ്  വാക്സിൻ  പുറത്തെടുക്കുന്ന  ആരോഗ്യവകുപ്പ്  ജീവനക്കാർ


കൊച്ചി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി ആദ്യഘട്ട കോവിഡ് വാക്‌സിൻ ‘കൊവിഷീൽഡ്‌’ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ പകൽ 10.45ന് ഗോ എയർ ഫ്‌ളൈറ്റിലാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്തിൽനിന്ന് വാക്‌സിനുകൾ റൺവേ പാർക്കിങ്‌ ഏരിയയിൽവച്ച്‌ പ്രത്യേകം സജ്ജീകരിച്ച രണ്ട് വാഹനത്തിലേക്ക് മാറ്റി.

എട്ടുമിനിറ്റുകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി വാക്‌സിനുമായി വാഹനങ്ങൾ വിമാനത്താവളത്തിൽനിന്ന്‌ പുറത്തിറങ്ങി. ഒരു വാഹനം കോഴിക്കോട് ജില്ലയിലേക്കുള്ളതായിരുന്നു. രണ്ടാമത്തെ വാഹനത്തിൽ വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജണൽ  സ്‌റ്റോറിലെത്തിച്ചു. കലക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ഡിഎംഒ ഇൻചാർജ് ഡോ. വിവേക് കുമാർ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എം ജി ശിവദാസ് എന്നിവർ ചേർന്ന് വാക്‌സിൻ ഏറ്റുവാങ്ങി.

ജില്ലയ്ക്ക് 73000 ഡോസ് വാക്‌സിൻ
പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്‌സുകളിലായി 1.8 ലക്ഷം ഡോസ് വാക്‌സിൻ ആണ് എത്തിച്ചത്. ഓരോ ബോക്‌സിലും 12,000 ഡോസ് വാക്‌സിനുണ്ട്. 73,000 ഡോസ് വാക്‌സിൻ ജില്ലയിൽ വിതരണം ചെയ്യും. 9,240 ഡോസ് വാക്‌സിൻ ഇടുക്കിയിലേക്കും 29,170 ഡോസ് കോട്ടയത്തേക്കും 30,870 ഡോസ് പാലക്കാടിനും 37,640 ഡോസ് തൃശൂരിലേക്കും പ്രത്യേക ട്രക്കിൽ എത്തിച്ചു നൽകും.

ആദ്യഘട്ടം വാക്‌സിൻ സ്വീകരിക്കാൻ 60,000 ആരോഗ്യപ്രവർത്തകർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. വാക്‌സിൻ വിതരണത്തിന്‌ രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി. ജില്ലയിൽ 12 കേന്ദ്രങ്ങൾ വഴിയാണ് വിതരണം. ഒരു കേന്ദ്രത്തിൽ  പ്രതിദിനം 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്.

എറണാകുളം ജനറൽ ആശുപത്രി റീജണൽ വാക്‌സിൻ സ്‌റ്റോർ, കാരുണ്യ സ്റ്റോർ (എറണാകുളം ജനറൽ ആശുപത്രി), ആലുവ ജില്ലാ ആശുപത്രി, ഇടപ്പള്ളി വാക്‌സിൻ സ്റ്റോർ എന്നിവിടങ്ങളിലാണ് വാക്സിൻ സൂക്ഷിക്കുക.

കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ
എറണാകുളം ജനറൽ ആശുപത്രി, പിറവം താലൂക്കാശുപത്രി, ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം,  ചെല്ലാനം പ്രാഥമികാരോഗ്യ കേന്ദ്രം, എറണാകുളം ഗവ. മെഡിക്കൽ കോളേജ്, ആസ്റ്റർ മെഡ്‌സിറ്റി, കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളേജ്,     കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി, എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി, കടവന്ത്ര നഗര കുടുംബാരോഗ്യ കേന്ദ്രം.

സ്വീകരിക്കേണ്ടത് രണ്ട് ഡോസ്
ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ രണ്ടാഴ്ചകൊണ്ട് ശരീരത്തിൽ ആന്റിബോഡികൾ രൂപപ്പെടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
 

അറിയാം ഇക്കാര്യങ്ങൾ
സുരക്ഷിതത്വവും ഫലപ്രാപ്തിയും വിവിധ ഘട്ടങ്ങളിലൂടെ ഉറപ്പാക്കിയ വാക്‌സിനാണ്‌ കോവി ഷീൽഡ് വാക്സിൻ. മറ്റേതൊരു വാക്സിൻ സ്വീകരിച്ചാലും ഉണ്ടാകാവുന്ന ചെറിയ പനി, വേദന എന്നിവയുണ്ടാകാം. മറ്റു പാർശ്വഫലങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാൻ ആരോ​ഗ്യവകുപ്പ് സജ്ജം‌.

രോ​ഗസാധ്യത കൂടുതലുള്ളവർക്ക് മുൻഗണന നൽകിയാണ് വാക്സിൻ വിതരണം. ആദ്യവിഭാഗത്തിൽ ആരോഗ്യപ്രവർത്തകർ, പൊലീസ്, തദ്ദേശഭരണസ്ഥാപന ഉദ്യോഗസ്ഥർ എന്നിവരാണുള്ളത്‌. രണ്ടാമത്തെ വിഭാഗത്തിൽ 50 വയസ്സിനു മുകളിലുള്ളവരെയും 50 വയസ്സിൽ താഴെയുള്ള മറ്റ് രോഗബാധിതരുമാണ്‌. ഇതിനുശേഷമാകും മറ്റുള്ളവർക്ക് ലഭിക്കുക.

ക്യാൻസർ, പ്രമേഹം, രക്താതിമർദം തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവർക്ക് വാക്സിനേഷൻ സ്വീകരിക്കാം. ഇവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം.

കോവിഡ് മുക്തരായവർക്കും വാക്സിൻ സ്വീകരിക്കാം. രോ​ഗലക്ഷണം മാറി 14 ദിവസം കഴിയുമ്പോഴാണ് സ്വീകരിക്കേണ്ടത്. ‌
രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് വാക്സിനേഷൻ നൽകുക. രജിസ്ട്രേഷന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധം. വാക്സിനേഷൻ തീയതി, സമയം, സ്ഥലം എന്നിവ എസ്എംഎസായി ലഭിക്കും. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയാൽ ക്യുആർ കോഡുള്ള സർട്ടിഫിക്കറ്റും എസ്എംഎസായി ലഭിക്കും. പൊതുജനങ്ങൾ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് പിന്നീ‌ട് അറിയിക്കും.

വാക്സിൻ സ്വീകരിച്ചശേഷം കുത്തിവയ്പ്‌ കേന്ദ്രത്തിൽ അരമണിക്കൂറെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. മാസ്കും സാനിറ്റൈസറും ഉപയോ​ഗിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top