25 April Thursday

‘ഞങ്ങൾക്കൊപ്പം ഉണ്ടാകണം’ ആരോഗ്യപ്രവർത്തകരോട്‌ പൂന്തുറ നിവാസികൾ ; പൂക്കൾ വിതറി വരവേൽപ്പ്‌

സ്വന്തം ലേഖികUpdated: Monday Jul 13, 2020


തിരുവനന്തപുരം
കനൽവഴികളല്ല, ഇത്തവണ പൂന്തുറയിൽ ആരോഗ്യപ്രവർത്തകരെ കാത്തിരുന്നത്‌ ആദരവിന്റെ പൂക്കൾ. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കുണ്ടായ അനിഷ്ടകരമായ അനുഭവങ്ങൾക്ക്‌ തീരദേശത്തിന്റെ മറുപടിയായിരുന്നു ആ നറുപുഷ്‌പങ്ങൾ. രാഷ്‌ട്രീയ തിമിരം ബാധിച്ച ഒരുകൂട്ടർ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾക്ക്‌ പൂന്തുറക്കാരുടെ ഹൃദയത്തിന്റെ ഭാഷയിലുള്ള ക്ഷമാപണമായി  അത്‌. പൂച്ചെണ്ടുകൾ ഏറ്റുവാങ്ങുമ്പോഴും ആരോഗ്യപ്രവർത്തകർ‌ ഒന്നേ പറഞ്ഞുള്ളൂ–- ‘ഒരു മീറ്റർ അകലം, പ്ലീസ്‌...’ 

‘വേദനാജനകമായ അനുഭവമുണ്ടായതിൽ മാപ്പുചോദിക്കുന്നു. ഞങ്ങളെ സഹായിക്കാൻ എത്തിയവരാണ്‌ നിങ്ങൾ. എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്‌’–-അനുമോദനത്തിന്‌ നേതൃത്വം നൽകിയ പൂന്തുറ ഇടവക വികാരി ഫാ. അന്തോണി അടിമൈ ബെബിൻസൺ പറഞ്ഞു. സംഭവത്തിൽ പൂന്തുറ നിവാസികളുടെയെല്ലാം ദുഃഖത്തിനു പരിഹാരമാണ്‌ ആദരമെന്ന്‌ -സിപിഐ എം ലോക്കൽ സെക്രട്ടറി ആന്റോ സുരേഷ്‌ പറഞ്ഞു. പൂന്തുറയിലൂടെ ഒരു കേരള മാതൃകകൂടിയാണ്‌ സൃഷ്ടിക്കപ്പെട്ടത്‌.

ഡോക്ടർമാർ ഉൾപ്പെടെ പന്ത്രണ്ടോളം ആരോഗ്യപ്രവർത്തകരെയാണ്‌ പ്രദേശവാസികൾ സ്വീകരിച്ചത്‌. വെള്ളിയാഴ്‌ചയാണ്‌ കോവിഡ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച്‌ ഒത്തുകൂടിയ ഒരുകൂട്ടർ ആരോഗ്യപ്രവർത്തകരെ തടഞ്ഞുവച്ചത്‌. വ്യാജവാർത്ത നൽകി ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചശേഷമാണ്‌ ആരോഗ്യ പ്രവർത്തകർക്കുനേരെ തിരിഞ്ഞത്‌. എന്നിട്ടും ട്രിപ്പിൾ ലോക്‌ഡൗണിൽപ്പെട്ട, അതിവ്യാപനമുള്ള പ്രദേശമായ പൂന്തുറ നിവാസികൾക്ക്‌ എല്ലാ സഹായവും ഒരുക്കുകയായിരുന്നു ആരോഗ്യപ്രവർത്തകർ.

അഭിനന്ദിച്ച്‌ മുഖ്യമന്ത്രി
ആരോഗ്യപ്രവർത്തകരെ ആദരിച്ച പൂന്തുറ നിവാസികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പൂക്കൾ വിതറി ആരോഗ്യപ്രവർത്തകരെ വരവേൽക്കുന്ന കാഴ്ച ആഹ്ലാദവും ആശ്വാസവും നൽകിയെന്ന്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു. അതിവ്യാപന (സൂപ്പർസ്‌പ്രെഡ്‌)ത്തെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കോവിഡ്- പ്രതിരോധപ്രവർത്തനങ്ങളിൽ തുടക്കംമുതൽ മികച്ച രീതിയിൽ സഹകരിക്കുന്നവരായിരുന്നു. ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി പ്രവർത്തനങ്ങളുടെ താളംതെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണമനസ്സോടെ ആരോഗ്യപ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ. സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top