06 December Wednesday

സോളാർ ‘സീരിയൽ’ തുടരും ; എൽഡിഎഫിനെ പഴിക്കാൻ മാറ്റിയും മറിച്ചും കഥകൾ

പ്രത്യേക ലേഖകൻUpdated: Wednesday Sep 13, 2023


തിരുവനന്തപുരം
സോളാർ ലൈംഗിക പീഡന പരാതിയിൽ എൽഡിഎഫിനേയും സർക്കാരിനേയും പ്രതിക്കൂട്ടിൽ കയറ്റാനുള്ള വ്യഗ്രതയിൽ സ്വന്തം വാദങ്ങൾ തള്ളിയും മാറ്റിയും മറിച്ചും മാധ്യമങ്ങളും പ്രതിപക്ഷവും. പുതുപ്പള്ളിയിലെ സ്വാഭാവിക വിജയത്തിൽ യുഡിഎഫിനെ ആകാശത്തോളം ഉയർത്താനുള്ള അമിതാവേശത്തിലാണ്‌ മനോരമയും മാതൃഭൂമിയുമടക്കം വൈരുധ്യങ്ങളുടെ കഥാഘോഷയാത്ര നടത്തുന്നത്‌. നിയമസഭയിൽ സോളാർ വിഷയത്തിലുള്ള അടിയന്തരപ്രമേയം ചർച്ചക്കെടുത്തതിലൂടെ പ്രതിപക്ഷത്തിനേറ്റ ജാള്യം മറച്ചുവയ്ക്കാൻ കൂടിയാണിത്‌.

ഉമ്മൻചാണ്ടിയുടെ കാലത്ത്‌ കോൺഗ്രസ്‌ നേതാക്കൾ പരാതിക്കാരിയുമായി നടത്തിയ എല്ലാ ഇടപാടുകളും ഫോൺ സംഭാഷണങ്ങളും ശിവരാജൻ കമീഷൻ റിപ്പോർട്ടിലുണ്ട്‌.  ഇവ വീണ്ടും ചർച്ചചെയ്യാനും പ്രതിപക്ഷം അവസരമൊരുക്കി. 2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വന്ന്‌ മൂന്നാം ദിവസം ദല്ലാൾ നന്ദകുമാറിനൊപ്പം പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടുവെന്ന കള്ളം ആവർത്തിക്കുന്നു. തന്നെ വന്ന്‌ കാണാനുള്ള ധൈര്യം ദല്ലാൾ നന്ദകുമാറിനുണ്ടാകില്ലെന്ന്‌ പഴയ അനുഭവം ഓർമിപ്പിച്ച്‌ മുഖ്യമന്ത്രി വിശദമാക്കിയിട്ടും അതവസാനിപ്പിച്ചിട്ടില്ല. അധികാരത്തിലെത്തി മൂന്നാം മാസമാണ്‌ പരാതി തന്റെ മുന്നിലെത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

  ചില മൊഴികളിൽ അതിയായ വിശ്വാസവും മറ്റുചില മൊഴികളെ അവഗണിക്കുകയുമാണ്‌ മാധ്യമങ്ങൾ. ദുരാരോപണങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനായി കെ ബി ഗണേഷ്‌കുമാറിനെ ചാരി കഥകൾ സൃഷ്ടിക്കുന്നവർ അദ്ദേഹം നൽകിയ മൊഴി അവഗണിക്കുന്നു. ഉമ്മൻചാണ്ടിക്കെതിരെ ഗണേഷ്‌ മൊഴി നൽകിയിട്ടില്ലെന്ന്‌ സിബിഐ റിപ്പോർട്ടിൽ വ്യക്തമാണ്‌.

മനോരമ പറയുന്നു:
–- സിപിഐ എം നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ്‌ 50 ലക്ഷം രൂപ നൽകി ദല്ലാൾ നന്ദകുമാർ പരാതിക്കാരിയിൽനിന്ന്‌ കത്ത്‌ വാങ്ങിയത്‌ എന്ന്‌ ഒന്നാം പേജ്‌. അകത്തെ പേജിൽ പറയുന്നു: 2016 മാർച്ചിൽ ദല്ലാൾ നന്ദകുമാർ രണ്ടു കത്തുമായി ചാനലിന്റെ കൊച്ചി ഓഫീസിലെത്തി. ഏപ്രിൽ ഒന്നിന്‌ കൊച്ചി ലേഖകനും പരാതിക്കാരിയും ദല്ലാളും  ചാനലിന്റെ തിരുവനന്തപുരം ഓഫീസിൽ എത്തുന്നു. രണ്ടു കത്തും പരാതിക്കാരിയെ കാണിച്ചു. രണ്ടും പൂർണമല്ലെന്ന്‌ പരാതിക്കാരി പറയുന്നു. ഉമ്മൻചാണ്ടിയുടെ പേരുള്ള 25 പേജ്‌ കത്ത്‌ ചാനൽ വാർത്തയാക്കുന്നു.

(ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആണ്‌ 50 ലക്ഷം രൂപ നൽകി കത്ത്‌ കൈക്കലാക്കിയതെന്ന്‌ സിബിഐ റിപ്പോർട്ടിൽ പറയുന്ന കാര്യം മുക്കി)
–- അഡ്വ. ഫെനി ബാലകൃഷ്ണൻ വഴി ബാലകൃഷ്ണപിള്ളയാണ്‌ പരാതിക്കാരിയുടെ കത്ത്‌ കൈവശപ്പെടുത്തിയത്‌. ഗണേഷ്‌കുമാർ ദൂതർവഴിയാണ്‌ കത്ത്‌ കൈവശപ്പെടുത്തിയത്‌.

–- എല്ലാത്തിനും പിന്നിൽ സിപിഐ എം ആണ്‌ എന്ന്‌ തറപ്പിച്ച്‌ ഒന്നാം പേജിൽ പറയുന്നു. ഉൾപ്പേജിലാകട്ടെ, ആരാണ്‌ കത്തിന്‌ 50 ലക്ഷം വിലയിട്ടത്‌, ആരാണ്‌ പേജുകൾ കൂട്ടിച്ചേർത്തത്‌ ? എന്ന ചോദ്യങ്ങളുയർത്തുന്നു.

–- സിപിഐ എം വിഭാഗീയതയുടെ കാലത്ത്‌ പരാമർശിക്കപ്പെട്ട ദല്ലാൾ നന്ദകുമാർ എങ്ങിനെ അധികാരത്തിന്റെ ഇടനാഴിയിലെത്തി ? (പിണറായിക്കെതിരായ വിഭാഗീയ നീക്കങ്ങൾക്ക്‌ പിന്നിൽ ദല്ലാളുണ്ടായിരുന്നുവെന്ന്‌ മുമ്പ്‌ റിപ്പോർട്ട്‌ ചെയ്തവരാണ്‌ ഇവർ)

–- ഏഴ്‌ മാസത്തിനിടെ പരാതിക്കാരി സിബിഐക്ക്‌ നൽകിയ രണ്ട്‌ മൊഴി പരസ്പര വിരുദ്ധം. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയും സ്റ്റാഫും മറ്റുസന്ദർശകരും ഉള്ളപ്പോൾ ക്ലിഫ്‌ ഹൗസിലെത്തിയ തന്നെ, മുറിയടക്കാൻ ടെനിജോപ്പനോട്‌ നിർദേശിച്ചശേഷം പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യ മൊഴി. അടച്ചിട്ട വാതിൽ തള്ളിത്തുറന്ന്‌ വന്ന പി സി ജോർജ്‌ പീഡനം കണ്ടെന്ന്‌ രണ്ടാമത്തെ മൊഴി. (പത്രസമ്മേളനം നടത്തി പറഞ്ഞ പീഡനകഥ അതേപടി സിബിഐക്ക്‌ മൊഴി നൽകിയിരുന്നുവെങ്കിൽ ഉമ്മൻചാണ്ടിയുടെ അറസ്റ്റിലേക്ക്‌ നയിച്ചേനെ എന്ന്‌ പിന്നീട്‌ പി സി ജോർജ്‌ പറഞ്ഞത്‌ മുക്കി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top