തിരുവനന്തപുരം
നായർ സമുദായത്തിൽ പെട്ടതുകൊണ്ടാണ് പ്രവർത്തക സമിതിയിൽനിന്ന് മാറ്റിനിർത്തിയതെങ്കിൽ അത് ശരിയായില്ലെന്ന് രമേശ് ചെന്നിത്തല. പ്രവർത്തനം നോക്കിയാണ് ഒരാളെ പരിഗണിക്കേണ്ടത്. നായർസമുദായത്തിൽ ജനിച്ചത് തന്റെ കുഴപ്പമാണോ. അത്തരത്തിൽ ഒതുക്കാമെന്നും ആരും കരുതണ്ട. ഒരുഘട്ടത്തിലും പാർടി താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിന്നിട്ടില്ലെന്നും സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ ചെന്നിത്തല പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒതുക്കിയതിനു പിന്നിൽ കെ സി വേണുഗോപാലാണെന്ന് വിശ്വസിക്കുന്നില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്ത് 20 ദിവസം അവിടെ പ്രവർത്തിച്ചു. ആ ഘട്ടത്തിൽ വി ഡി സതീശനുമായും നല്ല ബന്ധത്തിലായി. അത് ആവശ്യമായിരുന്നു. കെ മുരളീധരന്റെ പരാതി ഹൈക്കമാൻഡ് പരിഹരിക്കണം. തൃക്കാക്കര, പുതുപ്പള്ളി വിജയത്തോടെ എല്ലാമായെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ ശരിയല്ല. ലോക്‌സഭയിൽ വിജയിക്കണമെങ്കിൽ ഇനിയും ഒട്ടേറെ മുന്നോട്ട് പോകാനുണ്ട്.
നിയമസഭയിൽ സോളാർ വിഷയം കൊണ്ടുവന്നത് വിനയായി എന്ന് പറയാനാകില്ല. ഗൂഢാലോചനയിൽ അന്വേഷണം എങ്ങിനെ വേണമെന്ന് എല്ലാ നേതാക്കളുമായി കൂടിയാലോചിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നാല് എംഎൽഎമാരെ മത്സരിപ്പിച്ചത് തെറ്റായിപ്പോയി. വട്ടിയൂർക്കാവ് നഷ്ടമായത് അതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..