29 March Friday

ഒന്നും നടക്കില്ല എന്ന നിരാശാബോധം മാറി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


തിരുവനന്തപുരം
ഒന്നും നടക്കില്ല എന്ന നിരാശാബോധത്തിൽനിന്ന്‌ യോജിച്ചുനിന്നാൽ പലതും നേടാനാകും എന്ന ആത്മവിശ്വാസത്തിലേക്ക്‌ ജനങ്ങളെ എത്തിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കിടയിൽ രൂപപ്പെടുന്ന ഈ ആത്മവിശ്വാസത്തെയും സർക്കാരിലുള്ള വിശ്വാസത്തെയും പുകമറ സൃഷ്ടിച്ച്‌ നേരിടാൻ പരിശ്രമം നടക്കുന്നുണ്ട്‌. എന്നാൽ, ഇത്തരം നാടകങ്ങൾ കൊണ്ടൊന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് അക്കാദമി സംഘടിപ്പിക്കുന്ന മന്ത്രിമാരുടെ പ്രഭാഷണ പരമ്പര "സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള സൃഷ്ടിക്കുള്ള ശക്തമായ ഇടപെടലാണ്‌ സംസ്ഥാനത്ത്‌ നടത്തിയത്‌. ഇടതുപക്ഷ സർക്കാരുകൾക്ക്‌ വികസനം സാധ്യമല്ല എന്ന പതിവു പല്ലവി ഇപ്പോൾ കേൾക്കാനില്ല. സർക്കാർ പ്രഖ്യാപിച്ച ആർദ്രം, പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം, ലൈഫ്‌ എന്നീ മിഷനുകൾ ഇത്രകണ്ട്‌ വിജയം കൈവരിക്കാൻ കഴിഞ്ഞത്‌ നാടാകെ അതിന്റെ കൂടെ ചേർന്നതുകൊണ്ടാണ്‌.

പൊതു സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന ആഗോളവൽക്കരണ നയങ്ങൾക്കു പകരം പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികളാണ്‌ സർക്കാർ കൈക്കൊണ്ടത്‌. ഭരണസംവിധാനത്തെ ജനകീയമാക്കുന്നതിനുള്ള ഇടപെടലാണ്‌ നടത്തിയത്‌. കേരളം കൈവരിച്ച നേട്ടങ്ങൾ മുറുകെപ്പിടിച്ചും കോട്ടങ്ങൾ പരിഹരിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ഇന്നലെ നാം സഞ്ചരിച്ച പാതയെ അതുപോലെ പിന്തുടരുകയല്ല, പുതിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഉറച്ച കാൽവയ്‌പ്പോടെ നേരിട്ട്‌ നവകേരളം കെട്ടിപ്പടുക്കാനാണ്‌ ശ്രമം. മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം രൂപപ്പെടുത്തി വികസന പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ ആമുഖപ്രഭാഷണം നടത്തി. പ്രഭാഷണ പരമ്പരയുടെ ഒന്നാംഘട്ടം നവംബർ 7ന്‌ പൂർത്തിയാകും. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ നടക്കുന്ന പ്രഭാഷണങ്ങൾ സിപിഐ എം കേരള ഫെയ്‌സ്ബുക്ക് പേജിലും സിപിഐ എം കേരള യുട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top