19 April Friday
സ്വർണക്കടത്ത്: മൊഴിപ്പകർപ്പ്‌ നൽകാനാകില്ലെന്ന്‌ കസ്‌റ്റംസ്‌

കൂടുതൽ സ്വർണം കടത്താൻ പദ്ധതിയിട്ടെന്ന്‌‌ എൻഐഎ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


കൊച്ചി
നയതന്ത്ര ബാഗേജിലൂടെ കൂടുതൽ സ്വർണം കടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന്‌ എൻഐഎ.  പ്രതികൾ ഗൂഢാലോചന നടത്തിയതിന്റെയും വ്യാജരേഖ നിർമിച്ചതിന്റെയും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.

നയതന്ത്ര ബാഗേജുവഴി 2019 നവംബറിൽ തുടങ്ങിയ സ്വർണക്കടത്ത്‌ പിടികൂടിയത് 2020 ജൂണിലാണ്. 21 തവണ ഇങ്ങനെ സ്വർണം കടത്തി. അടുത്തമാസങ്ങളിൽ കൂടുതൽ സ്വർണം കടത്താൻ പദ്ധതിയിട്ടു. ഒന്നാംപ്രതി പി എസ് സരിത്തിന്റെ മൊബൈൽഫോണിൽനിന്നാണ്‌ ഇക്കാര്യം വ്യക്തമായത്.   പിടിയിലായ ജലാലിന്റെ ഡ്രൈവറും   12–-ാംപ്രതിയുമായ മുഹമ്മദ്  അലിക്ക് തീവ്രവാദബന്ധമുണ്ട്.‌ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കോടതി വെറുതെ വിട്ടയാളാണ്‌ ഇയാൾ‌. 

അന്വേഷണസംഘം ഹാജരാക്കിയ ആറു ഭാഗങ്ങളുള്ള കേസ് ഡയറിയാണ്‌ പരിശോധിച്ചത്‌. പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന്‌ ആവശ്യപ്പെട്ട് നൽകിയ എൻഐഎ അപേക്ഷയിൽ വ്യാഴാഴ്‌ച വിധി പറയും. 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിലും ബുധനാഴ്ച വിധിയുണ്ടാകും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. പി ടി അബ്‌ദു, മുഹമ്മദ്‌ അലി, കെ ടി ഷറഫുദീൻ, മുഹമ്മദ്‌ ഷഫീഖ്‌, ഹംജദ്‌ അലി എന്നിവരെ രണ്ടുദിവസത്തേക്ക്‌ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു.

സന്ദീപ്‌ നായരുടെ കുറ്റസമ്മതം മൊഴിപ്പകർപ്പ്‌ ആവശ്യപ്പെട്ട്‌ കസ്‌റ്റംസ്‌ നാലാംപ്രതി സന്ദീപ്‌ നായർ നൽകിയ കുറ്റസമ്മതമൊഴിയുടെ പകർപ്പ്‌ ആവശ്യപ്പെട്ട്‌‌ കസ്‌റ്റംസ്‌ അപേക്ഷ നൽകി‌. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഈ മൊഴി തെളിവായി രേഖപ്പെടുത്താനാണ്‌ അപേക്ഷ നൽകിയത്‌.

സ്വർണക്കടത്ത്: മൊഴിപ്പകർപ്പ്‌ നൽകാനാകില്ലെന്ന്‌ കസ്‌റ്റംസ്‌
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴിപ്പകർപ്പ് അവർക്ക്‌ നൽകാനാകില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന സമർപ്പിച്ച ഹർജിയെ എതിർത്താണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്. അന്വേഷണം പൂർത്തിയാവുകയോ അന്തിമറിപ്പോർട്ട്‌ സമർപ്പിക്കുകയോ ചെയ്‌തിട്ടില്ല. രഹസ്യസ്വഭാവമുള്ള മൊഴി കോടതി നടപടികളുടെ ഭാഗമായിട്ടില്ല. മൊഴിപ്പകർപ്പ് നൽകിയാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതർക്ക് ലഭിക്കും. ക്രിമിനൽ നടപടി ചട്ടപ്രകാരവും തെളിവുനിയമപ്രകാരവും അന്വേഷണസമയത്ത് നൽകിയ മൊഴി പ്രതിക്ക് ലഭ്യമാക്കുന്നതിന് വിലക്കുണ്ട്. സുപ്രീംകോടതിതന്നെ പല കേസുകളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കസ്റ്റംസ് ബോധിപ്പിച്ചു.

ഹർജി വിധി പറയാൻ മാറ്റി. ഈ ആവശ്യം പ്രത്യേക സാമ്പത്തിക കോടതി നിരസിച്ചതിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top