28 March Thursday
ദുരന്തനിവാരണസേന ജില്ലയിലെത്തി ,മൂവാറ്റുപുഴയിൽ മൂന്നു വീടുകൾ തകർന്നു

മഴ: ജാഗ്രതാനിർദേശം ; പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പുയർന്നു

സ്വന്തം ലേഖികUpdated: Wednesday Oct 13, 2021

നിറഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ. പാറക്കടവ് പൂവ്വത്തുശേരി പാലത്തിൽനിന്നുള്ള ദൃശ്യം


കൊച്ചി
ജില്ലയിൽ കനത്ത മഴ. പെരിയാർ കരകവിഞ്ഞൊഴുകി. വെള്ളക്കെട്ടിൽ ജില്ലയിൽ പലയിടത്തും ഗതാഗതക്കുരുക്ക്‌ രൂക്ഷമായി. ആലുവ മണപ്പുറം ശിവക്ഷേത്രം 95 ശതമാനം വെള്ളത്തിലായി. എറണാകുളം നഗരത്തിലെ ചില സ്ഥലങ്ങളും വെള്ളക്കെട്ടിലായി. തിങ്കൾ രാത്രി ആരംഭിച്ച മഴ ചൊവ്വ പകലും തുടർന്നതോടെ പലപ്രദേശങ്ങളും വെള്ളത്തിലായി. മഴ നിർത്താതെ പെയ്യുന്നതിനാൽ റോഡിൽനിന്ന്‌ വെള്ളം ഒഴുകിപ്പോകാത്തതാണ്‌ ഗതാഗതക്കുരുക്കിന്‌ കാരണമായത്‌.

പെരുമ്പാവൂർ പൊങ്ങിൻചുവട് ആദിവാസി കോളനി ഒറ്റപ്പെട്ടു. കോളനിയിലേക്കുള്ള റോഡിലേക്ക്‌ മണ്ണിടിഞ്ഞുവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. വൈശാലിഗുഹയ്‌ക്കുസമീപമുള്ള മല ഇടിഞ്ഞാണ്‌ മണ്ണ്‌ കോളനിയിലേക്കുള്ള റോഡിൽ നിറഞ്ഞത്. ചൊവ്വ രാവിലെ ആദിവാസികളാണ്‌ മണ്ണിടിച്ചിൽ ആദ്യം അറിഞ്ഞത്‌. ഇരുനൂറോളം കുടുംബങ്ങളുള്ള കോളനിയിലേക്കുള്ള പ്രധാന സഞ്ചാരപാതയാണിത്. കുട്ടമ്പുഴ പഞ്ചായത്ത്‌ അധികൃതരെത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ റോഡിലെ തടസ്സങ്ങൾ നീക്കി.

ആലുവപ്പുഴയിൽ കിഴക്കുനിന്നുള്ള ഒഴുക്ക്‌ ശക്തമായതോടെ ജലനിരപ്പുയർന്നു. ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം വെള്ളത്തിനടിയിലായി. പുഴയോരത്ത് നടത്തിയിരുന്ന ബലിതർപ്പണം മണപ്പുറം ദേവസ്വം ഹാളിലേക്ക് മാറ്റി. ഒഴുക്ക് ശക്തമായതിനാൽ ഇരുകരകളിലുമുള്ളവർക്ക്‌ ജാഗ്രതാനിർദേശം നൽകി. ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്‌.

നഗരത്തിൽ നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതി വിജയംകണ്ടതിനാൽ മുൻകാലങ്ങളിലേതുപോലെ വെള്ളക്കെട്ട്‌ ഇക്കുറി രൂക്ഷമല്ല. എന്നാൽ, ചില പ്രധാന റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. എറണാകുളം കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ പരിസരം വെള്ളത്തിലായി.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്‌. തീരദേശമേഖലകളിലും ജാഗ്രതാനിർദേശമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. തീരദേശങ്ങളിൽ മഴയ്‌ക്കൊപ്പം കാറ്റുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top