29 March Friday

തെളിവ്‌ കിട്ടിയില്ല ; മൊഴി ചോർത്തി തടിയൂരാൻ ശ്രമം

പ്രത്യേക ലേഖകൻUpdated: Tuesday Oct 13, 2020

 
സ്വർണക്കടത്ത്‌ കേസിൽ തെളിവ് കൊണ്ടുവരാൻ‌ കോടതി പറഞ്ഞതോടെ വെട്ടിലായ അന്വേഷണ ഏജൻസി പ്രതികളുടെ മൊഴി ചോർത്തി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. സ്വപ്‌ന സുരേഷ്‌‌‌ എൻഫോഴ്‌സ്‌മെന്റിന്‌ നൽകിയ മൊഴിയാണ്‌ ഇപ്പോൾ മാധ്യമങ്ങൾ ആഘോഷമാക്കുന്നത്‌‌. ഇതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ഭാഗംമാത്രം പുറത്തുവിട്ട നടപടി കേസിലെ രാഷ്‌ട്രീയതാൽപ്പര്യം മറനീക്കുന്നതാണ്‌. ബിജെപി മുഖപത്രമായ ജന്മഭൂമിക്കാണ്‌‌ മൊഴി ആദ്യം ലഭിച്ചത്.‌ തിങ്കളാഴ്‌ച മാതൃഭൂമിയും മനോരമയും ഇത്‌ അതേപടി ഏറ്റെടുത്തു. നേരത്തേ ജനംടിവി തലവൻ അനിൽ നമ്പ്യാർക്കെതിരായ മൊഴി പുറത്തുവന്നപ്പോൾ‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ കൂട്ടനടപടിക്ക്‌ വിധേയരാക്കിയിരുന്നു. എന്നാൽ, ഇഡിയുടെ മൊഴി മാധ്യമങ്ങളിലെത്തിയപ്പോൾ നടപടിയും സ്ഥലംമാറ്റവും ഒന്നുമില്ല‌. തീവ്രവാദ ബന്ധത്തിന്‌ മൂന്നു തവണ എൻഐഎ കോടതി തെളിവ്‌ ചോദിച്ചിരുന്നു. കസ്റ്റംസ്‌ അറസ്റ്റ്‌ ചെയ്‌ത 17 പ്രതികളിൽ 10 പേർക്ക്‌ ഇതിനകം ജാമ്യം കിട്ടി. എഎൻഐ കോടതികൂടി ജാമ്യം നൽകിയാൽ പ്രതികൾ ഒന്നൊന്നായി പുറത്തിറങ്ങും‌.

തൊണ്ണൂറ്റഞ്ച്‌ മണിക്കൂർ ചോദ്യം ചെയ്‌തിട്ടും എം ശിവശങ്കറിനെ കേസിൽ ബന്ധിപ്പിക്കാൻ തെളിവ്‌ കിട്ടിയിട്ടില്ല. എന്നാലും അറസ്റ്റ്‌ ചെയ്യാൻ ഉദ്യോഗസ്ഥർക്ക്‌ സമ്മർദവുമുണ്ട്‌. യുഎഇ കോൺസുലേറ്റ്‌ ജനറലും മുഖ്യമന്ത്രിയും തമ്മിൽ 2017ൽ നടത്തിയ കൂടിക്കാഴ്‌ച സംബന്ധിച്ച്‌ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലാണ്‌ മുഖ്യമന്ത്രിക്കെതിരെ ദുർവ്യാഖ്യാനിക്കുന്നത്‌‌. കോൺസുലേറ്റ്‌ ജനറലും അന്ന്‌ സെക്രട്ടറിയായിരുന്ന സ്വപ്‌നയും ഒരുമിച്ചാണ്‌ മുഖ്യമന്ത്രിയെ കണ്ടത്‌. എന്നാൽ, മുഖ്യമന്ത്രിയും കോൺസുലേറ്റ്‌‌ ജനറലും സ്വകാര്യ കൂടിക്കാഴ്‌ച നടത്തിയെന്നാണ്‌ വ്യാഖ്യാനം. കോൺസുലേറ്റും കേരള സർക്കാരുമായുള്ള ആശയവിനിമയത്തിനാണ്‌‌ മുഖ്യമന്ത്രി ശിവശങ്കറിനെ ചുമതലപ്പെടുത്തിയത്‌. എന്നാൽ, സ്വർണക്കടത്ത്‌ തുടങ്ങിയത്‌ 2019 നവംബർ മുതലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top